Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനി അവധി നല്‍കാന്‍ നീക്കം

തിരുവനന്തപുരം- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കി മറ്റു ദിവസങ്ങളില്‍ ജോലി സമയം കൂട്ടുന്നത്  പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ഈ മാസം പത്തിന് ചര്‍ച്ച ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയൊരു പ്രവൃത്തിദിന രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നല്‍കാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്നോണമാണ് ഈ നീക്കം. ഭരണ പരിഷ്‌കാര കമ്മീഷന്‍ അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്.
ഈമാസം പത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സര്‍വീസ് സംഘടനകളുമായുള്ള ചര്‍ച്ച. നാലാം ശനിയാഴ്ച അവധി നല്‍കിയാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഫീസ് ആവശ്യങ്ങള്‍ക്കായി വരുന്ന ഇന്ധന ചിലവ്, വൈദ്യുതി ചിലവ്, വെള്ളം എന്നിവ ലാഭിക്കാം.

നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. നിലവിലെ 10.15 മുതല്‍ 5.15 വരെയാണ് സമയക്രമം. ശുപാര്‍ശ നടപ്പിലായാല്‍ ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ജോലി സമയം ക്രമീകരിക്കും. സര്‍വീസ് സംഘടനകള്‍ ഈ നിര്‍ദേശത്തിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം.

 

Latest News