Sorry, you need to enable JavaScript to visit this website.

കോവിഡിനും പ്രവാസികളെ തളര്‍ത്താനായില്ല,  2022ല്‍ ഇന്ത്യയിലേക്ക് അയച്ചത് 100 ബില്യണ്‍ ഡോളര്‍ 

ഇന്‍ഡോര്‍-കോവിഡിനെതുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ വിദേശത്തേയ്ക്ക് മടങ്ങില്ലെന്ന പ്രവചനം തെറ്റി. പ്രവാസികള്‍ മടങ്ങിപ്പോയെന്നു മാത്രമല്ല അവര്‍ ഇന്ത്യയിലേയ്ക്ക് അയച്ച പണത്തിലും വലിയ വര്‍ധനയുണ്ടായി.
2022ല്‍ പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യണ്‍ ഡോളര്‍(8,17,915 കോടി രൂപ). ഒരു വര്‍ഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വര്‍ധനവാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
എന്‍ആര്‍ഐക്കാര്‍ ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍മാരാണെന്നും ഇന്ത്യയിലെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും മന്ത്രി പ്രവാസികളോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ ചെറുതും വലുതുമായ വ്യവസായങ്ങളില്‍ പങ്കാളികളാകണം. അതുവഴി പ്രവാസികളുടെ സംരംഭകത്വ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും രാജ്യത്തിന്റെ വികസനത്തിന് അത് ആക്കംകൂട്ടുമെന്നും അവര്‍ പറഞ്ഞു.
കോവിഡിനെതുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ വിദേശത്തേയ്ക്ക് മടങ്ങില്ലെന്നാണ് പലരും കരുതിയത്. അവര്‍ തിരിച്ചുപോയെന്നുമാത്രമല്ല, ഒരുവര്‍ഷത്തിനുള്ളില്‍ നാട്ടിലേയ്ക്ക് കൂടുതല്‍ തുക അയച്ചു.
ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുകയെന്ന നയത്തിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ പ്ലസ് നയമാണ് ലോകം ഇപ്പോള്‍ പിന്തുടരുന്നതെന്നും ചൈനയ്ക്കും യൂറോപ്പിനും പുറത്ത് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കഴിയുന്ന രാജ്യമായി ബഹുരാഷ്ട്ര കമ്പനിക്കുമുമ്പില്‍ സര്‍ക്കാര്‍ ഇന്ത്യയെ അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിവര സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ടെക്നോളജി, ഓട്ടോമൊബൈല്‍സ്, ചിപ്പ് ഡിസൈനിങ്, ഫാര്‍മ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള വൈദഗ്ധ്യം ചൂണ്ടിക്കാട്ടിയ അവര്‍ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണെന്നും വ്യക്തമാക്കി.

Latest News