മുജാഹിദ് സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് നടത്തിയത് കലാപാഹ്വാനം?- ജി.ശക്തിധരൻ

കോഴിക്കോട്- കോഴിക്കോട് കഴിഞ്ഞ ഞായറാഴ്ച സമാപിച്ച് മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് എം.പി നടത്തിയ പ്രസംഗം കലാപാഹ്വാനമാണെന്ന് സംശയിക്കുന്നതായി മുൻ ഇടതുസഹയാത്രികൻ ജി.ശക്തിധരൻ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
പോസ്റ്റിന്റെ പൂർണരൂപം:

മതത്തെ  
കുത്തിയിളക്കി   
കലാപാഹ്വാനമോ? 
 കോഴിക്കോട്   നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന  സമ്മേളനത്തിൽ   ജോൺ ബ്രിട്ടാസ്  എം.പി യുടെ    പ്രസംഗം ഏതെങ്കിലും   സി.പി.എം  പാർലമെന്റ്   അംഗത്തിൽനിന്ന്   ഇന്നോളം  കേട്ടിട്ടില്ലാത്ത അളിഞ്ഞ വർഗീയവിഷം പൊട്ടിയൊലിക്കുന്നതാണെന്നു  പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.  സംഘപരിവാറിനോട്  മൃദു സമീപനം  ഈ  സംഘടന  വെച്ച് പുലർത്തുന്നതിനെതിരെയാണ്  അദ്ദേഹം ആഞ്ഞടിച്ചത്. ആവേശം തുടിച്ചു നിന്ന  പ്രസംഗത്തോട്  സദസ്യർ  നിസ്സംഗ സമീപനം  പുലർത്തിയതിനെയും   ബ്രിട്ടാസ്  വിമർശിച്ചു. തന്റെ  വാക്കുകൾ കേട്ട്  സദസ്സ്  ഇളകിമറിയും എന്നാണ്  ബ്രിട്ടാസ്  കണക്കുകൂട്ടിയിരുന്നതെങ്കിലും  മറിച്ചാണ്  സംഭവിച്ചത്. തങ്ങളെ വഴിതെറ്റിക്കാൻ  ആരും മിനക്കെടണ്ട  എന്ന  സന്ദേശം  സദസ്സിൽ നിന്ന് ഉണ്ടായിട്ടും  വർഗീയവികാരം കൂടുതൽ  വർഗീയ   ഇളക്കിവിട്ട് മുതലെടുപ്പിന്  ഒരു കൂസലുമില്ലാതെ  ഈ പാർലമെന്റ്  അംഗം മുതിർന്നത്  അത്ഭുതകരം തന്നെയായിരുന്നു.   അബ്ദുൾ  നാസർ മഅദനിയുടെ പഴയ കാസറ്റ്  ഇട്ട പ്രതീതിയായിരുന്നു  അവിടെ മുഴങ്ങിയത്.  
ഇത്  പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ  ഡ്രസ് റിഹേഴ്‌സൽ  ആണെങ്കിൽ   കേരളം  വർഗീയമായി  സ്‌ഫോടകാവസ്ഥയിലേക്കു  നീങ്ങുകയാണെന്ന്  നിസ്സംശയം പറയാം. എന്തുകൊണ്ടാണ്  പാർട്ടി സംസ്ഥാന സെക്രട്ടറി  എം.വി ഗോവിന്ദൻ ഇതിൽ നിശബ്ദത പാലിക്കുന്നു എന്നത്  വിസ്മയം  തന്നെ ..   .
മുമ്പ്  അമേരിക്കൻ എംബസിലിയിലെ   സിഐഎ  ഉദ്യോഗസ്ഥരോട്  കേരളത്തിലെ  സിപിഎം രാഷ്ട്രീയത്തെക്കുറിച്ചു  ബ്രിട്ടാസ് നൽകിയ  അഭിമുഖത്തിൽ  വി എസിനെയും  പിണറായി വിജയനെയും  താരതമ്യപ്പെടുത്തി  നടത്തിയ വിഷലിപ്ത  പ്രയോഗങ്ങളെക്കാൾ  അപകടകരമായ  പരാമർശങ്ങളാണ്  ഈ പ്രസംഗത്തിൽ കടന്നുകൂടിയത്.  വി എസ് അച്യുതാനന്ദനെ ഇടിച്ചു താഴ്ത്തിയും  അഴിമതിക്കാരനായും    അമേരിക്കക്കാരോട്  സംസാരിച്ചതാണ്  വിക്കിലീക്‌സ്  പുറത്ത് കൊണ്ടുവന്നത്. 
വെറുക്കപ്പെട്ടവൻ  എന്ന് വി എസ്  വിളിച്ച വിവാദ വ്യവസായി  ഫാരീസ് അബൂബക്കറിനെ  കൈരളി ചാനലിൽ  ക്ഷണിച്ചുവരുത്തി  വി എസിനെതിരെ  അധിക്ഷേപം ചൊരിഞ്ഞപ്പോൾ  ബ്രിട്ടാസ് വെറും മാധ്യമ പ്രവർത്തകൻ മാത്രം       ആയിരുന്നെങ്കിൽ ഇപ്പോൾ സിപിഎം ന്റെ  പാർലമെന്റ് അംഗമാണ് എന്നത് മറന്നുപോകുന്നു. .    മതവികാരം  കുത്തിയിളക്കുന്ന  തുടർച്ചയായ  പ്രയോഗങ്ങൾ ഉൾച്ചേർന്ന  ഈ പ്രസംഗം  ഒരു മതഭ്രാന്തനോട്  മാത്രം  ഉപമിക്കേണ്ടതാണ് . ഒരു ഇടതുപക്ഷ നേതാവു  ഇത്തരത്തിൽ  മുസ്ലിം ജനതയെ ഇതര  മതവിശ്വാസികൾക്കെതിരെ തിരിച്ചുവിടുന്നത് സാധാരണമല്ല.  ആ പ്രസംഗത്തിന്റെ  അകക്കാമ്പ്  പരിശോധിച്ചാൽ  അത് നിർദോഷകരമെന്ന്   ആർക്കും കാണാനാകില്ല.  ഞാൻ അറിയുന്ന ജോണ് ബ്രിട്ടാസിനെ    ഏതെങ്കിലും രാഷ്ട്രീയത്തോട്  കൂട്ടിച്ചേർത്തുവെക്കാൻ  എനിക്കാവില്ല. അദ്ദേഹത്തെ  അരാഷ്ട്രീയവാദിയായേ എനിക്ക്  കാണാൻ കഴിയൂ. സ്ഥാന മാനങ്ങൾ  നേടുന്നതിനുള്ള  രാഷ്ട്രീയമല്ലാതെ   അസ്ഥിയിൽ പിടിച്ച രാഷ്ട്രീയത്തിന്       ഒരിക്കലും കീഴ്‌പ്പെടുന്നയാളല്ല     അദ്ദേഹം.    അദ്ദേഹത്തെ സംഘപരിവാർ എന്നോ കോൺഗ്രസ്സ് എന്നോ  സിപിഎം എന്നോ  ആരോപിക്കുന്നതും ബുദ്ധിശൂന്യമാണ്.  .അതൊന്നും അല്ല അദ്ദേഹം. . ഏതെങ്കിലും പാർട്ടിയുടെ കൊടിപിടിച്ചോ  അല്ലാതെയോ  ഒരു പ്രകടനത്തിലും   ആരും അദ്ദേഹത്തെ  കണ്ടിരിക്കാനുമിടയില്ല. ഒരിക്കലും  സിപിഎമ്മിനോട്  കൂറോ  വിദ്വേഷമോ  ഉള്ള  ആളുമല്ല.   സിപിഎമ്മിന്റെ   സംസ്ഥാനകമ്മിറ്റിയിൽ  പൊട്ടിവീണതാണെന്ന് പറഞ്ഞാൽ  അതിൽ തെറ്റുപറയാനുമില്ല. ദേശാഭിമാനിയിൽ  പ്രവർത്തിച്ചിരുന്നെങ്കിലും  ഒരിക്കലും  പാർട്ടിയിൽ  അംഗത്വം എടുക്കാൻ   ബ്രിട്ടാസ് താല്പ്പര്യം  എടുത്തിട്ടില്ല.അതിലും അദ്ദേഹത്തിന്റെ ഉറച്ചനിലപാടാണ്  നാം കാണുന്നത്. ഏതു പാർട്ടിയിൽ ചേരുന്നതിനുമുള്ള  സൗഹൃദബന്ധവും   അദ്ദേഹം ഇപ്പോഴും  സൂക്ഷിക്കുന്നുണ്ട്. 
അതാണ് സഞ്ചരിക്കുന്ന സർവ്വവിജ്ഞാനകോശം   എന്നറിയപ്പെടുന്ന  പി ഗോവിന്ദപിള്ളയെപോലുള്ളവർക്ക്   പോലും രാജ്യസഭയിൽ  ഒരിക്കൽപോലും  കടത്താത്ത സിപിഎം,  ബ്രിട്ടാസിനെപ്പോലൊരു  അരാഷട്രീയക്കാരന്  പാർലമെന്റിൽ പരവതാനി വിരിച്ചുകൊടുത്തത്. പാർട്ടിയുടെ സംഘടനാ ചട്ടക്കൂടിന്  പുറത്തേ  എന്നും ബ്രിട്ടാസ്  നിലകൊണ്ടിട്ടുള്ളൂ.  
  കമ്മ്യുണിസ്റ്റ്  പാർട്ടിയുടെ   പ്രഥമ ജനറൽ സെക്രട്ടറി  പി.സി ജോഷിയാണ് പാർട്ടിയുടെ അടിത്തറ വികസിപ്പിക്കാൻ   ഒട്ടേറെ  പുതിയ ബഹുജന സംഘടനകൾക്ക്  രൂപം നൽകിയത്. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രഥമ അഖിലേന്ത്യാ  സമ്മേളനത്തിൽ  പങ്കെടുത്തിരുന്ന ബർലിൻ കുഞ്ഞനന്തൻ നായർ  ബാലസംഘം പ്രവർത്തകനായിരുന്നു. വന്ദ്യവയോധികനായി   മരിക്കുമ്പോഴും  വെറും ബ്രാഞ്ചിലെ  അംഗം  മാത്രമായിരുന്നു അദ്ദേഹം . അതാണ് പാർട്ടിയുടെ  കർക്കശമായ  സംഘടനാ തത്വം.  എന്നാൽ  ബർലിനിൽ നിന്ന് ജോൺ  ബ്രിട്ടാസിൽ എത്തിയപ്പോൾ ഒറ്റ കുതിപ്പിന്  പാർട്ടി അംഗമല്ലാത്ത  ഒരാൾ  സംസ്ഥാനകമ്മിറ്റിയിലും പാർലമെന്റിലും  എത്തിയത് എന്തുകൊണ്ടാണെന്ന്     സുവിദിതമാണല്ലോ.  ജോൺ   ബ്രിട്ടാസ്  സിപിഎമ്മിന്റെ പേരിൽ നടത്തിയ പ്രസംഗം  എത്ര അപകടകരമാണെന്നു  ഞാൻ നാളെ  വിശദീകരിക്കാം. പ്രസംഗത്തിന്റെ  കാസറ്റ് കയ്യിലുള്ളവർ  ഒരിക്കൽ കൂടി  കേൾക്കുക.
 

Latest News