ധ്യാനകേന്ദ്രം ഉപേക്ഷിച്ച കുടുംബത്തിനുനേരെ ആക്രമണം, 59 പേര്‍ക്കെതിരെ കേസ്, 11 സ്ത്രീകള്‍ റിമാന്‍ഡില്‍

തൃശൂര്‍-ഇരിങ്ങാലക്കുടയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി കുടുംബത്തെ ആക്രമിച്ച സംഭവത്തില്‍ സ്ത്രീകള്‍ അടക്കം  59 പേര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. സ്ത്രീകളായ 11 പേരെ ആളൂര്‍ പോലീസ് അറസ്റ്റു ചെയ്തു.വയനാട് തൈപറമ്പില്‍ വീട്ടില്‍ അല്‍ഫോണ്‍സ (35), കൊല്ലം കാര്‍മല്‍ ഭവനില്‍ മിനി (50), ഇടുക്കി പള്ളിപറമ്പില്‍ വീട്ടില്‍ മരിയ (49), കൊല്ലം കാര്‍മല്‍ ഭവനില്‍ ടെസി (23), കോട്ടയം തെക്കേപൂറ്റ് വീട്ടില്‍ റിന്റ (40), കോട്ടയം തെക്കേപൂറ്റ് വീട്ടില്‍ ജിജി (31), പുതുക്കാട് അരണാട്ടുകരക്കാരന്‍ വീട്ടില്‍ ആര്യ (32), കണ്ണൂര്‍ അറക്കല്‍ വീട്ടില്‍ അയോണ (38), കണ്ണൂര്‍ ആനഞ്ചേരി വീട്ടില്‍ ലിയോണ (31), കൊല്ലം കിഴക്കുംക്കര വീട്ടില്‍ മെറിന്‍ (41), തുമ്പൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിഷ (36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്  ചെയ്തു. തങ്ങള്‍ക്കും പരിക്കുപറ്റിയെന്നു പറഞ്ഞ് കൊടകര ശാന്തി ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് കൊടകര ശാന്തി ആശുപത്രി പരിസരത്തു വച്ചാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, ആളൂര്‍, കൊരട്ടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുരിയാട് കപ്പാറക്കടവ് പരിസരത്തു വച്ചാണ് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ മുരിയാട് പ്ലാത്തോട്ടത്തില്‍ വീട്ടില്‍ ഷാജി (56), മക്കളായ സാജന്‍ (26), ഷാരോണ്‍ (13), സാജന്റെ ഭാര്യ ആഷ്‌ലീന്‍ (21), ബന്ധുക്കളായ ഊട്ടി സ്വദേശികളായ മാറാട്ടുകളത്തില്‍ എഡ്‌വിന്‍ (19), അന്‍വിന്‍ (14) എന്നിവര്‍ക്കാണ് മര്‍ദ്ദമേനറ്റത്.  മുരിയാടുള്ള സീയോണ്‍ ട ധ്യാന കേന്ദ്രവുമായി ബന്ധം ഉപേക്ഷിച്ച് പോന്നതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണമെന്നും  തന്നെയും കുടുംബത്തെയും നിരന്തരം കള്ളകേസുകള്‍ നല്‍കി പീഡിപ്പിക്കുകയാണെന്നും സാജന്‍  മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു.ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തിനു ശേഷം മുരിയാട് പ്രദേശത്ത് പോലീസിന്റെ നിരീക്ഷണം ശക്തമാക്കി. പ്രതികളായവരെയെല്ലാം പോലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

 

Latest News