ബെയ്‌റൂത്ത്- സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിലെ തെക്കന്‍ മേഖലയില്‍ ഐഎസ് ഭീകരര്‍ കീഴടങ്ങിയതായി സിറിയന്‍ യുദ്ധം നീരീക്ഷിക്കുന്ന സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. ഇവിടെ ഐഎസ് ഭീകരര്‍ വെടിനിര്‍ത്തി പിന്മാറ്റം തുടങ്ങിയിരിക്കുകയാണ്. ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പായ യര്‍മൂക്കിലും തൊട്ടടുത്തുള്ള അല്‍ തദാമോനിലും തമ്പടിച്ചിരുന്നു ഐഎസ് ഭീകരരെ കഴിഞ്ഞ ദിവസം രാത്രിയില്‍ ബസുകളിലായി ഇവിടെ നിന്നു കൊണ്ടു പോയെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി പറയുന്നു. ദമസ്‌ക്കസില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
സര്‍ക്കാരുമായി കരാറുണ്ടാക്കാനുള്ള ഐഎസ് ശ്രമങ്ങളെ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഐഎസ് ഭീകരര്‍ കീഴടങ്ങിയതായി സൂചനകളുണ്ടെന്ന് സര്‍ക്കാര്‍ അനൂകൂല പത്രമായ അല്‍ വത്വനും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മാസം മുമ്പ് ഇവിടെ പ്രസിഡന്റ് ബഷാര്‍ അസദിന്റെ സേന ഭീകരര്‍ക്കെതിരെ കനത്ത ആക്രമണം തുടങ്ങിവച്ചിരുന്നു. ദമസ്‌ക്കസിന്റെ തെക്കന്‍മേഖലയില്‍ നിന്ന് കൂടി ഭീകരരെ തുരത്തുന്നതോടെ 2011-ല്‍ ആഭ്യന്തര യുദ്ധ തുടങ്ങിയ ശേഷം ദമസ്‌ക്കസ് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാകും.