Sorry, you need to enable JavaScript to visit this website.

വൈറൽ പനി: കോഴിക്കോട് മരണം അഞ്ചായി

കോഴിക്കോട്- സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ വൈറൽപനിയിൽ രണ്ടു മരണം കൂടി. കോഴിക്കോട്ടാണ് രണ്ടു പേർ കൂടി മരിച്ചത്. കൂട്ടാലിട സ്വദേശി ഇസ്മായിൽ, കുളത്തൂർ സ്വദേശി വേലായുധൻ എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ, കോഴിക്കോട് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചിരുന്നു. പേരാമ്പ്ര ചങ്ങരോത്ത് പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി മറിയ(50)ം ഇന്നലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മുഹമ്മദ് സാലിഹ്, മുഹമ്മദ് സാദിഖ് എന്നിവരുടെ പിതാവ്  മൂസയുടെ ജ്യേഷ്ഠന്റെ ഭാര്യയാണ് മറിയം. മൂസ(62)യും കഴിഞ്ഞ ദിവസം മരിച്ച മകൻ മുഹമ്മദ് സാലിഹിന്റെ ഭാര്യ ആത്തിഫ(20)യും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിഹ് വെള്ളിയാഴ്ചയും മറ്റൊരു മകൻ മുഹമ്മദ് സാദിഖ് മെയ് അഞ്ചിനും പനിയെ തുടർന്ന്് മരിച്ചിരുന്നു. മരിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സാലിഹിന്റെ ഭാര്യ ആത്തിഫയെ എറണാകുളം അമൃതാ ആശുപത്രിയിലേക്ക് മാറ്റി. പനി ബാധിച്ചവരെ  പരിചരിച്ച പേരാമ്പ്ര ആശുപത്രിയിലെ ഹെഡ് നഴ്‌സ്, മരണാനന്തര ചടങ്ങിൽ അടുത്തിടപഴകിയ ബന്ധു ഉൾപ്പെടയുള്ളവർ ചികിത്സയിലാണ്.  കൂടാതെ ചികിത്സിച്ച മറ്റുള്ളവരും നിരീക്ഷണത്തിലാണ്. 
നേരത്തെ ഈ  കുടുംബത്തിന് മാത്രമായിരുന്നു പനി ബാധിച്ചത്. എന്നാൽ പിന്നീട് മരിച്ചവരുമായി ഇടപഴകിയവരിലും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് പരക്കെ ആശങ്കക്ക് കാരണമായി.  മരണം കൂടിയതോടെ ആശങ്ക പടർന്ന് പരിസരവാസികൾ വീട് വിടാൻ തുടങ്ങി. വൈറൽ എൻസഫലിറ്റിസ് വിത്ത് മയോക്കാഡൈറ്റിസാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പനി ബാധിച്ചവരുടേയും മരിച്ചവരുടേയും രക്ത സാമ്പിളുകൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനക്കായി അയച്ചിട്ടുണ്ട്. രോഗികളുമായി അടുത്ത് ഇടപഴകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ചങ്ങരോത്ത് മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. പക്ഷിമൃഗാദികൾ കഴിച്ച് ബാക്കിയുള്ള പഴവർഗങ്ങൾ കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. രോഗം ബാധിച്ചവരുമായി ഇടപഴകുമ്പോൾ ആവശ്യമായ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാസ്‌കും ഗ്ലൗസും നിർബന്ധമായും ധരിക്കണം. എല്ലാ ആശുപത്രികളിലും പി.പി.ഇ കിറ്റ് എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പനിയെ തുടർന്ന് മൂന്നാമത്തെ ആളും മരിച്ചതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീയും സംഘവും സ്ഥലത്തുണ്ട്. ഇന്നലെ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡയരക്ടറും, മെഡിക്കൽ കോളേജിലെ വിദഗ്ധരും ,ഇവരെ ചികിത്സിച്ച സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും യോഗത്തിൽ സംബന്ധിച്ചു.
 

Latest News