ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ  പാണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു  

വടകര- മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ എടച്ചേരി പാണാറത്ത് കുഞ്ഞിമുഹമ്മദ് (89) അന്തരിച്ചു. എം എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പാണാറത്ത്   ചുരുങ്ങിയ കാലം സോഷ്യലിസ്റ്റ് ചേരിയിലുണ്ടായിരുന്നു. പിന്നീട് മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. 30 വര്‍ഷത്തോളം മുസ്‌ലിം ലീഗ് നാദാപുരം മണ്ഡലം പ്രസിഡന്റായിരുന്നു. വടകര താലൂക്ക് ഭാരവാഹിയായും, സംസ്ഥാന കമ്മി അംഗമായും പ്രവര്‍ത്തിച്ചു. 1965 ല്‍ നാദാപുരത്ത് നിന്നും 1985 ല്‍ പെരിങ്ങളത്ത് നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 1977ല്‍ മേപ്പയൂര്‍ മണ്ഡലത്തില്‍ നിന്നാണ് എം എല്‍ എ യായത്. താലൂക്കില്‍ മുസ്‌ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ സജീവമായി പങ്കെടുത്തു. നാദാപുരം സംഘര്‍ഷ സമയങ്ങളില്‍ പൂര്‍ണ്ണ സമയ സമാധാന പ്രവര്‍ത്തകനായിരുന്നു.  ലീഗ് പിളര്‍ന്നപ്പോള്‍ ഇന്ത്യന്‍ യൂനിയന്‍ ലീഗ് പക്ഷത്ത് അദ്ദേഹം നിലയുറപ്പിച്ചു. വടക്കേ മലബാറില്‍ മിക്ക നേതാക്കളും മറുപക്ഷത്തായിരുന്നു. അഖിലേന്ത്യാ ലീഗിന്റെ പ്രമുഖ സാരഥി യശശരീരനായ എ.വി അബ്ദുറഹിമാന്‍ ഹാജിയുടേയും പാണാറത്തിന്റേയും തട്ടകം ഒന്ു തന്നെ. ഇപ്പോള്‍ കുറ്റ്യാടി ആയി മാറിയ മേപ്പയ്യൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇരുവരും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ് വളരെ വാശിയേറിയതായിരുന്നു. 

Latest News