ന്യൂദല്‍ഹി- രാജ്യത്ത് കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം സംജാതമായിരിക്കുകയാണെന്നും 2019ല്‍ പൊതു തെരഞ്ഞെടുപ്പ് വരുന്ന പശ്ചാത്തലത്തില്‍ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ ഇടയലേഖനം വിവാദമായി. കത്തോലിക്ക സഭയുടെ ദല്‍ഹിയിലെ എല്ലാ ചര്‍ച്ച് വികാരികള്‍ക്കുമായി മേയ് എട്ടിനാണ് ആര്‍ച്ച്ബിഷപ്പ് പ്രത്യേക കത്തയച്ചത്. ബിജെപിയും ആര്‍എസ്എസുമാണ് ബിഷപ്പിന്റെ ഇടയ ലേഖനം വിവാദയമാക്കിയത്.
രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ ആഴ്ചയും രാജ്യത്തിനു വേണ്ടി ഒരു ദിവസം ഉപവാസം അനുഷ്ഠിക്കണമെന്നും ഈ ഇടയ ലേഖനം ഞായറാഴ്ച പള്ളികളില്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയായ ഒരു രാഷ്ട്രീയ കലുഷിതാന്തരീക്ഷമാണ് നാമിപ്പോള്‍ സാക്ഷികളായിരിക്കുന്നത്. രാജ്യത്തിനു വേണ്ടിയും രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നത് നാം എല്ലായ്‌പ്പോഴും ചെയ്തുവരുന്ന പുണ്യകര്‍മമാണ്. പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന ഘട്ടങ്ങളില്‍. 2019ല്‍ നമുക്ക് പുതിയൊരു സര്‍ക്കാരുണ്ടാകും. അതിനു വേണ്ടി നമുക്ക് മേയ് 13 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനാ ആചരണം തുടങ്ങാം, ഇടയ ലേഖനം പറയുന്നു. ഇതോടൊപ്പം ചര്‍ച്ചുകളില്‍ വായിക്കേണ്ട പ്രാര്‍ത്ഥനയും ആര്‍ച്ച് ബിഷപ്പ് തയാറക്കി നല്‍കിയിട്ടുണ്ട്.
ഈ പ്രാര്‍ത്ഥനയ്ക്കു പിന്നില്‍ രാഷ്ട്രീയ പ്രേരണകളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ സാധാരണ ചെയ്യാറുള്ളതാണെന്നും ആര്‍ച്ച്ബിഷപ്പിന്റെ ഓഫീസ് വ്യക്തമാക്കുന്നു.
ഇതിനെതിരെ ബിജെപി നേതാക്കളും ആര്‍എസ്എസും മാത്രമാണ് രംഗത്തു വന്നിട്ടുള്ളതെന്നും ശ്രദ്ധേയമാണ്. ഈ ഇടയലേഖനം ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനു നേര്‍ക്കുള്ള സഭയുടെ പ്രത്യക്ഷ ആക്രമണമാണെന്ന് ആര്‍ എസ് എസ് നേതാവ് രാകേഷ് സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരിക്കുമ്പോള്‍ ക്രിസ്തീയ സഭകള്‍ക്കും അവരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍ക്കും മതപരിവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര ഫണ്ട് ലഭിക്കുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.
സമുദായങ്ങലേയും ജാതികളേയും ഇത്തരത്തില്‍ ഇളക്കി വിടുന്നത് തെറ്റായ നടപടിയാണെന്ന് ബിജെപി വക്താവ് ശൈന എന്‍ സി പ്രതികരിച്ചു. മോഡി സര്‍ക്കാര്‍ ജാതി മത വേലിക്കെട്ടുകള്‍ തകര്‍ത്ത് വിവേചനമില്ലാത്ത ഭരണമാണ് നടത്തുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചു.