ഓപ്പറേറ്റർക്ക് പരിക്ക്
മക്ക- മസ്ജിദുൽ ഹറാമിൽ നിർമാണം നടക്കുന്ന സ്ഥലത്ത് ക്രെയിനിന്റെ കൈ തകർന്നുവീണ് ഓപ്പറേറ്റർക്ക് പരിക്കേറ്റുവെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. നമസ്‌കാരം നടക്കുന്നിടത്തോ ഉംറ കർമം നിർവഹിക്കുന്ന ഭാഗത്തോ അല്ലാത്തതിനാൽ അത്യാഹിതമൊന്നും സംഭവിച്ചില്ലെന്ന് ഗവർണറേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഗവർണറേറ്റ് അറിയിച്ചു. ഓപ്പറേറ്ററുടെ പരിക്ക് സാരമുള്ളതല്ല. 2015 സെപ്റ്റംബർ 11ന് ആണ് 108 പേരുടെ മരണത്തിനും 238 പേർക്ക് പരിക്കേൽക്കുന്നതിനും ഇടയായ ദാരുണമായ ക്രെയിൻ ദുരന്തം നടന്നത്.
ഇതിന്റെ ഓർമകൾ വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും സമാനരീതിയിൽ ക്രെയിൻ അപകടം നടന്നത്. അപകടത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും സൗദി ഗവൺമെന്റ് ഭീമമായ നഷ്ടപരിഹാരം നൽകിയിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കി 2017 സെപ്റ്റംബർ 30ന് മക്ക ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു.






