Sorry, you need to enable JavaScript to visit this website.

ഹാരി രാജകുമാരന്‍ പലതും വിളിച്ചു പറഞ്ഞു;  താലിബാന്‍ കട്ടക്കലിപ്പില്‍, ബ്രിട്ടനില്‍ ഭീതി 

കാബൂള്‍- ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ താലിബാന്‍ രംഗത്ത്. ഹാരി കൊന്നു തള്ളിയവര്‍ ചതുരംഗത്തിലെ കരുക്കള്‍ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യര്‍ ആയിരുന്നുവെന്നും താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു. ഹാരിയുടെ പുസ്തകം ബ്രിട്ടനില്‍ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്.
ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകന്‍ ഹാരി, 42ാം വയസില്‍ 'സ്പെയര്‍' എന്ന പുസ്തകത്തിലൂടെ ഉയര്‍ത്തിവിട്ടിരിക്കുന്നത് ബ്രിട്ടനില്‍ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാന്‍കാരെ താന്‍ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം. ഈ പരാമര്‍ശം ഹാരിയുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഹാരിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താലിബാന്‍ നേതാവ് അനസ് ഹഖാനി പ്രതികരിച്ചത്. ഹാരി, നിങ്ങള്‍ കൊന്നു തള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാന്‍ നേതാവ് ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ് ഹാരിയുടേതെന്ന അഭിപ്രായം ചില മുന്‍ സൈനിക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകള്‍ നിറഞ്ഞ പുസ്തകം അടുത്ത ദിവസം തന്നെ വിപണിയിലെത്തും. ഇതിനകം പുറത്തുവന്ന ഭാഗങ്ങളില്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. ഹാരിയുടെ ഭാര്യ മേഗനെ ചൊല്ലി ഒരിക്കല്‍ വില്യമും ഹാരിയും കയ്യാങ്കളിയിലെത്തി. വില്യം തന്നെ കഴുത്തിന് പിടിച്ചു തള്ളി നിലത്തിട്ടുവെന്നും തനിക്ക് പരിക്കേറ്റെന്നും ഹാരി പുസ്തകത്തില്‍ പറയുന്നു.
കൊക്കെയ്ന്‍ 17ാം വയസില്‍ ഉപയോഗിച്ചുനോക്കിയതായും ചാള്‍സ് രാജാവ് ഇടപെട്ട് ആ ദുശീലം അവസാനിപ്പിച്ചതായും ഹാരി വെളിപ്പെടുത്തുന്നു. ഇപ്പോഴത്തെ രാഞ്ജി കാമിലയെ വിവാഹം ചെയ്യരുതെന്ന് താനും വില്യമും ചാള്‍സിനോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ചാള്‍സ് ആ അഭ്യര്‍ത്ഥന തള്ളി. ഹാരി തന്റെ മകന്‍ തന്നെയാണോ എന്ന് ചാള്‍സ് രാജാവ് സംശയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ഡയാന രാജകുമാരിക്ക് മേജര്‍ ജെയിംസ് ഹെവിറ്റുമായുണ്ടായിരുന്ന ബന്ധത്തെ സൂചിപ്പിച്ചായിരുന്നു ചാള്‍സ് രാജാവിന്റെ കുത്തുവാക്കുകള്‍.
പുസ്തകത്തിലെ വെളിപ്പെടുത്തലുകളില്‍ വിവാദം ആളിക്കത്തിയിട്ടും രാജകുടുംബം നിശബ്ദത തുടരുകയാണ്. 2018 ല്‍ രാജപദവികള്‍ ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ ഹാരിയും മേഗനും ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ്.

Latest News