കയ്‌റോ- ഈജിപ്തിലെ സീനായില്‍നിന്ന് ഐ.എസ് അനുകൂലികളെ പുറന്തള്ളാന്‍ ഈജിപ്ത് പട്ടാളം വ്യാപകമായി വീടുകള്‍ തകര്‍ത്തു. സീനായി ഉപദ്വീപിലെ വടക്കന്‍ ഭാഗങ്ങളില്‍ ഐ.എസിനെ അനുകൂലിക്കുന്ന പ്രാദേശിക തീവ്രവാദികള്‍ സജീവമാണ്. ഇവര്‍ക്കെതിരായ സൈനിക നടപടിയുടെ ഭാഗമായാണ് വീടുകള്‍ തകര്‍ക്കുന്നതെന്ന് അന്താരാഷ്ട്ര പൗരാവകാശ ഗ്രൂപ്പ് വെളിപ്പെടുത്തി.
വടക്കന്‍ സീനായില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വ്യാപകമായ സൈനിക നടപടി ആരംഭിച്ചത്. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഈജിപ്ത് സൈന്യത്തിനെതിരായ ആക്രമണം നടത്തിയിരുന്നത്. പടിഞ്ഞാറന്‍ മരുഭൂമി മുതല്‍ ലിബിയന്‍ അതിര്‍ത്തി വരെ സൈനിക നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരി ഒമ്പതിനു ശേഷമാണ് വടക്കന്‍ സീനായി പ്രവശ്യയില്‍ വീടുകളും വ്യാപാര കെട്ടിടങ്ങളും കൃഷി ഫാമുകളും ഈജിപ്ത് സൈന്യം വ്യാപകമായി നശിപ്പിച്ചു തുടങ്ങിയതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമി തകര്‍ത്തു, 3000 വീടുകളും വാണിജ്യ കെട്ടിടങ്ങളും തകര്‍ത്തു. ജനുവരിയിലാണ് 600 കെട്ടിടങ്ങള്‍ നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സീനായിലെ കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനു പുറമെ അവിടേക്കുളള ഭക്ഷ്യവസ്തുക്കളുടെ നീക്കം തടഞ്ഞുവെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മിഡീസ്റ്റ് ഡയരക്ടര്‍ സാറ ലിയാ വിറ്റ്‌സണ്‍ പറഞ്ഞു.
സീനായി പട്ടണങ്ങളായ അല്‍ അരീഷ്, റഫാഹ് പട്ടണങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷാ സോണുകളും കടന്ന് കെട്ടിടങ്ങള്‍ തകര്‍ക്കുന്നുണ്ട്. ഗാസ അതിര്‍ത്തിയിലെ ഭൂഗര്‍ഭ ടണല്‍ ഭീകരര്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ഈജിപ്ത് രണ്ട് ബഫര്‍ സോണുകള്‍ക്ക് രൂപം നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഈജിപ്ത പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ ആക്രമിക്കാന്‍ ഐ.എസുകാര്‍ ശ്രമിച്ച അല്‍ അരീഷ് എയര്‍പോര്‍ട്ടിനു ചുറ്റുമുള്ള വീടുകളും ഒലീവ് മരങ്ങളും സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടുണ്ട്.