- ഇന്ത്യയിൽ 104 പേർ
റിയാദ് - ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള പത്തു രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയും യു.എ.ഇയും. ഇരു രാജ്യങ്ങളിലുമായി 124 ശതകോടീശ്വരന്മാരാണുള്ളത്. സൗദിയിലും യു.എ.ഇയിലും 62 ബില്യണയർമാർ വീതമുണ്ട്. ഇവരുടെ ആകെ സമ്പത്ത് 33,700 കോടി ഡോളർ (ഒന്നേകാൽ കോടി ട്രില്യൺ റിയാൽ) ആണ്.
ലോകത്ത് ഏറ്റവും കൂടുതൽ ബില്യണയർമാരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് സൗദി അറേബ്യ. യു.എ.ഇയും ഒമ്പതാം സ്ഥാനത്താണെങ്കിലും ആകെ സമ്പത്തിൽ സൗദിയിലെ ബില്യണയർമാരാണ് മുന്നിൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ കൊല്ലം സൗദിയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വർധനവുണ്ട്. എന്നാൽ ഇവരുടെ ആകെ സമ്പത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. ഇതിന് ഒരു കാരണം രാജ്യത്ത് തുടക്കം കുറിച്ച അഴിമതി വിരുദ്ധ പോരാട്ടമാണ്. ഡസൻ കണക്കിന് പ്രമുഖ വ്യവസായികളെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ബില്യണയർമാരുള്ളത് അമേരിക്കയിലാണ്, 680 പേർ. ഇവരുടെ ആകെ സമ്പത്ത് 3,16,700 കോടി ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയിൽ 338 ബില്യണയർമാരുണ്ട്. ഇവർ ആകെ 1,08,000 കോടി ഡോളറിന്റെ സമ്പത്തിന് ഉടമകളാണ്. മൂന്നാം സ്ഥാനത്തുള്ള ജർമനയിൽ 152 ബില്യണയർമാർക്ക് ആകെ 46,600 കോടി ഡോളറിന്റെയും ഇന്ത്യയിൽ 104 ബില്യണയർമാർക്ക് 29,900 കോടി ഡോളറിന്റെയും സ്വിറ്റ്‌സർലാന്റിൽ 99 ബില്യണയർമാർക്ക് ആകെ 26,500 കോടി ഡോളറിന്റെയും റഷ്യയിൽ 96 ബില്യണയർമാർക്ക് 35,100 കോടി ഡോളറിന്റെയും ഹോങ്കോംഗിൽ 93 ബില്യണയർമാർക്ക് 31,500 കോടി ഡോളറിന്റെയും ബ്രിട്ടനിൽ 90 ബില്യണയർമാർക്ക് 25,100 കോടി ഡോളറിന്റെയും സൗദിയിൽ 62 ബില്യണയർമാർക്ക് 16,900 കോടി ഡോളറിന്റെയും യു.എ.ഇയിൽ 62 ശതകോടീശ്വരന്മാർക്ക് 16,800 കോടി ഡോളറിന്റെയും സമ്പത്തുണ്ട്.
ലോകത്തെ ആകെ ബില്യണയർമാരിൽ 65 ശതമാനവും ഈ പത്തു രാജ്യങ്ങളിലാണ്. ബില്യണയർമാരുടെ ആകെ സമ്പത്തിൽ 71 ശതമാനവും ഈ പത്തു രാജ്യങ്ങളിലെയും അതിസമ്പന്നരുടെ പക്കലാണ്. 2016 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഈ പത്തു രാജ്യങ്ങളിലെയും ബില്യണയർമാരുടെ എണ്ണത്തിൽ 232 പേരുടെ വർധനവുണ്ടായി. ലോകത്തെ ബില്യണയർമാരിൽ 25 ശതമാനവും ബില്യണയർമാരുടെ സമ്പത്തിന്റെ 34 ശതമാനവും അമേരിക്കയിലാണ്. അമേരിക്കയിൽ കഴിഞ്ഞ വർഷം ബില്യണയർമാരുടെ പട്ടികയിൽ പുതുതായി 60 പേർ കൂടി ഉൾപ്പെട്ടു. അമേരിക്കയിലെ 680 ബില്യണയർമാർക്ക് ആകെ 3.2 ട്രില്യൺ ഡോളറിന്റെ സമ്പത്തുണ്ട്. ഇത് മറ്റു ഒമ്പതു രാജ്യങ്ങളിലെയും മുഴുവൻ ബില്യണയർമാരുടെയും ആകെ സമ്പത്തിനേക്കാൾ അൽപം കുറവാണ്.
ബില്യണയർമാരുടെ എണ്ണത്തിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് ചൈനയിലാണ്. ചൈനയിൽ ബില്യണയർമാരുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ വർധനവാണ് കഴിഞ്ഞ വർഷമുണ്ടായത്. 89 പേർ പുതുതായി ബില്യണയർമാരുടെ പട്ടികയിൽ ഉൾപ്പെട്ടു. ഇവരുടെ ആകെ സമ്പത്തിൽ മൂന്നിൽ രണ്ടിന്റെ വർധനവുമുണ്ടായി. ലോകത്തെ ശതകോടീശ്വരന്മാരിൽ പന്ത്രണ്ടു ശതമാനം ചൈനയിലാണ്. രണ്ടു വർഷം മുമ്പ് ഇത് ഒമ്പതു ശതമാനമായിരുന്നു.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 22 ശതമാനവും ഇവരുടെ ആകെ സമ്പത്തിൽ 50 ശതമാനവും വർധനവുണ്ടായി. വരും വർഷങ്ങളിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ നിലവിൽ മുന്നിലുള്ള രാജ്യങ്ങൾക്കെല്ലാം ഇന്ത്യ ഭീഷണി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ബില്യണയർമാരുടെ എണ്ണത്തിലും ഇവരുടെ ആകെ സമ്പത്തിലും കഴിഞ്ഞ വർഷം കുറവ് രേഖപ്പെടുത്തിയ ഏക രാജ്യം ബ്രിട്ടനാണ്. യൂറോപ്യൻ യൂനിയനിൽ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോകലാണ് ഇതിന് കാരണമായത്. ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നഗരങ്ങളുടെ പട്ടികയിൽ മുന്നിലുള്ളത് ന്യൂയോർക്ക്, ഹോങ്കോംഗ്, സാൻഫ്രാൻസിസ്‌കോ, മോസ്‌കോ, ലണ്ടൻ, ബെയ്ജിംഗ്, ദുബായ്, മുംബൈ എന്നീ നഗരങ്ങളാണ്.






