Sorry, you need to enable JavaScript to visit this website.

ചെറുതല്ല, പയ്യന്നൂർക്കാരന്റെ കർണാടക നേട്ടം 

മാധ്യമ ചർച്ചകളിലെ ബി.ജെ.പിയുടെ സ്ഥിരം മുഖങ്ങളിലൊന്നാണ് ജന്മഭൂമിയുടെ പത്രാധിപരായിരുന്ന കെ.വി.എസ് ഹരിദാസ്. കർണാടക ഫലം വാരാനിരിക്കേ നടന്ന ചർച്ചകളിലൊന്നിനിടക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതിരുന്നാൽ യെദിയൂരപ്പ രാജിവെക്കുമെന്ന വാർത്ത ഫഌഷായി മിന്നുന്നു. ഇക്കാര്യം അവതാരകൻ ഹരിദാസിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് നിഷേധിക്കാൻ കാണിക്കുന്ന വാക്ശക്തി ഒന്ന് കാണേണ്ടതു തന്നെയായിരുന്നു. അത്ര ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹം. ബി.ജെ.പി സത്യത്തിന്റെയും, ധർമ്മത്തിന്റെയും പാർട്ടിയാണെന്ന വാജ്‌പേയിയെപ്പോലുള്ളവർ ഇടക്കിടെ പറയാറുണ്ടായിരുന്നത് ഇപ്പോഴും വിശ്വസിക്കുന്നതുകൊണ്ടാണ് ഹരിദാസിനെപ്പോലുള്ളവർ കർണാടകയിൽ നിന്ന് വിജയ വാർത്ത മാത്രം പ്രതീക്ഷിച്ചത്. 
അത്തരം ആളുകളെ ബി.ജെ.പിക്ക് ഇനിയും വിശ്വസിപ്പിച്ചു നിർത്തേണ്ടതുണ്ട്.  അതുകൊണ്ടാണവർ കർണാടകയിലെ ബി.ജെ.പിയിതര പക്ഷത്തിന്റെ വിജയത്തെ ചെറുതാക്കാനുള്ള കുതന്ത്രങ്ങൾ പല ഭാഗത്തു നിന്നും  മെനയുന്നത്. വിജയത്തിന്റെ ക്രഡിറ്റ് രാഹുൽ ഗാന്ധിയിലെത്തുന്നതിൽ ഇവരെല്ലാം ഒരുപോലെ അസ്വസ്ഥത കാണിക്കുന്നു. കർണാടകയിൽ ബി.ജെ.പിയിതര കക്ഷികൾ നേടിയെടുത്ത വിജയത്തിന്റെ സുപ്രധാന പൂർവ്വാലോചന സന്ദർഭങ്ങളിലൊന്ന്   ഇങ്ങിനെയായിരുന്നുവെന്ന് ഇതിനോടകം മാധ്യമങ്ങൾ വെളിപ്പെടുത്തിക്കഴിഞ്ഞു. 
അതിങ്ങനെ ചുരുക്കാം; തെരഞ്ഞെടുപ്പ് പിരിമുറുക്കത്തിന്റെ ഏതോ ഘട്ടത്തിൽ  ചുമതലയുണ്ടായിരുന്ന കെ.സി.വേണുഗോപാൽ രാഹുൽ ഗാന്ധിയെ വിളിക്കുന്നു. എല്ലാ സാധ്യതകളും മുന്നിൽ കണ്ട് വേണം തീരുമാനമെടുക്കാനെന്ന് കെ.സിയുടെ ഉറച്ച നിലാപാട് തുറന്ന് പറയുന്നു. ആത്മവിശ്വാസം കുറയുന്നതെന്തുകൊണ്ട് എന്നു നേതാവ് ആശങ്കപ്പെടുന്നതൊന്നും വേണുഗോപാലിനെ മാറി ചിന്തിപ്പിച്ചില്ല.  
നമ്മൾ ജയിക്കും ജയിക്കും എന്ന് നേതാവിനോട് പറഞ്ഞു കൊണ്ടേയിരിക്കലല്ല മിടുക്ക്. ചിലപ്പോൾ തോൽക്കാനും സാധ്യതയുണ്ടെന്ന് മുഖത്തോട് മുഖം പറയേണ്ടി വരും.   വേണുഗോപാൽ പറഞ്ഞത് അംഗീകരിക്കാൻ  രാഹുൽ ഗാന്ധിയും തയ്യാറായി. അതിന്റെ ഫലമായാണ് മൂന്ന് സാധ്യതകൾ വെച്ചുള്ള ഓപറേഷൻ വാർ റൂമിൽ ഒരുങ്ങിയത്. ഭൂരിപക്ഷം കിട്ടാതെ വന്നാൽ എന്നത് തന്നെയായിരുന്നു ആദ്യ സാധ്യതയായി പരിശോധിക്കപ്പെട്ടത്.  രണ്ടാമത് ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ എന്തു ചെയ്യണം എന്നതും. മൂന്നാമത്തെ സാധ്യത ഏറ്റവും വലിയ ഒറ്റകക്ഷിയാകാതിരുന്നാൽ എന്തു വേണം  എന്നതായിരുന്നു. ഇതെല്ലാം കണ്ട് പദ്ധതി തയ്യാറാക്കാനുള്ള അനുമതി കോൺഗ്രസ് അധ്യക്ഷക്ഷനിൽ നിന്ന് വാങ്ങിയെടുക്കാൻ കെ.സി വേണു ഗോപാലിനും സംഘത്തിനും സാധിച്ചു.  പിന്നീടുണ്ടായതെല്ലാം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അന്തസ്സു കാത്ത സംഭവ തെളിച്ചം. 
കെ.സി വേണുഗോപാലിനെയും രാഹുൽ ഗാന്ധിയെയുമൊക്കെ ചെറുതാക്കാനും, ഈ വിജയമൊക്കെ നേടിയെടുത്തത് മറ്റാരൊക്കെയോ ആണെന്നും വരുത്തി വെക്കാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും  സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. വിജയത്തിൽ കോൺഗ്രസിന് ഒരു പങ്കുമില്ലെന്ന് വരുത്തേണ്ടത് തൽപര കക്ഷികളുടെയെല്ലാം താൽപര്യമാണ്. കർണാടകയിൽ തോറ്റുപോയത് ആർ.എസ്.സും അമിത് ഷായും  മോഡിയുമല്ല. അവർ എവിടെയും തോൽക്കുന്നവരല്ല.  തോൽവിയുടെ കാരണക്കാരുടെ  ലിസ്റ്റ്  അവർ ഇങ്ങനെ നിരത്തും- യെദിയൂരപ്പ, ബെല്ലാരി സഹോദരങ്ങൾ,  ശ്രീരാമലു. അവരൊക്കെ മറ്റാരോ ആണെന്ന്. 
കർണാടക തെരെഞ്ഞെടുപ്പിൽ തോറ്റുപോയിരുന്നുവെങ്കിൽ ഇത്ര കണ്ട് പരിക്ക് കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് വന്നു ഭവിക്കുമായിരുന്നില്ല. ഇതിപ്പോൾ എത്രയോ കാലം  അവരെ വേട്ടയാടാനാവശ്യമായ നാണക്കേടായി ഫോൺ സംഭാഷണങ്ങളും, മറ്റ് ഡിജിറ്റൽ രേഖകളും അന്തരീക്ഷത്തിൽ പരക്കുകയാണ്.  കർണാടക വിജയത്തിന് ശേഷം രാഹുൽ ഗാന്ധി നടത്തിയ പത്ര സമ്മേളനത്തിൽ ഇക്കാര്യം കാര്യ ഗൗരവത്തോടെ ഇന്ത്യൻ  മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് ഇന്ത്യൻ ജനത ഇന്നലെ കാണുകയും കേൾക്കുകയും ചെയ്തു. പത്ര സമ്മേളനത്തിൽ ഒരച്ചടക്കവുമില്ലാതെ ചോദ്യമുന്നയിച്ച ലേഖകരോട് മിനിമം അച്ചടക്കം പാലിക്കണമെന്ന് പറയുന്നതും എല്ലാവരും കേട്ടു. മാധ്യമ സമൂഹത്തിൽ  നിന്ന് ഒരു പരിലാളനയും കിട്ടുന്നില്ലെന്നറിയാവുന്ന രാഹുലിന് അങ്ങനെ പറയാൻ അൽപം പോലും മടിക്കേണ്ടതില്ലായിരുന്നു. വേണുഗോപാലിൽ നിന്ന് രൂപപ്പെട്ട കോൺഗ്രസ് യുദ്ധ മുന്നണി പിന്നീട് കാണെ കാണെ കോൺഗ്രസിന്റെ മുൻനിര തലെയടുപ്പുകളിലേക്കുമെത്തുന്നത് ജനാധിപത്യ ഇന്ത്യ ആവേശത്തോടെയാണ് കാണുകയും കേൾക്കുകയും ചെയ്തത്. 
പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മല്ലികാർജുന ഖാർഗെ, മനു അഭിഷേക് സിംഗ്‌വി, കപിൽ സിബൽ, പി. ചിദംബരം, വീരപ്പമൊയ്‌ലി അശോക് ഗെഹ്‌ലോട്ട് എന്നിവരൊക്കെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അണി നിരന്നപ്പോൾ അതൊരു മഹാശക്തിയായി . 
അർദ്ധ രാത്രി സുപ്രീം കോടതിയെ വിളിച്ചുണർത്തി  തങ്ങൾക്ക് പറയാനുള്ളത് കേൾപ്പിക്കുന്നിടം വരെ ആ പോരാട്ടം വിജയം തൊട്ടു.   സാധ്യമാണ്, സാധ്യമാണ് എന്ന് കോൺ ഗ്രസ് എന്ന ഇന്ത്യയിലെ അതിപുരാതന ജനാധിപത്യ പ്രസ്ഥാനത്തിന് വീണ്ടും ഇന്ത്യൻ ജനതയെ ബോധ്യപ്പെടുത്താനായി. 
വിജയത്തിന്റെ വഴിയിൽ മുന്നിൽ നടന്ന കെ.സി  വേണുഗോപാൽ തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ഇന്ത്യൻ ജനാധിപത്യത്തെ ഭരണത്തിന്റെ ഉരുക്കു മുഷ്ടി കൊണ്ടും കള്ളപ്പണം കൊണ്ടും വിലയ്ക്കു വാങ്ങാൻ തുനിഞ്ഞിറങ്ങിയ മോഡിയും അമിത് ഷായും തുടങ്ങി യെദിയൂരപ്പ വരെയുള്ള ഫാസിസ്റ്റുകളുടെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ മറുപടിയാണിത്. വരും കാല ദേശീയ രാഷ്ട്രീയത്തിന്റെ ദിശാസൂചികയും.  എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും, കോൺഗ്രസിന്റെയും, ജനതാദ (എസ് ) ളിന്റെയും നേതാക്കൾക്കും,  അഭിനന്ദനം. 
പ്രവചനാതീതമായ ദിനങ്ങളിൽ കോൺഗ്രസ് നേതൃത്വം നടത്തിയ നീക്കങ്ങളെ ചടുലവും ശ്രദ്ധേയവും എന്നാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം വിശേഷിപ്പിച്ചത്. ജനാധിപത്യം അട്ടിമറിക്കാനാകില്ലെന്ന് കർണാടക തെളിയിച്ചുവെന്നാണ് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി ആവേശപൂർവ്വം പ്രതികരിച്ചത്. പോരാട്ടങ്ങളുടെ മുൻനിരയിൽ തന്നെ തന്റെ പാർട്ടി ഉണ്ടാകുമെന്ന ഉറപ്പും യെച്ചൂരി കണ്ണൂരിലെ പൊതുയോഗത്തിൽ നൽകിയിട്ടുണ്ട്. 
ബി.ജെ.പി വിരുദ്ധ ചേരിയുടെ വിജയാവേശത്തിന്റെ പാരമ്യത്തിലും മറക്കാൻ പാടില്ലാത്ത ഒന്നുണ്ട്; വിജയത്തിന് അടിത്തറയിട്ട കെ.സി വേണുഗോപാലിന്റെയും സംഘത്തിന്റെയും പങ്ക്.  കെ.സി വേണുപോപാലും സംഘവും കർണാടകയിലേക്ക് തെരഞ്ഞെടുപ്പ് മേൽ നോട്ടത്തിന് പോകുന്നുവെന്ന വാർത്ത കേട്ടപ്പോൾ  തലസ്ഥാനത്തെ ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്റെ വാക്കുകൾ ഇപ്പോൾ ഓർക്കുന്നു.   ''അങ്ങോട്ട് ചെല്ലണം. അടുപ്പിക്കില്ല , സിദ്ധരാമയ്യ...'' ശരിയാണ് സിദ്ധരാമയ്യ എന്ന രാഷ്ട്രീയക്കാരണവർ പയ്യന്നൂരിലെ കുഗ്രാമത്തിൽ ജനിച്ച കെ.സി വേണുഗോപാൽ എന്ന 55 കാരനെ അടുപ്പിച്ചില്ലായിരിക്കാം.  പക്ഷേ എല്ലാം അടുത്തു നിന്ന് മനസ്സിലാക്കാനും അതെല്ലാം മുകളിൽ അറിയിക്കേണ്ടത സമയത്ത് അറിയിക്കാനും  അദ്ദേഹത്തിന് സാധിച്ചു. സിദ്ധരാമയ്യയുടെ ആത്മ വിശ്വാസത്തിന്റെ ബലത്തിൽ  വേണുഗോപാലും സംഘവും അനങ്ങാതിരുന്നെങ്കിൽ തോറ്റു പോകുന്നത്  കോൺഗ്രസ് മാത്രമാവുമായിരുന്നില്ല.  അതു കൊണ്ട് മലയാളിക്ക് അഭിമാനപൂർവ്വം തലയുയർത്താം- ഇത് കെ.സി വേണുഗോപാലിന്റെയും വിജയമാണ്. 
 

Latest News