Sorry, you need to enable JavaScript to visit this website.

വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍  മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍

ന്യൂദല്‍ഹി-വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ദല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍ മിശ്ര ബെംഗളൂരുവിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഒരുസംഘത്തെ ഡല്‍ഹി പോലീസ് കര്‍ണാടകയിലേക്ക് അയച്ചിരുന്നു.
ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ സുഹൃത്തുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇത് നിരീക്ഷിച്ചതില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരിടത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും പോലീസിന് തുമ്പായി.
ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് ഇയാള്‍ മൂത്രമൊഴിക്കുകയായിരുന്നു. നവംബര്‍ 26ന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം കമ്പനിക്ക് കത്തയച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിഞ്ഞത്.
സംഭവത്തില്‍ യാത്രക്കാരിയുമായി സംസാരിച്ചിരുന്നുവെന്നും ഒത്തുതീര്‍പ്പിലെത്തിയതാണെന്നും ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ അവകാശപ്പെട്ടിരുന്നു. 15,000 രൂപ നഷ്ടപരിഹാരം നല്‍കിയെന്നും ഇത് ഒരുമാസം കഴിഞ്ഞ മകള്‍ തിരിച്ചുനല്‍കിയെന്നുമാണ് അഭിഭാഷകര്‍ പറയുന്നത്.
ശങ്കര്‍ മിശ്ര പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനം ഇയാളെ പുറത്താക്കിയിരുന്നു. ബഹുരാഷ്ട്ര ധനകാര്യസേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയാണ് ഇയാളെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കിയത്.

 

Latest News