Sorry, you need to enable JavaScript to visit this website.

വിമാനത്താവളത്തില്‍ കാണാതായ യുവാവ് സൗദി ജയിലില്‍; നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചു

റിയാദ്- വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് പാസെടുത്ത ശേഷം കാണാതായ പത്തനംതിട്ട സ്വദേശിയെ ജയിലില്‍ കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബോര്‍ഡിംഗ് പാസെടുത്ത ശേഷം കാണാതായ പന്തളം സ്വദേശി വിപിന്‍ ബാലനെയാണ് റിയാദ് നാര്‍ക്കോട്ടിക് ജയിലില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സ്‌പോണ്‍സറുടെയും ഇടപെടലില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി ഇദ്ദേഹത്തെ ജാമ്യത്തിലിറക്കി. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കേസിന്റെ മറ്റു നടപടികള്‍ കൂടി പൂര്‍ത്തിയാക്കുമെന്ന് ഇദ്ദേഹത്തെ സഹായിക്കാന്‍ രംഗത്തുള്ള റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇദ്ദേഹം ബോര്‍ഡിംഗ് പാസ് എടുത്തിരുന്നു. ഇക്കാര്യം സ്‌പോണ്‍സറെയും നാട്ടിലെ ബന്ധുക്കളെയും അറിയിച്ചു. പിന്നീട് ഇമിഗ്രേഷനില്‍ ചെന്നപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരില്‍ കേസുണ്ടെന്ന് കണ്ടെത്തിയത്. നാലു വര്‍ഷം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തിയതാണ് കേസ്. എന്നാല്‍ ഇക്കാര്യത്തെ പറ്റി തനിക്ക് യതൊരു അറിവുമില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഉടന്‍ തന്നെ ജയിലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അജ്ഞാതമായ കേസില്‍ താന്‍ പോലീസ് പിടിയിലാണെന്ന ഒരു സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. അവര്‍ സ്‌പോണ്‍സറെയും കെഎംസിസി സാമൂഹിക പ്രവര്‍ത്തകരെയും അറിയിച്ചു. തുടര്‍ന്നാണ് മോചനത്തിന് വഴി തുറന്നത്.
നാലുവര്‍ഷം മുമ്പ് റിയാദില്‍ മറ്റൊരു സ്‌പോണ്‍സറോടൊപ്പം ഹൗസ് െ്രെഡവറായി ഇദ്ദേഹം ജോലി ചെയ്തുവരികയായിരുന്നു. റെന്റ് എ കാറായിരുന്നു ഇദ്ദേഹം ഓടിച്ചിരുന്നത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഈ കാര്‍ ഒരു ദിവസം രാത്രി മോഷണം പോയി. മോഷണം സംബന്ധിച്ച് പിറ്റേന്ന് രാവിലെ സ്‌പോണ്‍സറോടൊപ്പം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പോലീസില്‍ ഇവര്‍ ഒരു അന്വേഷണവും തുടര്‍ന്നു നടത്തിയിരുന്നില്ല. അതിനിടെ വാഹനം മോഷണം പോയ കാരണത്താല്‍ ഇനി ജോലിയില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ഇദ്ദേഹത്തെ ഫൈനല്‍ എക്‌സിറ്റടിച്ച് നാട്ടിലയച്ചു. ഏതാനും മാസത്തിനുശേഷം ഇദ്ദേഹം പുതിയ വിസയില്‍ തിരിച്ചെത്തുകയായിരുന്നു.
കാണാതായ കാര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടതായാണ് വിവരം. പോലീസ് കാര്‍ പരിശോധിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ ഇഖാമയാണ് ലഭിച്ചത്. ഇതനുസരിച്ചാണ് തന്റെ പേരില്‍ കേസെടുത്തിരിക്കുന്നതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് വിപിന്‍ മലയാളം ന്യൂസിനോട് പറഞ്ഞു.
ഇന്ത്യന്‍ എംബസി കേസില്‍ ഇടപെടാന്‍ ഏല്‍പ്പിച്ചത് പ്രകാരം എംബസി വളണ്ടിയര്‍ കൂടിയായ സിദ്ദീഖ് തുവ്വൂര്‍ ഗള്‍ഫ് എയറില്‍ അന്വേഷിച്ചപ്പോള്‍ ബോര്‍ഡിംഗ് പാസ് എടുത്തിട്ടുണ്ടെങ്കിലും യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് സ്‌പോണ്‍സറോടൊപ്പം പൊതുസുരക്ഷ വകുപ്പില്‍ അന്വേഷണം നടത്തി. അപ്പോഴാണ് ജയിലില്‍ ഉള്ള വിവരം ലഭിച്ചത്. കേസ് ഇദ്ദേഹം സൗദിയില്‍ ഇല്ലാത്തപ്പോഴുണ്ടായതാണെന്നും നിരപരാധിയാണെന്നും സ്‌പോണ്‍സറും സിദ്ദീഖും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ് ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് കേസിന്റെ ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.
ഇഖാമ കോപ്പിയോ ഇഖാമയോ അലക്ഷ്യമായി ഉപേക്ഷിക്കരുതെന്നും ദുരുപയോഗം ചെയ്‌തേക്കാമെന്നും സിദ്ദീഖ് തുവ്വൂര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News