Sorry, you need to enable JavaScript to visit this website.

ജനാധിപത്യത്തിന്റെ ഉത്സവം

ഭരണം നേടലും നിലനിർത്തലും നിലം പതിപ്പിക്കലുമാകുന്നു ജനാധിപത്യത്തിന്റെ ഒരു ഉത്സവം. ഭരണം നേടാനും നില നിർത്താനും നിലം പതിപ്പിക്കാനും ഓരോരോ വികൃതി കാട്ടി വിജയിക്കുന്നവർ ജനാധിപത്യം വിജയിപ്പൂതാക എന്നു പെരുമ്പറ അടിക്കും.  ആ വിക്രിയയിൽ തോറ്റുപോകുന്നവരുടെ വിലാപം ജനാധിപത്യത്തിന്റെ ധ്വംസനത്തെപ്പറ്റിയായിരിക്കും. ഒരേ സന്ദർഭ വിശേഷത്തെ രണ്ടു കൂട്ടർ രണ്ടായി കാണുന്നു. ചിലർ പാമ്പെന്നു കരുതുന്നത് മറ്റു ചിലർക്ക് കയർ ആയി അനുഭവപ്പെടുന്ന അദൈ്വതമാണ് പലപ്പോഴും ജനാധിപത്യത്തിന്റെ ആഘോഷം. 
അതു തന്നെയാണല്ലോ ബംഗളൂരുവിൽ കൊണ്ടാടിയതും. ജനാധിപത്യം ജയിച്ചിരിക്കുന്നുവെന്നും നരേന്ദ്ര മോഡിയെ പാഠം പഠിപ്പിച്ചിരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറയുന്നത് കുറെയൊക്കെ ശരി തന്നെ.  അതാണല്ലോ ശരിയുടെ ശരി. എല്ലാ ശരികളും പകുതിയേ ശരിയായിരിക്കുകയുള്ളൂ. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മാറ്റി നിർത്തിയാൽ, തമ്മിൽ തല്ലി ജയിച്ചു വന്ന രണ്ടു കക്ഷികൾ കൂട്ടു കൂടി വന്നാൽ അതാകും ഭൂരിപക്ഷം.  അങ്ങനെ ഭൂരിപക്ഷം നിർമിച്ചെടുക്കാൻ, അവരിൽ ഇളയതിനെ മുഖ്യകക്ഷിയാക്കുന്നതും ജനാധിപത്യം തന്നെ. 
രാഹുൽ ഗാന്ധിയുടെ അന്തരിച്ച അച്ഛൻ മറ്റൊരു തരത്തിൽ വാദിച്ചേക്കും. സിദ്ധരാമയ്യക്ക് ബംഗളൂരുവിൽ 2018 ൽ ഉണ്ടായ ദുരന്തം രാജീവ് ഗാന്ധിക്ക് ന്യൂദൽഹിയിൽ 1989 ൽ ഉണ്ടായി.  
അന്നേ വരെ ഇന്ത്യ കാണാത്ത ഭൂരിപക്ഷവുമായി അധികാരത്തിൽ വന്നയാളാണ് രാജീവ് ഗാന്ധി. കാലാവധിയാകുമ്പോഴേക്കും അതൊക്കെ തരിപ്പണമായിപ്പോയെന്നത് ജനാധിപത്യത്തിന്റെ മറ്റൊരു ആഘോഷം.  ഭൂരിപക്ഷമില്ലാത്ത ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയപ്പോൾ, ബംഗളൂരുവിൽ യെദിയൂരപ്പ ചെയ്തതുപോലെ ജനാധിപത്യത്തിലെ മരീചിക തേടിപ്പിടിച്ച് ഒന്നു കൂടി അധികാരം കയ്യാളാൻ രാജീവ് ഒരുമ്പെട്ടില്ല. ജനം ഭൂരിപക്ഷം നിഷേധിച്ചിരിക്കുന്ന സ്ഥിതിക്ക്, ഭരണം സ്ഥാപിക്കാൻ വേറെ ആരെങ്കിലും മുന്നോട്ടു വരട്ടെ എന്നായിരുന്നു രാജീവിന്റെ നിലപാട്.  യെദിയൂരപ്പയല്ലല്ലോ രാജീവ് ഗാന്ധി. 
രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയുമായിരുന്നില്ല രാജീവ് ഗാന്ധി. തോറ്റുവെന്നു മാത്രമല്ല, അഞ്ചു കൊല്ലം മുമ്പ് കിട്ടിയതിനേക്കാൾ എത്രയോ കുറച്ച് ആട്ടിൻ കൂട്ടത്തെയേ മാടിക്കൂട്ടാൻ സിദ്ധനു സാധിച്ചുള്ളൂ. മറ്റൊരു പാർട്ടിയിലെ മറ്റൊരു അപ്പക്ക് വഴി മാറിക്കൊടുത്ത് അയ്യക്ക് ജനാധിപത്യം കൊണ്ടാടാമായിരുന്നു. അയ്യയുടെ മനോഗതം മറ്റൊന്നായിരുന്നു.  ഒന്നാമത്തെ കക്ഷിക്കെന്നല്ല, രണ്ടാമത്തെ കക്ഷിക്കെന്നല്ല, മൂന്നാമത്തെ കക്ഷിക്കെന്നല്ല, ഭൂരിപക്ഷത്തിനു വേണ്ടതിന്റെ മൂന്നിലൊന്ന് അംഗസംഖ്യ പോലുമില്ലാത്ത കുമാരസ്വാമിക്ക് അധികാരം ചാർത്തിക്കൊടുക്കുന്നതായി ഇത്തവണത്തെ ജനാധിപത്യപൂരം. വാൽ തലയും ഉടലും ആട്ടുന്നതാണ് ഈ കാഴ്ചയിലെ രസം. 
ഇതൊന്നും ജനാധിപത്യത്തിന്റെ പുതിയ മുഖമോ മുദ്രയോ അല്ല.  ഭൂരിപക്ഷ നിർമാണം നമ്മൾ ഇന്നലെയും മിനിയാന്നും തുടങ്ങിയതല്ല. ന്യൂദൽഹിയിൽ അര നൂറ്റാണ്ടു വരെ ഭരണകക്ഷിക്ക് ഭൂരിപക്ഷം ഒരു പ്രശ്‌നമായിരുന്നില്ല.  കോൺഗ്രസിനു ബദൽ ആയി ഒന്നും ഉണ്ടായിരുന്നില്ല, രാം മനോഹർ ലോഹ്യയുടെയും എസ് എ ഡാങ്കേയുടെയും മുദ്രാവാക്യങ്ങളൊഴികെ. ഇന്ത്യൻ രാഷ്ട്രീയത്തിൽ വേറിട്ടൊരു പദം പാടിപ്പതിഞ്ഞു തുടങ്ങിയ അറുപത്തേഴിനു മുമ്പ് കുറച്ചിട ഇന്ദിരയുടെ കോൺഗ്രസ് ഭൂരിപക്ഷം കൈമോശം വന്ന ഭരണകക്ഷിയായി.  സിൻഡിക്കേറ്റുമായി പൊരുതിനിന്ന ഇന്ദിരയുടെ ഭൂരിപക്ഷം വാർത്തെടുക്കാൻ അന്നൊരു മാർക്‌സിസ്റ്റ് മായാജാലം പ്രയോഗിക്കപ്പെട്ടു. സർക്കാരിനെ തുണച്ചോ എതിർത്തോ സംസാരിച്ച ശേഷം വോട്ടെടുപ്പാകുമ്പോൾ മാർക്‌സിസ്റ്റ് അംഗങ്ങൾ എങ്ങോ മണ്ടിപ്പോകും. കാരണം ഇന്ദിരയുടെ ഭൂരിപക്ഷം ചരിത്രത്തിന്റെയും ജനാധിപത്യത്തിന്റെയും ആവശ്യമായിരുന്നുപോലും.  
ചരിത്രത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ഒരു തരം അപനിർമാണം കേരളത്തിലും നടക്കുകയുണ്ടായി.  ഒരാളുടെ ഭൂരിപക്ഷത്തോടെ നിലനിൽക്കാൻ നോക്കിയ ഒന്നായിരുന്നു കെ. കരുണാകരന്റെ രണ്ടാമൂഴത്തിലെ മന്ത്രിസഭ.  അധ്യക്ഷനെ കൂട്ടാതെ, ഭരണപക്ഷവും പ്രതിപക്ഷവും സമാസമം നേരിട്ടു. വോട്ടെടുപ്പായാൽ, മറ്റുള്ളവരെല്ലാം വരച്ച വരയിൽ നിന്നിട്ടുണ്ടെങ്കിൽ, അധ്യക്ഷൻ തന്റെ വോട്ട് ഭരണപക്ഷത്തിനു നൽകി സർക്കാരിനെ പരിപാലിച്ചെടുക്കും.  
അങ്ങനെ അന്നത്തെ സ്പീക്കർ ആയിരുന്ന എ.സി ജോസിന് എപ്പോഴും കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടി വന്നു. എ. സി ജോസ് വാസ്തവത്തിൽ ആൾവേയ്‌സ് കാസ്റ്റിംഗ് ജോസ് ആണെന്ന് ഒരു വിദ്വാൻ വിലപിച്ചു. ഒരു ഇരുണ്ട സായാഹ്നത്തിൽ ലോനപ്പൻ നമ്പാടൻ സ്ഥാനം മാറിയപ്പോൾ എല്ലാം തകിടം മറിഞ്ഞു.  ആദിജലത്തിൽ ആണ്ടുപോയ വേദം പൊക്കിയെടുക്കാൻ മത്സ്യാവതാരം ഉണ്ടായതുപോലെ, നമ്പാടൻ വഴി ജനാധിപത്യ സംരക്ഷണം സംഭവിച്ചു എന്ന് ഒരു കൂട്ടർ വ്യാഖ്യാനിച്ചു. യൂദാസിനെപ്പോലെ, നമ്പാടൻ ജനാധിപത്യത്തെ ഒറ്റിക്കൊടുത്തു എന്നായിരുന്നു കരുണാകര പക്ഷത്തിന്റെ ദ്വന്ദ്വാത്മക ദർശനം.  വൈരുധ്യത്തിൽ അധിഷ്ഠിതമായ ഭൗതിക വീക്ഷണം ആരുടെയും കുത്തകയല്ലെന്ന് ലീഡർ, പതിവുപോലെ, കണ്ണിറുക്കികൊണ്ട് സമർഥിച്ചു. 
ഭൂരിപക്ഷം നിർമിച്ചെടുക്കാനുള്ള ലീഡറുടെ വിരുത് തെളിഞ്ഞു കണ്ട അവസരം അതു മാത്രമായിരുന്നില്ല. വാസ്തവത്തിൽ, അങ്ങനെയെന്തെങ്കിലും സർഗാത്മകമായ വികൃതി കാട്ടുമ്പോൾ ലീഡർ തന്റെ സ്വത്വത്തിൽ അമരുന്നത് കാണാമെന്നായിരുന്നു അനുയായികളുടെ വിശ്വാസം.  ഒരിടക്ക് രാജശിൽപി എന്ന അദ്ദേഹത്തിന്റെ ഖ്യാതി ദൽഹി വരെ തിളങ്ങി. നരസിംഹ റാവുവിനെ സിംഹാസനത്തിൽ കേറ്റിയെന്നു മാത്രമല്ല, ഭൂരിപക്ഷമില്ലാതെ അഞ്ചു കൊല്ലം അവിടെ നിലനിർത്തുകയും ചെയ്തു കരുണാകരന്റെ കൂട്ടം. ജാർഖണ്ഡിലേക്കു പോകുന്ന അദ്ദേഹത്തിന്റെ പടം ക്യാമറയിൽ പതിഞ്ഞെങ്കിലും ജാർഖണ്ഡ്മുക്തി മോർച്ചയെ ചാക്കിടാതെ പിടിച്ച കേസിലെ പ്രതിയായി അദ്ദേഹം വാഴ്ത്തപ്പെട്ടില്ല.  
ഭൂരിപക്ഷ നിർമാണത്തിനും അപനിർമാണത്തിനും അദ്ദേഹത്തിനു നൽകേണ്ട വീരശൃംഖലകൾ വേറെ എത്ര രാഷ്ട്രീയത്തിന്റെ മൂലകളിൽ തുരുമ്പ് പിടിച്ചു കിടക്കുന്നു!  ഭൂരിപക്ഷം ഉള്ളപ്പോൾ അധികാരം വിട്ടൊഴിയാൻ നിർബന്ധിക്കപ്പെടുകയായിരുന്നു പി. കെ വാസുദേവൻ നായർ. അങ്ങനെ അധികാരം ഒഴിഞ്ഞ്, ആദ്യം പൂജ്യം കളി തുടങ്ങിയാലേ കമ്യൂണിസ്റ്റ് ഐക്യം സാധ്യമാവൂ എന്നായിരുന്നു ഇ. എം. എസിന്റെ വാശി.  ആ കളിയും അവസാനം പൊളിച്ചു കരുണാകരൻ. പി കെ വി പോയാൽ തെരഞ്ഞെടുപ്പ് എന്ന കണക്കു കൂട്ടൽ കൂടിപ്പോയി. ആ അന്തരാളത്തിൽ കരുണാകരൻ പ്രതിഷ്ഠിച്ചതാണ് മുഹമ്മദ് കോയയുടെ മിനി മന്ത്രിസഭ. അതു നിലനിന്ന രണ്ടു മാസത്തിനുള്ളിൽ നടമാടിയ ഭൂരിപക്ഷ നിർമാണ കഥകൾ അനേകം!
എണ്ണിത്തിട്ടപ്പെടുത്താവുന്ന ഭൂരിപക്ഷം കാണാതെ പോകുന്ന സന്ദർഭങ്ങളും ഇല്ലാതില്ല.  കേരളത്തിലെ കഥ തന്നെ എടുക്കുക. കോയ പോയപ്പോൾ എല്ലാം പോയി എന്നു വിചാരിച്ചിരുന്നവർ അന്തം വിട്ടുനിന്നു, ഒരു സുപ്രഭാതത്തിൽ കെ. എം മാണി അധികാരമേറാൻ കവടിയാറിലെ രാജ്ഭവനിൽ എത്തിയപ്പോൾ. മാർക്‌സിസ്റ്റ് പാർട്ടിയുടെ മികച്ച പിന്തുണയോടെ, മുഖ്യമന്ത്രിയായി കോയ വിട്ടേച്ചു വീണ ഒഴിവിൽ കഴിയാം എന്നായിരുന്നു മാണിയുടെ ഗണിതം.  എണ്ണത്തിനൊരു കുറവുമുണ്ടായിരുന്നില്ല. ആ നമ്പർ ഇറക്കിയ ഇ എം എസ്, വേണ്ടിവന്നാൽ, ഭൂരിപക്ഷം അപനിർമ്മിക്കുന്നതിൽ കരുണാകരനുമായി ഒരു കൈ നോക്കാൻ പോന്ന ആളായിരുന്നു. വിവേചനമില്ലാതെ വിവേചനാധികാരം കാണിക്കുന്ന ആളായിരുന്നു ഗവർണർ ജ്യോതി വെങ്കടചെല്ലം എങ്കിൽ, ഇപ്പോൾ നിത്യനിയുക്ത മുഖ്യമന്ത്രി എന്നറിയപ്പെടുന്ന മാണിയുടെ നിയോഗം അതാകുമായിരുന്നില്ല. പക്ഷേ ഗവർണർ എണ്ണം മാത്രം കണക്കു കൂട്ടിയിരുന്ന ആളല്ല.  മാണിയെ വെറും കയ്യോടെ ഗവർണർ മടക്കിയയച്ചപ്പോൾ കരുണാകരൻ വീണ്ടും കണ്ണിറുക്കി. 
ഗവർണറും രാഷ്ട്രപതിയും വിവേചനാധികാരം ഉപയോഗിക്കുന്നതിനെയും ഉപയോഗിക്കാത്തതിനെയും പറ്റി പുരാവൃത്തം ഏറെയുണ്ട്. 
പഴയ കഥകളാണ് കൂടുതൽ രസകരം.  രാം ലാൽ എന്ന ഹരിയാനക്കാരൻ ഇടം വലം നോക്കാതെ എൻ. ടി രാമറാവുവിനെ മാറ്റി, ഭാസ്‌കര റാവുവിനെ മുഖ്യനാക്കി. എണ്ണത്തിന്റെ കണക്ക് എന്തൊക്കെയായാലും നാടു മുഴുവൻ രാംലാലിനെതിരെ ഒച്ച വെച്ചു.  ഒടുവിൽ ഭാസ്‌കരൻ വിട കൊണ്ടു. ഗവർണർ രാം ലാൽ പിന്നെ അധികം കാലം നീണ്ടില്ല. സത്യപ്രതിജ്ഞകളിലും നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടുന്നതിലും റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന ചായസൽക്കാരത്തിലും ഒതുങ്ങുന്ന ഗവർണർക്കും വേണ്ടേ ആളാവാൻ ഒരവസരം? 
രാഷ്ട്രപതി പ്രധാനമന്ത്രിയുടെ അധികാരത്തെയോ ഭൂരിപക്ഷത്തെയോ ചോദ്യം ചെയ്യുന്ന അവസരങ്ങൾ പ്രത്യക്ഷത്തിൽ ഉണ്ടായിട്ടില്ല.  സെയിൽ സിംഗും ആർ. വെങ്കട്ടരാമനും ഒരിടക്ക് ഇടത്തടിച്ചതായി കിംവദന്തി ഉണ്ടായിരുന്നു. 
അത്രയേ ഉള്ളൂ. ഇന്ദിര ചൂലെടുത്തു തൂക്കാൻ പറഞ്ഞാൽ താൻ  അതും ചെയ്യും എന്നു പറഞ്ഞ സെയിൽ സിംഗ് ആണ് അമൃത്‌സറിലെ നീലനക്ഷത്രം എന്ന ഓപറേഷനു ശേഷമാണ് പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞതത്രേ. എന്തോ, ആരോ? അതിനെപ്പറ്റിയും ഗ്യാനി ഒരു ഉർദു ഈരടി ഉദ്ധരിച്ചിരിക്കും.  രാജീവ് രാഷ്ട്രപതിയാക്കിയ വെങ്കട്ടരാമൻ രാജീവിനെതിരെ പ്രതിപക്ഷം തുടങ്ങിയ പടയൊരുക്കത്തെ ഫലപ്രദമാക്കാൻ സഹായിക്കുമെന്ന കിഞ്ചന വർത്തമാനമായി കെട്ടടങ്ങിയതേയുള്ളു. 
ഇങ്ങനെയൊക്കെയാണോ ജനാധിപത്യം പുലരേണ്ടത് എന്ന് വിലപിക്കുന്നവരാകും പഴമക്കാരും ധർമ്മരോഷം കൊണ്ട് വീർപ്പു മുട്ടുന്ന ചെറുപ്പക്കാരും അവതാരകരും.  വാസ്തവത്തിൽ ഇതൊക്കെ ഇങ്ങനെയേ ആകൂ. പ്രപഞ്ചമേ നീയിതുപോലെയെന്നും എന്നു പറയാറില്ലേ? റോട്ടറി ക്ലബ്ബിന്റെ ചിട്ടയോടെ ഇന്ത്യൻ രാഷ്ട്രീയം പാകപ്പെടുത്താൻ പറ്റില്ലല്ലോ. 
ഇതൊക്കെ ഒരു പരിധി വരെ ജനാധിപത്യത്തിന്റെ പൂരമായി കൊണ്ടാടുക.  പരിധി വിടരുതെന്നു മാത്രം. തെരഞ്ഞെടുപ്പിനെ പറ്റി നാനി പാൽഖിവാല പറയാറുള്ള ഒരു വാചകം ഉദ്ധരിക്കട്ടെ. ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനമാകുന്നു തെരഞ്ഞെടുപ്പ്. അതിന്റെ വേഗം കൂടിയാൽ തകരാറാവും, കുറഞ്ഞാലും. അത് ഈ സന്ദർഭത്തിലും ബാധകമാകും.
 

Latest News