റിയാദ് - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാക് സൈനിക മേധാവി ജനറല്‍ ആസിം മുനീറും ചര്‍ച്ച നടത്തി. അല്‍ഉലയിലെ ശൈത്യകാല തമ്പില്‍ വെച്ചാണ് കിരീടാവകാശി പാക് സൈനിക മേധാവിയെ സ്വീകരിച്ചത്. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളും പരസ്പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും പൊതുതാല്‍പര്യമുള്ള വിഷയങ്ങളും ഇരുവരും വിശകലനം ചെയ്തു.
പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, പാക് സൈനിക മേധാവിയുടെ ഓഫീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഇര്‍ഫാന്‍, പാക്കിസ്ഥാനിലെ സൗദി അംബാസഡര്‍ അമീര്‍ ഖുറം, സൗദിയിലെ പാക് എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ മുഹമ്മദ് ആസിം എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ജിസാനിൽ 50 മീറ്റർ ഉയരമുള്ള കൊടിമരം സ്ഥാപിച്ചു
ജിസാൻ- വടക്ക് ഭാഗത്തെ കടൽ തീര പാർക്കിൽ 50 മീറ്റർ ഉയരമുളള കൊടിമരം ജിസാൻ മേയർ യഹ്‌യ അൽഗസ്‌വാനി ഉദ്ഘാടനം ചെയ്തു. കടലിനോട് അഭിമുഖമായി നിൽക്കുന്നതിനാൽ ഇതൊരു പ്രധാന ലാന്റ്മാർക്കാണെന്നും പ്രദേശത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി ഈ ഏരിയ വികസിപ്പിക്കുമെന്നും മേയർ പറഞ്ഞു.
വിദേശ കമ്പനികളുമായി കരാർ, പരമാവധി പരിധി ഒരു മില്യൺ റിയാൽ
റിയാദ്- സൗദി അറേബ്യയിൽ ആസ്ഥാനം സ്ഥാപിക്കാത്ത, എന്നാൽ മധ്യപൗരസ്ത്യ ദേശത്ത് ആസ്ഥാനങ്ങളുള്ള കമ്പനികളുമായി ഒരു മില്യൺ റിയാലിലധികമുള്ള പദ്ധതികളുടെ കരാറിൽ ഒപ്പുവെക്കാൻ സൗദി സർക്കാർ അനുവദിക്കില്ല. വൻകിട കമ്പനികൾ സൗദി അറേബ്യയിലേക്ക് ഓഫീസുകൾ മാറ്റിയാൽ മാത്രമേ വൻകിട പദ്ധതികൾ അനുവദിക്കുകയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി.
സൗദിയിലെ പ്രാദേശിക പദ്ധതികളിൽ സഹകരിക്കുന്നതിനോ പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുക്കൾ വാങ്ങുന്നതിനോ എല്ലാ സർക്കാർ വകുപ്പുകളും ഈ വ്യവസ്ഥ പാലിക്കണം. സാങ്കേതികമായി സ്വീകാര്യമായ ഓഫറുകൾ സൗദി അറേബ്യയിലെ കമ്പനികളിൽ നിന്ന് ലഭിക്കാതിരിക്കുമ്പോഴോ പുറത്ത് നിന്നുള്ള കമ്പനികളിൽ നിന്ന് മികച്ച ഓഫറുകൾ 25 ശതമാനത്തിൽ താഴെ ലഭിക്കുമ്പോഴോ മാത്രമേ സൗദിയിൽ ഓഫീസുകൾ തുറക്കാത്ത വിദേശ കമ്പനികളുടെ ഓഫറുകൾ സ്വീകരിക്കാവൂ.
പ്രാദേശിക ആസ്ഥാനം ഇല്ലാത്ത കമ്പനികൾക്ക് മാത്രമേ നിശ്ചിത പദ്ധതി ഏറ്റെടുക്കാൻ സാധിക്കുകയുള്ളൂവെന്ന അവസ്ഥയിലും അത്തരം കമ്പനികൾക്ക് മാത്രമേ അടിയന്തര സാഹചര്യം നേരിടാൻ സാധിക്കുകയുള്ളൂവെന്ന അവസ്ഥയിലും വിദേശ കമ്പനികൾക്ക് പദ്ധതികൾ നൽകുന്നതിന് തടസ്സമില്ല. നിശ്ചിത സർവീസുകൾ വിദേശ കമ്പനികളിൽ മാത്രമേ ലഭിക്കുകയുള്ളൂവെങ്കിലും അവർക്ക് പദ്ധതി നൽകുന്നതിൽ വിരോധമില്ല.
ഒരു വർഷത്തിന് ശേഷം അഥവാ 19.06.1445 നാണ് വ്യവസ്ഥ നിലവിൽ വരിക. ഇതിനായി നിക്ഷേപ മന്ത്രാലയം വിദേശ വ്യാപാര അതോറിറ്റിയുമായി രൂപരേഖ തയാറാക്കിവരികയാണ്. സൗദിയിൽ പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികളുടെ ലിസ്റ്റ് വൈകാതെ മന്ത്രാലയം പ്രസിദ്ധീകരിക്കും.
വിദേശ കമ്പനികളുമായി കരാറിലേർപ്പെടുന്ന സർക്കാർ സ്ഥാപനങ്ങൾ കരാറിലൊപ്പുവെച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിന് മുന്നിൽ കാരണം ബോധിപ്പിക്കേണ്ടതുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)