Sorry, you need to enable JavaScript to visit this website.

കടൽ ആസ്വദിക്കാം, പട്ടം പറത്താം, കൈറ്റ് ബീച്ച് ഒരുങ്ങുന്നു

ടൂറിസം മേഖലയിൽ അതിവേഗം മുന്നോട്ടു കുതിക്കുന്ന കാസർകോട് ജില്ലക്ക് മുതൽകൂട്ടാകാൻ ഹൊസ്ദുർഗിൽ കൈറ്റ് ബീച്ച് ഒരുങ്ങുന്നു. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ബീച്ച് ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. വടക്ക് തലപ്പാടി മുതൽ തെക്ക് തയ്യിൽ കടപ്പുറം വരെയായി 85 കിലോമീറ്റർ നീണ്ടുകിടക്കുന്ന കടൽതീരങ്ങൾ ജില്ലയുടെ ടൂറിസം മേഖലയുടെ മുഖമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഹൊസ്ദുർഗ് ബീച്ച് കൈറ്റ് ബീച്ചായി വികസിപ്പിക്കുന്നത്. തീരദേശ പാതയോട് ചേർന്നു കിടക്കുന്ന കടപ്പുറങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുവാൻ ഇത്തരം ബീച്ചുകളുടെ നവീകരണം ഏറെ പ്രയോജനപ്പെടും. ഡി.ടി.പി.സിയുടെ നേതൃത്വത്തിലാണ് കൈറ്റ് ബീച്ച് നിർമാണം.
കൈറ്റ് ബീച്ച് യാഥാർഥ്യമാകുന്നതോടെ ജില്ലയുടെ വിനോദ സഞ്ചാര രംഗത്തെ പുതിയ മാറ്റത്തിനാണ് വഴിയൊരുങ്ങുന്നത്. ബീച്ചിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കരകൗശല വസ്തുക്കളുടെ വിൽപന ശാല, ഭക്ഷണ ശാല എന്നിവ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക വിശ്രമ മുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ് എന്നിവയും ഇവിടെ ഒരുക്കി. കൂടാതെ  തീരദേശ ഭംഗി ആസ്വാദിക്കാൻ കഴിയും വിധമുള്ള ഇരിപ്പിടങ്ങളും ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം ഭാവിയിൽ കുട്ടികൾക്കായുള്ള കളിസ്ഥലം ഒരുക്കാനും സെൽഫി പോയന്റ് തുടങ്ങിയവ നിർമിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്. കടൽ തീരത്തിന്റെ സ്വാഭാവികത നിലനിർത്തി ബീച്ച് അനുഭവം കൂടുതൽ സുന്ദരമാക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
പട്ടം പറത്തൽ രംഗത്ത് നിരവധി മത്സരങ്ങൾ ജില്ലയിൽ നടന്നുവരുന്നുണ്ട്. വർഷങ്ങളായി ബേക്കൽ ബീച്ച് കേന്ദ്രീകരിച്ചാണ് പട്ടം പറത്തൽ മത്സരങ്ങൾ  നടന്നു വരുന്നത്. ഹൊസ്ദുർഗ് കൈറ്റ് ബീച്ച് പൂർത്തിയാകുന്നതോടെ പട്ടം പറത്തൽ മത്സരങ്ങളടക്കം ഇവിടെ നടത്താനാകും. 
ഇതുവഴി കൂടുതൽ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കണക്കൂകൂട്ടുന്നത്. പട്ടം പറത്തൽ ഉൾപ്പെടെ ബീച്ചിനെ ഉൽസവ പ്രതീതിയിലാക്കുന്ന പരിപാടികളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടമായി വാട്ടർ സ്‌പോർട്‌സിനുള്ള സൗകര്യങ്ങളും ഒരുക്കാൻ ഡി.ടി.പി.സി പദ്ധതിയിടുന്നു.
കൈറ്റ് ബീച്ച് നിർമാണത്തിന്റെ 80 ശതമാനത്തോളം പ്രവൃത്തികൾ പൂർത്തിയായിക്കഴിഞ്ഞു.  98.74 ലക്ഷം രൂപയാണ് കൈറ്റ് ബീച്ച് പദ്ധതിക്കായി അനുവദിക്കപ്പെട്ടത്. നിർമിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിർമാണച്ചുമതല. നിർമാണം പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് നടത്തിപ്പിനായി നൽകാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.

Latest News