ബോംബെ സെൻസെക്‌സും നിഫ്റ്റിയും ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് സാങ്കേതിക തിരുത്തലിനുള്ള തയ്യാറെടുപ്പിലാണ്. നിഫ്റ്റിക്ക് മുൻവാരം വ്യക്തമാക്കിയ 10,928 പോയന്റിൽ പ്രതിരോധം നേരിട്ടതോടെ സൂചിക 210 പോയന്റ് പ്രതിവാര നഷ്ടത്തിലാണ്. ബോംബെ സെൻസെക്‌സിന് 687 പോയന്റ് ഇടിഞ്ഞു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ചൂടുപിടിച്ചാൽ ഫോറെക്‌സ് മാർക്കറ്റിൽ ഡോളറാവും ഇന്ത്യക്ക് മേൽ ഭീഷണി ഉയർത്തുക. 67.33 ൽ ഇടപാടുകൾക്ക് തുടക്കം കുറിച്ച രൂപക്ക് വാരാന്ത്യം 68 പൈസയുടെ തിരിച്ചടി നേരിട്ട് 68.01 ലാണ്. രൂപയുടെ മുല്യത്തകർച്ച 68.72 വരെ തുടരാം. എന്നാൽ ഇതിനിടയിൽ ആർ ബി ഐ വിപണിയിൽ ഇടപെടാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് വേണം പ്രവാസികൾ നാട്ടിലേയ്ക്ക് പണം അയക്കേണ്ടത്.
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മുല്യത്തകർച്ച ഇന്ത്യൻ ഓഹരി വിപണിയെ പ്രതിസന്ധിയിലാക്കാം. രൂപയുടെ തളർച്ച നാണയപ്പെരുപ്പം സൃഷ്ടിക്കും. ന്യൂയോർക്കിൽ 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായ ബാരലിന് 78 ഡോളറിൽ എത്തിയ എണ്ണ 80 ഡോളറിൽ സാങ്കേതിക തിരുത്തലിലേയ്ക്ക് നീങ്ങാം. എന്നാൽ തിരുത്തൽ പൂർത്തിയായാൽ അടുത്ത ചുവടുവെപ്പിൽ ശക്തമായ കുതിപ്പിനും ശ്രമം നടത്താം. വർഷാന്ത്യത്തിന് മുമ്പായി 98 ഡോളർ വരെ നിരക്ക് ഉയരാൻ ഇടയുണ്ട്. സാങ്കേതികമായി എണ്ണയ്ക്ക് 72.66 ഡോളറിലും 70.80 ഡോളറിലുമാണ് താങ്ങ്.
എണ്ണ മാർക്കറ്റിലെ ചുട് കണക്കിലെടുത്താൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കിൽ മാറ്റങ്ങൾക്ക് തുനിയാം. എന്നാൽ അതിന് മുമ്പായി ഏകദേശം 30-35 ബില്യൺ ഡോളറിന്റെ വിദേശ വായ്പക്ക് നീക്കം നടത്താം. ആഭ്യന്തര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങളുടെ നിരക്ക് പിടിച്ചു നിർത്താൻ ധനമന്ത്രാലയവും പെട്രോളിയം മന്ത്രാലയവും അടിയന്തര യോഗത്തിനുള്ള ഒരുക്കത്തിലാണ്. എക്‌സൈസ് നികുതിയിൽ ഇളവ് പ്രഖ്യാപിക്കാനും ഇടയുണ്ട്. രാജ്യാന്തര എണ്ണ വില ബാരലിന് 82-85 ഡോളറിലേക്ക് ഉയർന്നാൽ നാട്ടിൽ പെട്രോൾ വില 90 രൂപയിലേക്ക് നീങ്ങുന്ന സ്ഥിതി ഒഴിവാക്കാനാവും ഇനിയുള്ള ശ്രമങ്ങൾ.
നിഫ്റ്റി 10,806 ൽ നിന്ന് 10,928 പോയന്റ് വരെ കയറി ശേഷമുള്ള സാങ്കേതിക തിരുത്തലിൽ സൂചിക 10,589 ലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം നിഫ്റ്റി 10,596 പോയന്റിലാണ്. ഈ വാരം നിഫ്റ്റിയുടെ ആദ്യ സപ്പോർട്ട് 10,480 പോയന്റിലാണ്. ഇത് നിലനിർത്തിയാൽ 10,819 ലേക്ക് കയറാം. എന്നാൽ ആദ്യ താങ്ങ് നഷ്ടപ്പെട്ടാൽ 10,365-10,141 വരെ തളരാം. ബോംബെ സെൻസെക്‌സ് 35,993 ൽ നിന്നുള്ള തകർച്ചയിൽ 34,821 വരെ നീങ്ങിയ ശേഷം വാരാന്ത്യം 34,848 പോയന്റിലാണ്. 34,448 ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പെട്ടാൽ 34,048-33,276 ലേയ്ക്ക് വരും ആഴ്ചകളിൽ സൂചിക നീങ്ങാം. ആദ്യ പ്രതിരോധം 35,620 പോയന്റിലാണ്.
എഫ് എം സി ജി, ബാങ്കിങ്, ഓട്ടോമൊബൈൽ, പവർ വിഭാഗം ഓഹരികൾക്ക് തിരിച്ചടി നേരിട്ടു. ഐ സി ഐ സി ഐ ബാങ്ക് ഓഹരി വില എട്ട് ശതമാനം കുറഞ്ഞ് 286 ലേക്ക് നീങ്ങി. ടാറ്റാ മോട്ടേഴ്‌സ് ഏഴ് ശതമാനത്തിൽ അധികം കുറഞ്ഞ് 305 രൂപയിലും എയർ ടെൽ ആറ് ശതമാനം താഴ്ന്ന് 361 രൂപയിലും ആർ ഐ എൽ അഞ്ചര ശതമാനം കുറഞ്ഞ് 933 രൂപയിലുമാണ്. അതേ സമയം എച്ച് യു എൽ ഓഹരി വില ആറര ശതമാനം ഉയർന്ന് 1604 രൂപയായി.
മുൻനിരയിലെ പത്ത് കമ്പനികളിൽ അഞ്ച് കമ്പനികളുടെ വിപണി മൂല്യത്തിൽ 57,333 കോടി രൂപയുടെ ഇടിവ്. ആർ ഐ എൽ, ഐ റ്റി സി, എച്ച് ഡി എഫ് സി, മാരുതി, ഒ എൻ ജി സി എന്നിവയ്ക്ക് തിരിച്ചടി നേരിട്ടു. റ്റി സി എസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് യു എൽ, ഇൻഫോസീസ്, കോട്ടേക്ക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂല്യം വർധിച്ചു.
വിദേശ ഫണ്ടുകൾ പോയവാരം 1496.79 കോടി രൂപയുടെ ഓഹരി വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകൾ 2026.12 കോടി രൂപ നിക്ഷേപിച്ചു.