സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു

കാസര്‍കോട്-കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ചെമ്മനാട് വെസ്റ്റ് ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദന്‍ അബു, സൈനബ്, ഫാത്തിമത്ത് സുഹ്റ, അഹ്മദ് സുബീര്‍, മുഹമ്മദ് റിനാദ്, ആയിഷ നുക്കീറ, ഫാത്തിമ, ആയിഷ, അഫ്രാന്‍ അഹമ്മദ്, ആമിന, ഫാത്തിമത്ത് സഹ്ബിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.  രാവിലെ ഒമ്പത് മണിയോടെ സ്‌കൂളിലേക്ക് പോകുന്നതിനിടെ ചെമ്പരിക്കയില്‍ വെച്ചാണ് സംഭവം. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടികള്‍ ആശുപത്രി വിട്ടു.

കാര്‍ അറുതടി താഴ്ചയിലേക്ക് മറിഞ്ഞു;
ലൈന്‍മാന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ബദിയടുക്ക- കാര്‍ നിയന്ത്രണം വിട്ട് അറുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ലൈന്‍മാന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പെര്‍ള കെ.എസ്.ഇ.ബി സെക്്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഉദയ(40)നാണ് പരിക്കേറ്റത്. ഉദയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ബദിയടുക്ക-പെര്‍ള റോഡിലെ കെടഞ്ചിയിലാണ് അപകടമുണ്ടായത്. ബദിയടുക്കയില്‍ നിന്ന് പെര്‍ളയിലേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഒരു വീടിന്റെ മുന്‍വശത്തെ ഷീറ്റിന് മുകളിലേക്ക് വീഴുകയും അവിടെ നിന്ന് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഉദയന്‍ പാടുപെട്ടാണ് കാറില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ആസ്പത്രിയില്‍ ചികില്‍സ തേടുകയായിരുന്നു.

പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി;
റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്- പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ പ്രതിയായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കൊളത്തുങ്കല്‍ സ്വദേശി സെബാസ്റ്റ്യനെ(32)യാണ് ആദൂര്‍ എസ്.ഐ കെ.വി മധുസൂദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി ആദൂര്‍ കുണ്ടാറില്‍ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ മദ്യലഹരിയിലേത്തിയ സെബാസ്റ്റ്യന്‍ പോലീസിനെ അസഭ്യം പറയുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News