Sorry, you need to enable JavaScript to visit this website.

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന സ്വര്‍ണം വാരുന്നു

ബെയ്ജിങ്- അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് ചൈന വന്‍തോതില്‍ ഖനന പദ്ധതികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. സ്വര്‍ണം, വെള്ളി അടക്കം മൂല്യമേറിയ ധാതുലവണങ്ങളുടെ വന്‍ശേഖരമുള്ള ലുന്‍സെ മേഖലയിലാണ് ചൈന ഖനനം തുടങ്ങിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ സ്വര്‍ണ ശേഖരമുള്ള ഈ മേഖലയില്‍ 60 ശതകോടി ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വന്‍ നിധി ഒളിഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അരുണാചല്‍ പ്രദേശ് ചൈനയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ തിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം.

അരുണാചല്‍ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കമായും ഈ വന്‍കിട ഖനന പദ്ധതി വിലയിരുത്തപ്പെടുന്നു. ഈ മേഖലയില്‍ അടിസ്ഥാനസൗകര്യ വികസന രംഗത്ത് ചൈന നടപ്പിലാക്കിയ പദ്ധതികള്‍ ഇവിടുത്തെ പ്രകൃതിവിഭവ ശേഖരത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 1962-ലെ യുദ്ധത്തില്‍ ചൈന നിയന്ത്രണത്തിലാക്കിയ മേഖലയാണിത്. 

ലുന്‍സെയില്‍ ഖനനം ആരംഭിച്ചതോടെ വന്‍തോതില്‍ ജനങ്ങള്‍ ഈ മേഖലയിലെത്തിയിട്ടുണ്ട്. സൈനിക അതിര്‍ത്തിക്കു സമീപം വമ്പന്‍ ടണലുകള്‍ നിര്‍മ്മിച്ചാണ് പര്‍വ്വത മേഖലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഖനികളില്‍ നിന്ന് അയിരുകള്‍ ദിനേന പുറത്തെത്തിക്കുന്നത്. ഇവ ട്രക്കുകളില്‍ കൊണ്ടു പോകുന്നതിന് മികച്ച റോഡുകളും ചൈന പണിതിട്ടുണ്ട്. കൂടാതെ വൈദ്യുതി, ടെലിഫോണ്‍ കണക്ടിവിറ്റിയും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ ഖനികള്‍ വരാനിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Latest News