Sorry, you need to enable JavaScript to visit this website.

കാണാതായ വീട്ടമ്മയെയും  മൂന്ന് പെൺമക്കളെയും കണ്ടെത്തി

കൊണ്ടോട്ടി- ദുരൂഹ സാഹചര്യത്തിൽ കാണാതായ വീട്ടമ്മയെയും മൂന്ന് പെൺമക്കളെയും മൂന്നാഴ്ചക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിയ ഇവരെ സംബന്ധിച്ച വിവരം സ്‌നേഹിത പ്രവർത്തകർ പോലീസിന് കൈമാറുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 30ന് കരിപ്പൂർ പുളിയംപറമ്പിൽ നിന്നാണ് സൗദാബി (37), മക്കളായ ഷാദിയ (17), മുസിക്കിന (6), ഹാനിയ (4) എന്നിവരെ കാണാതായത്. സൗദാബിയുടെ മൂത്ത മകൻ നൽകിയ പരാതിയിൽ കരിപ്പൂർ പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തി വരികയായിരുന്നു. നേരത്തെ പരിചയപ്പെട്ട, തിരുവനന്തപുരം ബീമാപള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ ഫ്‌ളാറ്റിലായിരുന്നു ഇവർ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്നു തീവണ്ടിയിൽ കോഴിക്കോട്ടെത്തിയ ഇവർ സ്‌നേഹിതയിലെത്തുകയായിരുന്നു.
സ്‌നേഹിത പ്രവർത്തകർ ഇവരെ സംബന്ധിച്ച വിവരം നടക്കാവ് പോലീസിൽ അറിയിച്ചു. തുടർന്ന് നടക്കാവിൽ പോയി കരിപ്പൂർ പോലീസ് നാലു പേരെയും കൊണ്ടുവന്നു. നാലു പേരെയും കോടതിയിൽ ഹാജരാക്കിയതായി എസ്.ഐ കെ.ബി.ഹരികൃഷ്ണൻ പറഞ്ഞു.
വീട്ടമ്മയെയും മക്കളെയും കാണാതായത് പോലീസിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് ഇവരെ കണ്ടെത്താനായത്. മൊബൈൽ ഫോൺ പോലും എടുക്കാതെയാണ് ഇവർ വീടു വിട്ടിറങ്ങിയത്. ബീമാപള്ളി കേന്ദ്രീകരിച്ചും പോലീസ് ഇവർക്കു വേണ്ടി അന്വേഷണം നടത്തിയിരുന്നു. സുഹൃത്തിന്റെ ഫ്‌ളാറ്റിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ പോലീസിന് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
വീടിനടുത്ത് ചെറളപ്പാലത്ത് നിന്ന് ഓട്ടോറിക്ഷയിൽ ഇവർ കൊണ്ടോട്ടി ഭാഗത്തേക്ക് പോകുന്നതായി ഇവിടെ സ്ഥാപിച്ച സി.സി.ടി.വിയിൽ കണ്ടെത്തിയിരുന്നു. ഇവരുടേതെന്ന് കരുതുന്ന കത്ത് വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബീമാ പളളി, ഏർവാടി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിൽ പോലീസ് നേരിട്ട് എത്തി അന്വേഷണം നടത്തി. ഈ ഭാഗങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. കുടുംബവും വിവിധ പ്രദേശങ്ങളിൽ അന്വേഷിച്ചിരുന്നു.

Latest News