Sorry, you need to enable JavaScript to visit this website.

മൂന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി നാലരലക്ഷത്തിനു വിറ്റു, സ്ത്രീയും മക്കളും പിടിയില്‍

ഹൈദരാബാദ്- സ്‌കൂളില്‍നിന്ന് എട്ടു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി വിറ്റ സംഭവത്തില്‍ സ്ത്രീയും മക്കളും അറസ്റ്റില്‍. ഭദ്രാചലത്തിലെ സ്വകാര്യ സ്‌കൂളില്‍നിന്നാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ട് വയസുകാരനെ ജനുവരി ആറിന് തട്ടിക്കൊണ്ടുപോയി രാജമുണ്ട്രിയിലെ ഒരു കുടുംബത്തിന് വിറ്റത്.
കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂളിനു സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്  തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ കണ്ടൂല അന്നപൂര്‍ണ, മകള്‍ അനുഷ, മകന്‍ സായിറാം എന്നിവരാണെന്ന് കണ്ടെത്തി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് കുട്ടിയെ രാജമുണ്ട്രിയിലെത്തിച്ച് ബി തുളസി എന്ന ഏജന്റ് മുഖേന നാലര ലക്ഷം രൂപയ്ക്ക് സ്‌നേഹലത, ഐസക് ഗുന്നം എന്നീ ദമ്പതികള്‍ക്ക് വിറ്റതായി കണ്ടെത്തി. 50,000 രൂപയാണ് തുളസിക്ക് കമ്മീഷനായി നല്‍കിയത്.
മൂന്നുപേരെയും ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് ഭദ്രാചലം എഎസ്പി രോഹിത് രാജ് പറഞ്ഞു. കുട്ടിയെ വാങ്ങിയ ദമ്പതികളെയും ഏജന്റിനെയും അറസ്റ്റ് ചെയ്തതായും എഎസ്പി വെളിപ്പെടുത്തി.
അന്നപൂര്‍ണയും അനുഷ്‌കയും സായിറാമും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയുമായി ഇവര്‍ സൗഹൃദത്തിലായത്. തുടര്‍ന്ന് കുട്ടിയുടെ വിശ്വാസം നേടിയതിനുശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അന്നപൂര്‍ണയില്‍ നിന്ന് 3.10 ലക്ഷം രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്ത പോലീസ് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News