Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിവില്‍ സര്‍വീസ് നിയമനങ്ങളില്‍ ആര്‍എസ്എസ് കൈകടത്തല്‍; പ്രധാമന്ത്രിയുടെ നീക്കം വിവാദത്തില്‍

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിലെ ഏറ്റവും ഉന്നത ഉദ്യോഗങ്ങളിലേക്ക് കഴിവുറ്റവരെ തെരഞ്ഞെടുക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ലഭിക്കുന്ന റാങ്കിനനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുന്ന നിലവിലെ രീതി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വിവാദമാകുന്നു. ഏറ്റവും കടുത്ത പരീക്ഷയെന്നറിയപ്പെടുന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനമാക്കി ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് തുടങ്ങിയ ഉന്നത സര്‍വീസുകള്‍ തെരഞ്ഞെടുക്കാനുള്ള ഉദ്യോഗാര്‍ത്ഥികളുടെ അവസരം ഇല്ലാതാക്കി പകരം 15 ആഴ്ച നീണ്ടു നില്‍ക്കുന്ന ഒരു ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തി ഇതിന്റെ മാര്‍ക്ക് അടിസ്ഥാനത്തില്‍ നിയമനം നല്‍കാനാണു പദ്ധതി. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് പുതിയ നീക്കത്തിനു പിന്നില്‍. ഉദ്യോഗസ്ഥ പരിശീലന വകുപ്പില്‍ നിന്നും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലേക്കെല്ലാം ഇതു സംബന്ധിച്ച നിര്‍ദേശം പോയിട്ടിട്ടുണ്ട്്. 

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുസോറിയിലെ ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്‌ട്രേഷനിലാണ് പരിശീലനം. റാങ്കിനനുസരിച്ച് ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സര്‍വീസുകളിലേക്ക് എടുത്ത ശേഷം അക്കാഡമിയില്‍ 15 ആഴ്ചത്തെ പ്രാഥമിക കോഴ്‌സ് നല്‍കുകയും ഇതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട സര്‍വീസില്‍ തുടര്‍ പരിശീലനം നല്‍കുകയും ചെയ്തു പോരുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇതിനു പകരം അക്കാഡമിയിലെ 15 ആഴ്ചത്തെ പ്രാഥമി കോഴ്‌സിനു ശേഷം ഇതിലെ പ്രകടനം കൂടി വിലയിരുത്തി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍വീസുകളും കേഡറുകളും നിശ്ചിയിക്കുന്ന പുതിയ രീതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഈ നീക്കം ആര്‍എസ്എസിന്റെ ആളുകളെ ആവശ്യമുള്ളിടത്ത് നിയമിക്കാന്‍ അവസരമൊരുക്കുന്ന നീക്കമാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാണെന്നും ഇവരുടെ അവകാശം ആര്‍ എസ് എസ് ഹനിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഓഫീസര്‍മാരെ ആര്‍എസഎസിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയമിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രസര്‍വീസിലേക്ക് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള മെരിറ്റ് പട്ടിക പുതിയ മാനദണ്ഡം ഉപയോഗിച്ച് അട്ടിമറിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. 

പ്രിലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നീ കടുപ്പമേറിയ മൂന്ന് പരീക്ഷാ ഘട്ടങ്ങളിലൂടെ വിജയകരമായി കടന്നു വരുന്നവരാണ് സിവില്‍ സര്‍വീസില്‍ ഉന്നത റാങ്കുകള്‍ നേടുന്നത്. ഇവരെ ഏതു സര്‍വീസിലേക്ക് നിയമിക്കണമെന്ന് പൂര്‍ണമായും ബോധ്യപ്പെടാന്‍ ഈ പരീക്ഷകള്‍ മതിയാവില്ലെന്നാണ് ഫൗണ്ടേഷന്‍ കോഴ്‌സിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഈ കോഴ്‌സ് കൂടി പൂര്‍ത്തിയാക്കിയ ശേഷമെ ശരിയായ സര്‍വീസും കേഡറും നിശ്ചിയിക്കാന്‍ സാധിക്കൂവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഈ നീക്കം അക്കാദമിയെ പാദസേവകരുടെ വിളനിലമാക്കി മാറ്റുമെന്ന് മറ്റു ചില മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഫൗണ്ടേഷന്‍ കോഴ്‌സ് വിവിധ സര്‍വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു ആശ്വാസ കാലമാണ്. കടുത്ത മത്സരപരീക്ഷയിലുടെ കടന്നു വന്ന ശേഷം ഇവിടെ ഇവരെ വീണ്ടും മത്സരിപ്പിക്കുന്നത് ശരിയായ നടപടിയെല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
 

Latest News