ആംബുലന്‍സിന് പണമില്ലാതെ മൃതദേഹവുമായി നടന്നവരെ സഹായിച്ചു; സംഘടനാ നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത- ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച  അമ്മയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാന്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് മകനും ഭര്‍ത്താവും മൃതദേഹം തോളിലേറ്റി നടന്നത് കിലോമീറ്ററുകള്‍. ജയ്പാല്‍ഗുരി ജില്ലയിലാണ് സംഭവം.

ക്രാന്തി ബ്ലോക്കിലെ നാഗര്‍ദാംഗി പ്രദേശത്തെ രാം പ്രസാദ് ദിവാനാണ് അമ്മയുടെ മൃതദേഹവുമായി ജല്‍പായ്ഗുരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടന്നത്. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സേവനത്തിന് മൂവായിരം രൂപയാണത്രെ ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് അച്ഛനും മകനും ചേര്‍ന്ന് മൃതദേഹം തോളില്‍ ചുമന്ന് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

രാം പ്രസാദിന്റെ അമ്മ ലക്ഷ്മിറാണി ദിവാനെ (72) ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ജല്‍പായ്ഗുരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച മരിക്കുകയും ചെയ്തു. 

രണ്ടുപേര്‍ മൃതദേഹവും ചുമന്നുകൊണ്ടു നടക്കുന്നത്  ശ്രദ്ധയില്‍ പെട്ട പ്രദേശത്തെ സന്നദ്ധ സംഘടനാ ഭാരവാഹി അങ്കുര്‍ ദാസ് ഉടന്‍ മോര്‍ച്ചറി ആംബുലന്‍സ് എത്തിച്ചു നല്‍കുകയായിരുന്നു. അപ്പോഴേക്കും നിരവധി കിലോമീറ്ററുകള്‍ രാംപ്രസാദും വൃദ്ധനായ അച്ഛനും മൃതദേഹവും ചുമന്ന് നടന്നിരുന്നു. 

സംഭവം വിവാദമായതോടെ പ്രാദേശിക ആംബുലന്‍സ് ഓര്‍ഗനൈസേഷന്റെ തലവന്‍ ദിലീപ് ദത്ത ദാസിന്റെ എന്‍. ജി. ഒയ്‌ക്കെതിരെ ജയ്പാല്‍ഗുരി കോട്വാലി പോലീസില്‍ പരാതി നല്‍കി. ബോധപൂര്‍വ്വം നടത്തിയ നാടകമാണ് സംഭവമെന്നും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണിതെന്നും ആരോപിച്ചായിരുന്നു യുവാവിനെ സഹായിച്ച അങ്കുര്‍ദാസിനെതിരെ പരാതി നല്‍കിയത്.

സംഭവത്തില്‍ കേസെടുത്ത പോലീസ് അങ്കുര്‍ദാസിനെ അറസ്റ്റു ചെയ്തു.

Tags

Latest News