Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ക്ക് വീട്ടില്‍ പോകാന്‍ തിടുക്കം; വിശ്വാസ വോട്ടെടുപ്പ് വരെ ഹോട്ടലില്‍ തന്നെ

ബംഗളുരു- കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ ജെഡിഎസ്, കോണ്‍ഗ്രസ് എംഎല്‍എമാരെയും രണ്ടു സ്വതന്ത്ര എംഎല്‍എമാരേയും ഹോട്ടലില്‍ നിന്ന് പുറത്തു വിടില്ല. ബുധനാഴ്ച കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത വിശ്വാസ വോട്ടെടുപ്പു കഴിയുന്നതു വരെ ഹോട്ടലില്‍ തന്നെ കഴിയാനാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ ഇരു പാര്‍ട്ടികളുടെ എംഎല്‍എമാരോടും നിര്‍ദേശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന മേയ് 15 മുതല്‍ വിവിധ ഹോട്ടലുകളിലായി കഴിയുന്ന എംഎല്‍എമാര്‍ തങ്ങള്‍ക്ക് വീട്ടില്‍ പോകണമെന്ന് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വരെ കാത്തിരിക്കാനാണ് ഇരു പാര്‍ട്ടികളും നിര്‍ദേശിച്ചിരിക്കുന്നത്. 

നേരത്തെ ഞായറാഴ്ച രാവിലെ എംഎല്‍എമാരെ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചയക്കാന്‍ നേതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനായി എംഎല്‍എമാര്‍ സമ്മര്‍ദ്ദം ചെലുത്തിവരികയുമായിരുന്നു. എന്നാല്‍ നേതാക്കള്‍ തീരുമാനം പിന്നീട് മാറ്റുകയും വ്യാഴാഴ്ച വരെ ഹോട്ടലുകളില്‍ തന്നെ തുടരാനും നിര്‍ദേശിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കു ശേഷം നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമിക്ക് വിശ്വാസ വോട്ട് നേടേണ്ടതുണ്ട് എന്നതിനാലാണ് തീരുമാനം മാറ്റിയത്. വിശ്വാസ വോട്ടിനു മുമ്പ് എംഎല്‍എമാരെ പുറത്തു വിട്ടാല്‍ ബിജെപി വീണ്ടും പണമെറഞ്ഞ് ചാക്കിട്ടു പിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം. ഇതിനു പുറമെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും എംഎല്‍എമാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.

ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ഹില്‍ട്ടന്‍ ഹോട്ടലിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കഴിയുന്നത്. നേരത്തെ ബിജെപി റാഞ്ചിക്കൊണ്ടു പോകുകയും പിന്നീട് നാടകീയമായി പ്രത്യക്ഷപ്പെടുകയും ചെയ്ത ആനന്ദ് സിങ്, പ്രതാപ്ഗൗഡ പാട്ടീല്‍ എന്നീ എംഎല്‍എമാരും ഇവര്‍ക്കൊപ്പമുണ്ട്. ഇവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ലെ മെറിഡിയന്‍ ഹോട്ടലിലായിരുന്ന ജെഡിഎസ് എംഎല്‍എമാരെ ദൊഡ്ഡബള്ളപൂരിലെ ഒരു റിസോര്‍ട്ടിലേക്കു കഴിഞ്ഞ ദിവസം മാറ്റി.


 

Latest News