ചൈനയില്‍ ഒരു മാസത്തിനിടെ  കോവിഡ് ബാധിച്ച് 60,000 മരണം 

ബെയ്ജിംഗ്-ചൈനയില്‍ ഒരു മാസത്തിനിടെ കോവിഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത് 60,000 മരണം. ഡിസംബര്‍ ആദ്യം കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പുറത്തുവിടുന്ന പ്രധാന കണക്കാണിത്.
ഡിസംബര്‍ 8 മുതല്‍ ഈ മാസം 12 വരെ രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട 59,938 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന് കീഴിലുള്ള ബ്യൂറോ ഒഫ് മെഡിക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ ജിയാവോ യഹൂയ് പറഞ്ഞു.
5,503 പേര്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മരിച്ചത്. 54,435 പേര്‍ മറ്റ് രോഗങ്ങള്‍ സങ്കീര്‍ണമായതോടെയാണ് മരിച്ചത്.
ആരോഗ്യ കേന്ദ്രങ്ങളില്‍ രേഖപ്പെടുത്തിയ മരണങ്ങളുടെ മാത്രം ഡാറ്റയാണിത്. അതുകൊണ്ട് തന്നെ ഇക്കാലയളവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കും. ശരിയായ കോവിഡ് കണക്കുകള്‍ പുറത്തുവിടാത്തതിന് ചൈനയ്‌ക്കെതിരെ ലോകാരോഗ്യ സംഘടനയും യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. അതേ സമയം, കോവിഡ് ബാധ മൂലമുള്ള ശ്വാസകോശ പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിക്കുന്നവരെ മാത്രമേ കോവിഡ് മരണങ്ങളായി ഔദ്യോഗിക രേഖകളില്‍ കണക്കാക്കൂ എന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.  


 

Latest News