Sorry, you need to enable JavaScript to visit this website.

നിർമലമായ കലയിൽ വിഷം ചേർക്കുന്നവരെ സമൂഹം കരുതിയിരിക്കണം; കോഴിക്കോടൻ കലോൽസവ വിഭവങ്ങൾ

വിഭവങ്ങളെന്തെല്ലാമെന്ന് തീരുമാനിച്ച് മുൻകൂട്ടി ടെൻഡർ ചെയ്താണ് കലോൽസവത്തിന്റെ ഊട്ടുപുരയിലെ ഭക്ഷണക്രമം തീരുമാനിക്കുന്നത്. ഇതനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിത്തുടങ്ങിയതിന് ശേഷം നോൺവെജില്ലെന്ന് പറയുന്നതിന്റെ സാമാന്യ യുക്തി നിരാശാജനകം തന്നെ. അടുത്ത കലോൽസവത്തിന് നോൺവെജ് വേണമെന്ന് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരൻമാർക്കുമുണ്ടെന്നത് പോലെ മെനു എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സർക്കാരിനുമുണ്ട്. കേരളത്തിൽ നോൺവെജ് ഭക്ഷണം കഴിക്കുന്നത് മുസ്‌ലിംകൾ മാത്രമല്ലെന്നും പൂർണ വെജിറ്റേറിയൻമാർ ഹിന്ദുക്കൾ മാത്രമല്ലെന്നുമുള്ള യാഥാർഥ്യം നിലനിൽക്കേ ഈ വിവാദത്തെയും മതവുമായി കൂട്ടിക്കെട്ടുന്നവർ ലക്ഷ്യമിടുന്നത് വർഗീയ സ്പർധ തന്നെ. നിർമലമായ കലയിൽ വിഷം ചേർക്കുന്നവരെ സമൂഹം കരുതിയിരിക്കേണ്ടതുണ്ട്.
 

കലയുടെ വിഭവസമൃദ്ധമായ സദ്യ വിളമ്പി സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് കോഴിക്കോട്ട് തിരശ്ശീല വീണു. കേരളത്തിലെയും അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക തുടങ്ങിയ പ്രദേശങ്ങളിലെയും കലാരൂപങ്ങൾ അരങ്ങിൽ അവതരിപ്പിക്കപ്പെട്ടു. ഏഷ്യയിൽ ഏറ്റവും വലിയ കലാമേള അറുപത്തിയൊന്ന് വർഷം പിന്നിട്ടുവെന്നത് ചെറിയ കാര്യമല്ല. കോവിഡ് കാലത്ത് രണ്ട് വർഷം നടക്കാതെ പോയ കലോൽസവം ഇത്തവണ വീണ്ടുമെത്തിയപ്പോൾ ആവേശം വാനോളമായിരുന്നു. കോഴിക്കോട്ടുകാർ മികച്ച ആതിഥേയരായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കലാസ്വാദകരെയും സ്വീകരിച്ചു. മികച്ച സംഘാടനത്തിലൂടെ, മേളക്കെത്തിയവർക്ക് ക്ലേശമൊന്നുമില്ലാതെ കോഴിക്കോട്ടെ സംഘാടക സമിതി കാര്യങ്ങൾ നിർവഹിച്ചു. കോഴിക്കോടിന്റെ ആതിഥ്യ മര്യാദ വീണ്ടുമൊരിക്കൽ കൂടി പ്രകടമായ മേളയാണ് കഴിഞ്ഞു പോയത്. കലോൽസവത്തിനെത്തുന്നവർക്കായി ഓട്ടോ ചാർജിൽ കുറവു വരുത്തി നഗരത്തിലെ ഓട്ടോ സർവീസുകൾ വരെ ഈ കലാവിരുന്നിനൊപ്പം നിന്നു. വേദികളിൽ നിന്ന് വേദികളിലേക്ക് മൽസരാർഥികൾക്ക് സഞ്ചരിക്കാൻ കലോൽസവ വണ്ടി ഇത്തവണ പുതുമയായി.


സ്‌കൂൾ കലോൽസവത്തിന്റെ പ്രാഥമിക ലക്ഷ്യം മൽസരമല്ലെന്നാണ് പറയാറുള്ളത്. മുൻവർഷങ്ങളിൽ വർധിച്ചു വന്നിരുന്ന മൽസര ബുദ്ധി കുറക്കുന്നതിനും ഇത്തവണ നടപടികളുണ്ടായി. അപ്പീലുകളുടെ എണ്ണം ഗണ്യമായി കുറച്ചത് ഇത്തവണ മേളയുടെ നടത്തിപ്പിന് സഹായകമായി. അതുകൊണ്ടു തന്നെ മൽസരങ്ങൾ യഥാസമയം പൂർത്തിയാക്കാൻ സംഘാടകർക്കായി. മുൻകാലങ്ങളിൽ നൂറുകണക്കിന് അപ്പീലുകൾ എത്തിയിരുന്നത് മേളയിലെ അനാരോഗ്യകരമായ മൽസരത്തിന്റെ സൂചനകളായിരുന്നു. ഇതിന്റെ മുനയൊടിക്കാൻ ഇത്തവണ വിദ്യാഭ്യാസ വകുപ്പിന് ഏറെക്കുറെ കഴിഞ്ഞു.
ചില മൽസരങ്ങളിലെല്ലാം മൽസരാർഥികൾ കുറഞ്ഞത് ഇത്തവണത്തെ പ്രത്യേകതയാണ്. മുൻകാലങ്ങളിൽ എല്ലാ ഇനങ്ങളിലും എല്ലാ ജില്ലകളുടെയും പ്രാതിനിധ്യമുണ്ടായിരുന്നു. ഇതിന് പുറമെ ചില ജില്ലകളിൽ നിന്ന് അപ്പീലുകൾ വഴി അധികമായി മൽസരാർഥികളും പങ്കെടുക്കുമായിരുന്നു. എന്നാൽ ഇത്തവണ എട്ട് ഇനങ്ങളിൽ പതിനാല് മൽസരാർഥികൾ പോലും ഉണ്ടായില്ലെന്നത് സംഘാടകരെയും കലാസ്വാദകരെയും അദ്ഭുതപ്പെടുത്തി. സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ പങ്കെടുക്കുകയെന്നത് സർഗ വാസനയുള്ള കുട്ടികളുടെ സ്വപ്‌നമാണ്. ഇതിനുള്ള അവസരം കുട്ടികൾ നഷ്ടപ്പെടുത്തില്ലെന്നിരിക്കേയാണ് എല്ലാ ജില്ലകൾക്കും പ്രാതിനിധ്യമില്ലാതെ ചില മൽസരങ്ങൾ നടന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇത് ജില്ലകളിൽ നിന്നുള്ള ടീം മേധാവികളുടെ അശ്രദ്ധ മൂലമാണുണ്ടായതെന്നാണ് കരുതേണ്ടത്. സ്‌കൂൾ തലത്തിലും സബ്ജില്ല തലങ്ങളിലുമെല്ലാം മൽസരങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് കലോൽസവങ്ങളുടെ ചുമതലയുള്ള അധ്യാപകരുടെ ഉത്തരവാദിത്തമാണ്. താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി കലോൽസവത്തിൽ മൽസരിപ്പിക്കേണ്ടത് അവരാണ്. വിജയികൾ അടുത്ത തലങ്ങളിൽ മൽസരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമുണ്ട്. കഴിവുള്ള കുട്ടികൾ ഏറെയുണ്ടായിട്ടും മൽസരിക്കാൻ ആളില്ലാതെ വന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരിശീലനത്തിന്റെ കുറവാണ് കാരണമെങ്കിൽ അത് നൽകാൻ സംവിധാനം വേണം. സാമ്പത്തിക പരാധീനതകളാണ് കാരണമെങ്കിൽ ബന്ധപ്പെട്ട സ്‌കൂൾ പി.ടി.എകൾ മുൻകൈയെടുത്ത് അത് പരിഹരിക്കണം.
കോഴിക്കോട്ട് കലോൽസവം പൊതുജന ശ്രദ്ധ നേടിയത് മേൽപറഞ്ഞ കാര്യങ്ങൾ കൊണ്ടൊന്നുമല്ല. രണ്ട് വിവാദങ്ങളാണ് ഈ മേളയോടൊപ്പം വളർന്നത്. ഒന്നാമത്തേത്, മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിലെ ഭീകരവാദി വേഷത്തെ കുറിച്ചാണ്. രണ്ടാമത്തേത്, മേളയിലെ ഊട്ടുപുരയിൽ നോൺവെജ് വിഭവങ്ങൾ വിളമ്പാത്തതിനെ ചൊല്ലിയും. കലാമൽസരങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഈ രണ്ട് വിവാദങ്ങളും പൊതുസമൂഹത്തിൽ ഏറെ റീച്ച് കിട്ടിയ ചർച്ചകളാണ്. മതവിശ്വാസവുമായി കൂട്ടിയിണക്കി ഈ വിവാദങ്ങൾ വളർന്നതോടെ കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത് പതിനായിരങ്ങൾ. അഞ്ചു നാൾ നീണ്ടുനിന്ന കലാമേളയിൽ പങ്കെടുത്ത വിദ്യാർഥികളുടെ സർഗ ചൈതന്യത്തേക്കാൾ ചിലർക്കെങ്കിലും വലുതായിരുന്നു ഈ വിവാദങ്ങൾ. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം...


സംഗീത ശിൽപത്തിൽ അവതരിപ്പിക്കപ്പെട്ട തീവ്രവാദിയുടെ വേഷത്തിന് മുസ്‌ലിം മതവിഭാഗത്തിന്റെ വേഷവുമായി സാമ്യമുണ്ടായതിന് പിന്നിലെ കറുത്ത കരങ്ങൾ ആരുടേതാണെന്ന ചർച്ച ഇപ്പോഴും പുരോഗമിക്കുകയാണ്. വിവിധ മുസ്‌ലിം സമുദായ സംഘടന നേതാക്കളും ഈ വേഷത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കലക്കു വേണ്ടി ഒരു തീവ്രവാദിയെ വേഷമണിയിക്കുമ്പോൾ ആ കലാകാരന്, സാമൂഹ്യ യാഥാർഥ്യങ്ങളെ കുറിച്ചുള്ള സാമാന്യ ബോധം ആവശ്യമാണ്. അക്രമിയും തീവ്രവാദിയുമൊക്കെ വേഷങ്ങളായി മുൻകാലങ്ങളിൽ വേദിയിലെത്തിയിരുന്നത് കറുത്ത മുഖംമൂടി ധരിച്ചാണ്. എന്നാൽ ഇന്ന് അത് ഒരു സമുദായത്തിന്റെ, ചില പ്രദേശങ്ങളിലെ, വസ്ത്രരീതിയുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു വേഷവിധാനം സംവിധാനിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പൊതുജനാഭിപ്രായത്തെപ്പറ്റി കലാകാരൻ ബോധവാനാകേണ്ടതുണ്ട്. മറിച്ച് സംവിധായകന്റെ രാഷ്ട്രീയമാണ് അതിലൂടെ പ്രകടിപ്പിക്കുന്നതെങ്കിൽ, അത് സമൂഹത്തിൽ വിഷവിത്തുകൾ വിതയ്ക്കാൻ വേണ്ടി തന്നെയെന്നും മനസ്സിലാക്കേണ്ടതുണ്ട്.
നോൺ വെജ് വിവാദവും കലോൽസവത്തിന്റെ ഊട്ടുപുരയിൽ നിന്ന് പുറത്തേക്കും വ്യാപിച്ചിരിക്കുന്നു. കോഴിക്കോട്ട് നടന്നത് തീറ്റ മൽസരമാണോ എന്ന് പോലും സംശയിപ്പിക്കുന്ന വിധത്തിലാണ് വിവാദത്തിന്റെ പോക്ക്. സ്‌കൂൾ കലോൽസവത്തിന്റെ ഭക്ഷണ മെനു തയാറാക്കുന്നത് വിദ്യാഭ്യാസ വകുപ്പാണ്. കാലങ്ങളായി മേളയിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പിവരുന്നു. ഇത്തവണ നോൺവെജ് വേണമെന്ന ആവശ്യം പൊടുന്നനെ ഉയരുകയായിരുന്നു.

നേരത്തെ നോൺവെജ് വിളമ്പിയിരുന്നില്ലെന്നും പെട്ടെന്നൊരു ദിവസം നിർത്തലാക്കിയതല്ലെന്നുമുള്ള സാമാന്യമായ അറിവ് ഇല്ലാത്തവരായിരിക്കാം ഈ വിവാദം കുത്തിപ്പൊക്കിയതിന് പിന്നിൽ. വിഭവങ്ങളെന്തെല്ലാമെന്ന് തീരുമാനിച്ച് മുൻകൂട്ടി ടെൻഡർ ചെയ്താണ് കലോൽസവത്തിന്റെ ഊട്ടുപുരയിലെ ഭക്ഷണക്രമം തീരുമാനിക്കുന്നത്. ഇതനുസരിച്ച് വെജിറ്റേറിയൻ ഭക്ഷണം വിളമ്പിത്തുടങ്ങിയതിന് ശേഷം നോൺവെജില്ലെന്ന് പറയുന്നതിന്റെ സാമാന്യ യുക്തി നിരാശാജനകം തന്നെ. അടുത്ത കലോൽസവത്തിന് നോൺവെജ് വേണമെന്ന് ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം എല്ലാ പൗരൻമാർക്കുമുണ്ടെന്നത് പോലെ മെനു എന്തായിരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യം സർക്കാരിനുമുണ്ട്. കേരളത്തിൽ നോൺവെജ് ഭക്ഷണം കഴിക്കുന്നത് മുസ്‌ലിംകൾ മാത്രമല്ലെന്നും പൂർണ വെജിറ്റേറിയൻമാർ ഹിന്ദുക്കൾ മാത്രമല്ലെന്നുമുള്ള യാഥാർഥ്യം നിലനിൽക്കേ ഈ വിവാദത്തെയും മതവുമായി കൂട്ടിക്കെട്ടുന്നവർ ലക്ഷ്യമിടുന്നത് വർഗീയ സ്പർധ തന്നെ. നിർമലമായ കലയിൽ വിഷം ചേർക്കുന്നവരെ സമൂഹം കരുതിയിരിക്കേണ്ടതുണ്ട്.

 

Latest News