Sorry, you need to enable JavaScript to visit this website.

മൂത്രമൊഴിക്കലിന് ശേഷം പുതിയ എപ്പിസോഡ്,  വിമാനത്തില്‍ മദ്യപിച്ച് ജീവനക്കാരുമായി വാക്കേറ്റം 

ന്യൂദല്‍ഹി- വിമാനത്തിനുള്ളിലെ  അതിക്രമം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ദല്‍ഹിയില്‍ നിന്ന് പട്‌നയിലേയ്ക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ചെത്തിയ മൂന്ന് യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇന്‍ഡിഗോ 6ഇ-6383 വിമാനത്തിലാണ് അതിക്രമം നടന്നത്. രണ്ട് യാത്രക്കാരുടെ പക്കല്‍ മദ്യമുള്ളതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ ഇന്‍ഡിഗോ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാര്‍ ഇവരെ പിടിച്ചുവയ്ക്കുകയും പോലീസെത്തി മദ്യപിച്ച നിലയിലായിരുന്ന രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്‍ഡിഗോ മാനേജറിന്റെ പരാതിയിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിമാനത്തിനുള്ളില്‍ അതിക്രമം കാട്ടിയ രണ്ടുപേരെ മാത്രമാണ് ജീവനക്കാര്‍ കൈമാറിയതെന്നും ഒപ്പമുണ്ടായിരുന്ന മൂന്നാമന്‍ രക്ഷപ്പെട്ടിരിക്കാമെന്നും പോലീസ് അറിയിച്ചു. പരിശോധനയില്‍ ഇരുവരും മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഇരുവരെയും കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ സഹയാത്രികന്‍ വയോധികയുടെമേല്‍ മൂത്രമൊഴിച്ച സംഭവത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂത്രമൊഴിച്ച കേസില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അമിത മദ്യലഹരിയിലായിരുന്നു ഇയാള്‍. കുഴഞ്ഞ മട്ടില്‍ പെരുമാറിയിരുന്ന ഇയാള്‍ ഉച്ചഭക്ഷണ സമയത്ത് നാല് തവണ വിസ്‌കി കഴിച്ചിരുന്നു. അതിന് മുന്‍പും മിശ്ര മദ്യപിച്ചിരിക്കാമെന്നും സഹയാത്രികര്‍ പറയുന്നു. കുശലാന്വേഷണമായി ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വിമാനത്തിലെ ലൈറ്റണച്ചപ്പോഴാണ് മിശ്ര യാത്രക്കാരിയ്ക്ക് മേല്‍ മൂത്രമൊഴിച്ചതും നഗ്‌നതാപ്രദര്‍ശനം നടത്തിയതും.
സമാനരീതിയിലെ മറ്റൊരു സംഭവത്തിന്റെ വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ വിനോദസഞ്ചാരിയായ യാത്രക്കാരന്‍ മോശമായി പെരുമാറുകയായിരുന്നു. ജനുവരി അഞ്ചിന് ദല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. വിദേശ സഞ്ചാരി എയര്‍ഹോസ്റ്റസിനെ തനിക്കൊപ്പം ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ഇയാളെ സി ഐ എസ് എഫിന് കൈമാറുകയായിരുന്നു.

            

Latest News