Sorry, you need to enable JavaScript to visit this website.

പ്രദർശനമേളയിൽ താരമായി കെ.എസ്.ഇ.ബിയുടെ വൈദ്യുത കാർ

കണ്ണൂർ - സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള 'പൊൻകതിർ' പ്രദർശനമേളയിൽ താരമായി വൈദ്യുത കാർ. സംസ്ഥാന വിദ്യുച്ഛക്തി ബോർഡാണ് ജനങ്ങൾക്ക് അത്ര പരിചിതമല്ലാത്ത വൈദ്യുത കാർ പ്രദർശനത്തിൽ അവതരിപ്പിച്ചത്. പ്രദർശനത്തിലെ കെ.എസ്.ഇ.ബി സ്റ്റാളിനു പുറത്താണ് കാർ പ്രദർശനത്തിനു വെച്ചത്. 
ഇന്ത്യൻ വാഹന നിർമാണ കമ്പനിയായ മഹീന്ദ്രയുടെ വൈദ്യുത കാറുകൾ നിർമ്മിക്കുന്ന യൂണിറ്റായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡാണ്  ഇ.ടു.ഒ എന്ന കാർ നിർമ്മിച്ചിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ കൊണ്ടുള്ള അന്തരീക്ഷ മലിനീകരണവും വാഹനങ്ങൾ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദമലിനീകരണവും കുറയ്ക്കാനായി വൈദ്യുതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്രയുടെ വൈദ്യുത കാറിന് കെ.എസ്.ഇ.ബി പിന്തുണ നൽകുന്നത്. 
പ്രവർത്തിക്കുമ്പോൾ ശബ്ദം തീരെ ഉണ്ടാകുന്നില്ല എന്നതാണ് ഇ.ടു.ഒയുടെ പ്രത്യേകത. നാലുപേർക്ക് സുഖമായി സഞ്ചരിക്കാവുന്ന കാർ ഒരു തവണ പൂർണ്ണമായി ചാർജ് ചെയ്താൽ 140 കിലോമീറ്റർ ദൂരം ഓടും. കാറിന്റെ ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ ആറുമണിക്കൂറാണ് വേണ്ടത്. കാറുകൾ വീടുകളിൽ നിന്നു തന്നെ ചാർജ് ചെയ്യാൻ സാധിക്കുമെങ്കിലും പൊതു ഇടങ്ങളിൽ കാറുകൾ റീച്ചാർജ് ചെയ്യാനുള്ള ചാർജിംഗ് ബൂത്തുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് ബോർഡ്.   
നിലവിൽ ആറ് വൈദ്യുത കാറുകളാണ് വി കെ.എസ്.ഇ.ബി വാങ്ങിയിട്ടുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലായി രണ്ടു വീതം കാറുകൾ ഉണ്ട്. പെട്രോൾ പമ്പിന്റെ മാതൃകയിൽ ചാർജിംഗ് ബൂത്തുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ കൂടുതൽ വൈദ്യുത കാറുകൾ വാങ്ങുകയും ഇവ കുറഞ്ഞ വാടകയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. വൈദ്യുത കാറിന് പുറമെ പഴശ്ശി വൈദ്യുത പദ്ധതിയുടെ നിശ്ചലമാതൃക, 110 കെ.വി. സബ് സ്റ്റേഷന്റെ പ്രവർത്തന മാതൃക എന്നിവയും പ്രദർശന മേളയിൽ വൈദ്യുത വകുപ്പ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോദിവസവും സ്റ്റാളിൽ പ്രദർശിപ്പിക്കുന്ന വൈദ്യുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ ശരിയുത്തരം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനവും നൽകുന്നുണ്ട്.

 

Latest News