ലംബോര്‍ഗിനി ഉറൂസിന്  കേരളത്തിലും ആവശ്യക്കാരേറെ 

ഇറ്റാലിയന്‍ സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കളായ ഓട്ടോമൊബിലി ലംബോര്‍ഗിനി ഈ വര്‍ഷം ഇന്ത്യയില്‍ ലക്ഷ്യമിടുന്നത് 2017നേക്കാള്‍ ഇരട്ടിയിലേറെ വില്‍പന.  കഴിഞ്ഞവര്‍ഷം 26 ആത്യാഡംബര സൂപ്പര്‍ സ്‌പോര്‍ട്‌സ് കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്. ലംബോര്‍ഗിനി നിര്‍മ്മിച്ച ലോകത്തെ ആദ്യ സൂപ്പര്‍ ലക്ഷ്വറി എസ്.യു.വിയായ ഉറൂസ് ഇക്കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയിലെത്തിയിരുന്നു.  പ്രതീക്ഷിച്ചതിലേറെ ബുക്കിംഗാണ് ഉറൂസിന് ഇന്ത്യയില്‍ ലഭിക്കുന്നതെന്നും ഉറൂസിന്റെ പിന്‍ബലത്തില്‍ 2020നകം ഇന്ത്യയിലെ വില്‍പന 100ലേറെ യൂണിറ്റുകളായി ഉയര്‍ത്തുമെന്നും ലംബോര്‍ഗിനി ഇന്ത്യാ മേധാവി ശരദ് അഗര്‍വാള്‍ പറഞ്ഞു. 2018ലേക്കും 2019ന്റെ ആദ്യപാദമായ ജനുവരി  മാര്‍ച്ചിലേക്കുമുള്ള ഉറൂസിന്റെ ബുക്കിംഗ് പൂര്‍ണമായി കഴിഞ്ഞു. ഇപ്പോള്‍ 2019ന്റെ രണ്ടാംപാദത്തിലേക്കുള്ള ബുക്കിംഗ് നടക്കുകയാണ്. 
കേരളത്തില്‍ നിന്നും മികച്ച ബുക്കിംഗ് ലഭ്യമായിട്ടുണ്ട്. സെപ്തംബര്‍ മുതല്‍ വാഹനത്തിന്റെ വിതരണം ആരംഭിക്കും. ബുക്കിംഗിന് ശേഷം ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് ഇപ്പോള്‍ കാത്തിരിപ്പ് സമയം. മൂന്നു കോടി രൂപയാണ് എക്‌സ് ഷോറൂം വില. അത്യാഡംബര ഫീച്ചറുകള്‍ക്ക് പുറമേ അതിമനോഹരമായ രൂപകല്‍പനയും  ഉന്നത പ്രകടനവും ഇതിനെ വ്യത്യസ്ഥമാക്കുന്നു. വാഹനത്തിന്റെ ഉയരം ക്രമീകരിക്കാമെന്നതും ഏത് നിരത്തുകള്‍ക്കും ഇണങ്ങിയ ഡ്രൈവിംഗ് മോഡുകളുണ്ടെന്നതും മറ്റ് വിശേഷങ്ങളാണ്. ലോകത്ത് ഏറ്റവും ഉയര്‍ന്ന കസ്റ്റംസ്  നികുതി ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും ലംബോര്‍ഗിനിയുടെ വില്‍പനയെ  അത് ബാധിച്ചിട്ടില്ല. മാതൃരാജ്യമായ ഇറ്റലിയിലാണ് ലംബോര്‍ഗിനി മോഡലുകളുടെ നിര്‍മ്മാണം. 
 

Latest News