Sorry, you need to enable JavaScript to visit this website.

എയര്‍ഹോസ്റ്റസിനെ ഒപ്പമിരിക്കാന്‍  ക്ഷണിച്ചു, അശ്ലീലച്ചുവയോടെ വര്‍ത്തമാനവും                

പനാജി-വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോടായിരുന്നു വിദേശ വിനോദസഞ്ചാരിയായ യാത്രക്കാരന്‍ മോശമായി പെരുമാറിയത്. ജനുവരി അഞ്ചിന് ദല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.
വിദേശ സഞ്ചാരി എയര്‍ഹോസ്റ്റസിനെ തനിക്കൊപ്പം ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും അടുത്തിരുന്ന ആളോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഗോവയിലെ മോപ വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ ഇയാളെ സി ഐ എസ് എഫിന് കൈമാറി. സംഭവത്തെക്കുറിച്ച് വിമാനകമ്പനി ഡി ജി സി എയേയും അറിയിച്ചു. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറിയാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡി ജി സി എ കഴിഞ്ഞദിവസം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.
അതേസമയം, യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ശങ്കര്‍ മിശ്രയെ റിമാന്‍ഡ് ചെയ്തു. മൂത്രമൊഴിച്ച ശേഷം ബ്രോ ഞാന്‍ പെട്ടു എന്ന് ശങ്കര്‍ മിശ്ര തങ്ങളോട് പറഞ്ഞെന്ന് സഹയാത്രികന്‍ വെളിപ്പെടുത്തി. അമിത മദ്യലഹരിയിലായിരുന്നു ഇയാള്‍. കുഴഞ്ഞ മട്ടില്‍ പെരുമാറിയിരുന്ന അയാള്‍ ഉച്ചഭക്ഷണ സമയത്ത് നാല് തവണ വിസ്‌കി കഴിച്ചു. അതിന് മുന്‍പും മിശ്ര മദ്യപിച്ചിരിക്കാമെന്നും സഹയാത്രികര്‍ പറഞ്ഞു. കുശലാന്വേഷണമായി ഒരേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വിമാനത്തിലെ ലൈറ്റണച്ചപ്പോഴാണ് മിശ്ര യാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ചതും നഗ്‌നതാപ്രദര്‍ശനം നടത്തിയതും.
പോലീസ് വെള്ളിയാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത മുംബൈ് സ്വദേശി മിശ്രയെ ദല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ പരസ്പരവിരുദ്ധമായ മൊഴി നല്‍കുന്നതിനാല്‍ പോലീസ് വിമാനത്തിലെ മറ്റ് യാത്രക്കാരെക്കൂടി ചോദ്യം ചെയ്യും. ബംഗളൂരു സഞ്ജയ്നഗറിലെ സഹോദരിയുടെ വീട്ടിലാണ് മിശ്ര ഒളിവില്‍ കഴിഞ്ഞത്. മിശ്ര ബംഗളൂരുവിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ സുഹൃത്തുക്കളെ ബന്ധപ്പെട്ടതും ക്രെഡിറ്റ് കാര്‍ഡിലെ പണമിടപാടുകളും ആളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചു. ഇന്നലെ രാവിലെ ദല്‍ഹിയിലെത്തിച്ച പ്രതിയെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പൊതുജന സമ്മര്‍ദ്ദമുണ്ടെന്ന് കരുതി കസ്റ്റഡി ആവശ്യപ്പെടരുതെന്നും നിയമപ്രകാരം പോകാനും കോടതി നിര്‍ദ്ദേശിച്ചു.ചോദ്യം ചെയ്യലിനോട് മിശ്ര സഹകരിച്ചില്ല. തുടര്‍ച്ചയായി മൊഴി മാറ്റുകയും അന്വേഷണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഇരയായ സ്ത്രീയുടെയും ക്രൂ അംഗങ്ങളുടെയും സഹയാത്രികരുടെയും മൊഴികള്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരി ഇയാളുടെ പിന്നിലാണോ ഇരുന്നതെന്ന് വ്യക്തമാകണം. കൂടാതെ പരാതിക്കാരിയുടെ സമീപത്തുണ്ടായിരുന്ന യാത്രക്കാരന്റെയും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് മൂന്ന് എയര്‍ ഇന്ത്യാ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നവംബര്‍ 28, 30, ഡിസംബര്‍ നാല് തീയതികളില്‍ പരാതിക്കാരിക്ക് മിശ്ര വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും പരാതിക്കാരിയുടെ മകള്‍ തിരിച്ചയച്ചു. ടിക്കറ്റിന്റെ പണം തിരികെ നല്‍കാന്‍ പരാതിക്കാരി ആവശ്യപ്പെട്ടെങ്കിലും കുറച്ചു മാത്രമാണ് എയര്‍ ഇന്ത്യ നല്‍കിയത്.


 

Latest News