റിയാദ്- സൗദി അറേബ്യയിലെ സ്വപ്‌ന നഗരമായി വികസിക്കുന്ന നിയോമിലേക്ക് ആവശ്യമായ നിര്‍മിത ബുദ്ധിയില്‍ മാത്രമല്ല, കാപ്പികൃഷിലും നല്ല കാപ്പി തയാറാക്കുന്നതിലും സൗദി യുവാക്കള്‍ ഉയര്‍ന്ന പരിശീലനം പൂര്‍ത്തിയാക്കുന്നു. സൗദിയിലെ കാപ്പി അന്താരാഷ്ട്ര തലത്തില്‍ പുതിയ സ്ഥാനം പിടിച്ചുവരുന്നതിനിടയിലാണ് യുവാക്കളെ ഈ രംഗത്ത് സജ്ജമാക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങള്‍.
കാപ്പി തയ്യാറാക്കുന്നത് എങ്ങനെയെന്ന് സൗദികളെ പരിശീലിപ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ പിന്തുണയോടെ ആരംഭിച്ച പരിപാടിയില്‍ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ ബിരുദം നേടി.
കാപ്പി കൃഷി, സംസ്‌കരണം, വറുക്കല്‍, പൊടിക്കല്‍, വാറ്റിയെടുക്കല്‍ എന്നിവയിലാണ് പെണ്‍കുട്ടികളടക്കം 20 വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയത്.
മൂന്ന് മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ ബിരുദധാരികള്‍ കാപ്പി വ്യവസായത്തിലെ വിവിധ ജോലികളില്‍ പ്രവേശിക്കുകയും ചെയ്തു. ഈ മാസം ആരംഭിക്കുന്ന കോഴ്‌സിന്റെ രണ്ടാം പതിപ്പിലേക്ക് പുതിയ വിദ്യാര്‍ത്ഥികളുടെ സംഘം ചേരും. സൗദി അറേബ്യയുടെ സാംസ്‌കാരിക മന്ത്രാലയം അതിന്റെ പാചക കല കമ്മീഷന്‍ വഴി ട്രെയിനിംഗ് പ്രോഗ്രാമിനെ പിന്തുണച്ചു. അറേബ്യന്‍ കോഫി ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് കൊണ്ടാണ് ഇത് നടപ്പിലാക്കിയത്.
പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിഷയങ്ങളുടെയും കഴിവുകളുടെയും വൈവിധ്യം എടുത്തു പറയേണ്ടതാണെന്നും അതീവ സന്തുഷ്ടനാണെന്നും പരിശീലനം പൂര്‍ത്തിയാക്കിയ ബിരുദധാരികളിലൊരാളായ അസീല്‍ സാക്കി അന്‍ബുല്‍ പറഞ്ഞു. തൊഴില്‍ വിപണിയില്‍ മികവ് പുലര്‍ത്താനും ഉപഭോക്താക്കള്‍ക്ക് ആസ്വാദ്യകരമായ കോഫി അനുഭവം നല്‍കാനുമുള്ള കഴിവാണ് ആര്‍ജിച്ചിരിക്കുന്നതെന്ന്് അസീല്‍ കൂട്ടിച്ചേര്‍ത്തു.
യുവാക്കളെയും യുവതികളെയും ഈ മേഖലയില്‍ വിജയിക്കാന്‍ ആവശ്യമായ വൈദഗ്ധ്യം നല്‍കുന്ന പരിശീലന പരിപാടികള്‍ നല്‍കുന്നതിന് അറേബ്യന്‍ കോഫി ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പരിശീലന പരിപാടി നടപ്പിലാക്കിയ കമ്മ്യൂണിറ്റി ജമീല്‍ സൗദിയിലെ സംരംഭകത്വ, സാമൂഹിക സംരംഭങ്ങളുടെ ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുള്‍ ഗഫാര്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും കഫേകളിലും ജോലി ചെയ്യാന്‍ കൂടി ഇവരെ പ്രാപ്തരാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി സംസ്‌കാരത്തിന്റെ പ്രധാന ഘടകമാണ് കാപ്പി. രാജ്യത്തിന് സമ്പന്നമായ കഫേ സംസ്‌കാരവുമുണ്ട്. അതുകൊണ്ടുതന്നെ ഈ വ്യവസായം അതിവേഗത്തിലാണ് വളരുന്നത്. ദിവസേന പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നുണ്ട്. രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തും യെമനിലുമാണ് കാപ്പി ഉത്ഭവിച്ചതെങ്കിലും ഇപ്പോള്‍ സൗദിയുടെ എല്ലാ ഭാഗത്തും അത് ജനതയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി തീര്‍ന്നിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)