Sorry, you need to enable JavaScript to visit this website.

സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാര്‍ കിട്ടിയില്ല,  വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി

ഗാസിയാബാദ്- സ്ത്രീധനമായി ഫോര്‍ച്യൂണര്‍ കാര്‍ കിട്ടിയില്ല, വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറി. സ്ത്രീധനമായി ആവശ്യപ്പെട്ട ഫോര്‍ച്യൂണര്‍ കാറിനു പകരം വധുവിന്റെ വീട്ടുകാര്‍ വാഗണര്‍ കാര്‍ നല്‍കിയതാണ് വരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി വധുവിന് ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗവ. കോളേജ് അധ്യാപകനായ സിദ്ധാര്‍ത്ഥ് വിഹാര്‍ ആണ് ഫോര്‍ച്യൂണര്‍ കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വെച്ചത്. 2022 ഒക്ടോബര്‍ 10നാണ് വധുവിന്റെ വീട്ടുകാര്‍ ഇരുവര്‍ക്കും വിവാഹ സമ്മാനമായി ഒരു വാഗണര്‍ കാര്‍ ബുക്ക് ചെയ്തത്. ഇതറിഞ്ഞ വരന്‍ തന്റെ ഒരു ബന്ധുവിനെ വധുവിന്റെ വീട്ടിലേക്ക് അയച്ചു. തനിക്ക് ഫോര്‍ച്യൂണര്‍ കാറാണ് ഇഷ്ടമെന്നും അത് വാങ്ങി നല്‍കണമെന്നും അറിയിച്ചു.
ടൊയോട്ട കമ്പനി നിര്‍മിക്കുന്ന ഫോര്‍ച്യൂണര്‍ കാറിന് ഏകദേശം 35 ലക്ഷം രൂപ വില വരും. മാരുതിയുടെ വാഗണറിന് ഏതാണ്ട് ഏഴ് ലക്ഷം രൂപയാണ് വില. വലിയ വിലയായതിനാല്‍ വധുവിന്റെ വീട്ടുകാര്‍ ഫോര്‍ച്യൂണര്‍ വാങ്ങാന്‍ തയ്യാറായില്ല. ഇതില്‍ ക്ഷുഭിതനായ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നെന്ന് വധുവിനെ ടെക്സ്റ്റ് മെസേജ് അയക്കുകയായിരുന്നു.  ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. വധുവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് പോലീസ് കേസ് എടുത്തത്.

Latest News