Sorry, you need to enable JavaScript to visit this website.

പെട്രോള്‍, ഡീസല്‍ വില കുതിച്ചുപായുന്നു

ന്യൂദൽഹി- കർണാടക തെരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് പിടിച്ചു നിർത്തിയിരുന്ന ഇന്ധന വില വീണ്ടും വർധിപ്പിച്ചതിനു ശേഷം തുടർച്ചയായ എട്ടാം ദിവസവും വില കുതിപ്പ് തുടരുന്നു. ദൽഹിയിൽ ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. എല്ലാ ദിവസവും വിലനിശ്ചയിക്കുന്ന രീതി നടപ്പിലാക്കിയ ശേഷം ആദ്യമായാണ് ഇത്രയും വലിയ വർധന. വില ഇനിയും കുതിച്ചു കയറുമെന്നാണ് സൂചന. കർണാടക വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല. 

നാലാഴ്ചയായി അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർധന എണ്ണക്കമ്പനികൾ ഉപഭോക്താക്കളുടെ ചുമലിലേക്കു കൂടി ഇട്ടിരിക്കുകയാണ്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ഇന്ധന വില വർധനയുടെ പ്രധാന കാരണമാണ്. നേരത്തെ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകത്തതും ഉപഭോക്താക്കൾക്ക് തിരിച്ചടിയായി. 

കേരളത്തിൽ കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി പെട്രോൾ ലീറ്ററിന് 80 രൂപയ്ക്കു മുകളിലെത്തിയിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് ഇന്നത്തെ വില 80.35 രൂപയാണ്. ഡീസലിന് 73.34 രൂപ. കൊച്ചിയിൽ പെട്രോൾ78.95 രൂപ, ഡീസൽ71.95 രൂപ. കോഴിക്കോട്ട് പെട്രോൾ79.30 രൂപ, ഡീസൽ72.29 രൂപ.

Latest News