തെറ്റുകൾ തിരുത്താതെ പോകുമ്പോൾ

പറ്റിപ്പോയ തെറ്റുകൾ തിരുത്തുകയെന്നതും കൂടുതൽ തെറ്റുകൾ പറ്റാതിരിക്കുന്നതിനുള്ള ജാഗ്രത പുലർത്തുകയും ചെയ്യുന്നത് വ്യക്തിജീവിതത്തിലായാലും സംഘടന തലത്തിലായാലും വളരെ നല്ല കാര്യമാണ്. തെറ്റുകൾ പറ്റാത്തവരുണ്ടാകില്ല, പക്ഷേ അത് തിരുത്താൻ തയാറാകുമ്പോഴാണ് സ്വയം ശുദ്ധീകരിക്കപ്പെടുന്നത്. സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ നേതൃത്വം നൽകുന്ന സി.പി.എം കേരള ഘടകം ഏതാനും ദിവസം മുൻപ് തെറ്റു തിരുത്തൽ രേഖയുമായി രംഗത്തെത്തിയിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ രേഖ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു. കേരളത്തിലെ തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ചതാണ് പാർട്ടി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖ. 
അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ദുഷ്പ്രവണതകളിലേക്ക് പാർട്ടി അംഗങ്ങൾ പോയിക്കൊണ്ടിരിക്കുകയാണെന്നും അത്തരം നടപടികളിൽ നിന്ന് പാർട്ടി അംഗങ്ങളെയും പ്രവർത്തകരെയും പിന്തിരിപ്പിക്കണമെന്നും തെറ്റ് തിരുത്തൽ രേഖയിൽ പറയുന്നുണ്ട്. പാർട്ടി അംഗങ്ങളുടെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചെന്നും പാർട്ടി അംഗങ്ങൾക്ക് അവരുടെ തെറ്റുകളും കുറവുകളും തിരുത്തി സംഘടനയെ നയിക്കാനാകണമെന്നുമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തെറ്റു തിരുത്തൽ രേഖയെ സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. വെള്ളം കടക്കാത്ത കമ്പാർട്ട്‌മെന്റല്ല പാർട്ടിയെന്നും സമൂഹത്തിലെ ജീർണതകൾ പാർട്ടിയിലേക്ക് അരിച്ചു കയറുന്നുണ്ടെന്നും തെറ്റു തിരുത്തൽ ഒരു ദിവസം കൊണ്ട് പൂർത്തിയാകില്ലെന്നും കൂടി അദ്ദേഹം പറഞ്ഞുവെച്ചു. ഇത് പറഞ്ഞ് നാവെടുക്കുന്നതിന് മുൻപാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജനെതിരെ ആരോപണമുന്നയിച്ചത്.  കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നതിനെപ്പറ്റി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉന്നയിച്ച ആരോപണം മാധ്യമങ്ങളിലൂടെ പുറത്തെത്തുകയായിരുന്നു. വലിയ കോലാഹലമാണ് ഈ ആരോപണം പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയത്. ഇത് എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ വെപ്രാളപ്പെട്ട് നടക്കുകയാണ് പാർട്ടി നേതൃത്വം.
അതവിടെ നിൽക്കട്ടെ, തെറ്റു തിരുത്തൽ രേഖയിലേക്ക് തിരിച്ചുവരാം. ഇവിടെ ഒരു കാര്യത്തിൽ സി.പി.എമ്മിനെ അഭിനന്ദിക്കേണ്ടതുണ്ട്. പാർട്ടി അംഗങ്ങളും നേതാക്കളുമെല്ലാം തെറ്റുകൾ ചെയ്യുന്നുണ്ടെന്ന യാഥാർത്ഥ്യം പാർട്ടി നേതൃത്വം അംഗീകരിക്കുകയെങ്കിലും ചെയ്യുന്നുണ്ടല്ലോ. മറ്റു രാഷ്ട്രീയ കക്ഷികൾക്കൊന്നും അങ്ങനെയൊരു ബോധമേയില്ല. എന്തു തെറ്റുകൾ പറ്റിയാലും അതിനെ അംഗീകരിക്കാനോ തിരുത്താനോ അവർ തയാറുമല്ല. 
കമ്യൂണിസ്റ്റ് സംഘടന രീതിയുടെ ഭാഗമാണ് പാർട്ടി അംഗങ്ങളുടെ തെറ്റുകൾ പരിശോധിക്കലും അതിൽ തിരുത്തലുകൾ വരുത്താനും തയാറാകുകയെന്നത്. സി.പി.എമ്മിലെ ഉൾപപ്പാർട്ടി ജനാധിപത്യത്തിന്റെ ഭാഗമായുള്ള വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെയും ഉപോൽപന്നം കൂടിയാണത്. തെറ്റുകൾ പറ്റുമെന്നും അത് തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടെതെന്നും കമ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങൾ ഉദ്‌ഘോഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തെറ്റു തിരുത്തൽ നടപടികളിലേക്ക് കടക്കുകയെന്നത് സി.പി.എമ്മിന്റെ സംഘടന രീതിയാണ്.
തെറ്റുതിരുത്തൽ രേഖകൾ അംഗീകരിക്കപ്പെടുന്നുണ്ടോയെന്നതല്ല, മറിച്ച് തെറ്റുകൾ തിരുത്തപ്പെടുന്നുണ്ടോയെന്നാണ് പരിശോധിക്കപ്പെടേണ്ടത്. മുൻകാലങ്ങളിലെ തെറ്റുകൾ  മാറ്റമില്ലാതെ തുടരുന്നുവെന്നതാണ് ഇതിന് മുൻപ് പാർട്ടി അവതരിപ്പിച്ച തെറ്റു തിരുത്തൽ രേഖകൾ നോക്കിയാൽ മനസ്സിലാക്കാൻ കഴിയുക. 1996 ൽ സി.പി.എം കേന്ദ്ര കമ്മിറ്റി വിശദമായ ഒരു തെറ്റു തിരുത്തൽ രേഖക്ക് രൂപം നൽകുകയുണ്ടായി. സംഘടനാപരമായി വരുത്തിയ തെറ്റുകളെക്കുറിച്ചാണ് ഈ രേഖ വളരെ വിശദമായി പരിശോധിക്കുന്നത്. രാഷ്ട്രീയമായി ഏറ്റെടുക്കേണ്ട കടമയെക്കുറിച്ചും പാർട്ടിയുടെ ദൗർബല്യത്തെക്കറിച്ചുമെല്ലാം അതിൽ പറയുന്നുണ്ട്. 
പിന്നീട് 2008 ൽ കോയമ്പത്തൂരിൽ നടന്ന സി.പി.എം 19 ാം പാർട്ടി കോൺഗ്രസിൽ 1996 ലെ തെറ്റു തിരുത്തൽ രേഖയിൽ കാതലായ പരിഷ്‌കരണങ്ങൾ വേണമെന്ന് ആവശ്യമുയരുകയും കാലഘട്ടത്തിന്റെ മാറ്റങ്ങൾ കൂടി ഉൾക്കൊണ്ട് പരിഷ്‌കരിച്ച തെറ്റു തിരുത്തൽ രേഖ കൊണ്ടുവരികയും ചെയ്തു. പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കുമിടയിൽ  ധനമോഹവും അനധികൃത സ്വത്ത് സമ്പാദനവും കൂടിവരികയാണെന്നും ഇക്കാര്യത്തിൽ കാതലായ പരിശോധനകൾ പാർട്ടിയിൽ നടക്കേണ്ടതുണ്ടെന്നും അന്നത്തെ തിരുത്തൽ രേഖയിൽ പറയുന്നുണ്ട്. പാർട്ടി നേതാക്കളുടെ പാർലമെന്ററി വ്യാമോഹത്തെക്കുറിച്ചും അതു മൂലമുണ്ടാകുന്ന സംഘടനാപരമായ തെറ്റുകളെക്കുറിച്ചുമെല്ലാം ഈ രേഖ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിന് ശേഷം നടന്ന ഒട്ടുമിക്ക പാർട്ടി കോൺഗ്രസുകളിലും സംസ്ഥാന സമ്മേളനങ്ങളിലുമെല്ലാം പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും അനധികൃത സ്വത്ത് സമ്പാദനം വലിയ ചർച്ചാവിഷയമാണ്. തിരുത്തണമെന്ന് ഓരോ സമ്മേളനം ആവശ്യപ്പെടുകയും അതിനനുസരിച്ചുള്ള പ്രവർത്തന രേഖകൾ കൊണ്ടുവരികയും ചെയ്യുമെങ്കിലും തിരുത്തലുകൾ നടക്കുന്നില്ലെന്ന് മാത്രമല്ല, ഈ പ്രവണത വർധിച്ചുകൊണ്ടേയിരിക്കുകയുമാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലും പണ്ട് ഉന്നയിച്ച അതേ കാര്യങ്ങൾ തന്നെയാണ് തെറ്റുകളായി ചൂണ്ടിക്കാട്ടിയതും തിരുത്തണമെന്ന് ആവശ്യപ്പെട്ടതും.
സംഘടനാപരമായി കൃത്യമായ ഒരു ചട്ടക്കൂട് സി.പി.എമ്മിനുണ്ട്. എന്നാൽ പലപ്പോഴും ഈ ചട്ടക്കൂടിനകത്തല്ല കാര്യങ്ങൾ നടക്കുന്നതെന്നതാണ് പ്രശ്‌നം. ബ്രാഞ്ച് തലം മുതൽ ദേശീയ തലം വരെ പാർട്ടി അംഗങ്ങളുടെ സ്വത്തും വരുമാനവുമെല്ലാം വെളിപ്പെടുത്തണമെന്നാണ് പാർട്ടി വ്യവസ്ഥ. എന്നാൽ കേവലം പാർട്ടി ലെവി കണക്കാക്കുന്നതിനുള്ള ഒരു വെളിപ്പെടുത്തൽ മാത്രമായി ഇത് മാറുകയാണ് പതിവ്. കൃത്യമായ സ്വത്ത് വിവരങ്ങളോ വരുമാനമോ പാർട്ടി അംഗങ്ങളിലും നേതാക്കളിലും ബഹുഭൂരിഭാഗം പേരും വെളിപ്പെടുത്താറില്ല. പാർട്ടിയിലെ ഒരു ഘടകത്തിലും ഇത് സംബന്ധിച്ച പരിശോധനകൾ നടക്കാറുമില്ല.
 തെറ്റുകൾ പറ്റുന്നുണ്ടെന്ന് സ്വയം വിമർശനം നടത്തുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ പറ്റിയ തെറ്റുകൾ എത്രത്തോളം തിരുത്തപ്പെടുന്നുണ്ടെന്നതിനെ സംബന്ധിച്ചുള്ള പരിശോധനയാണ് പ്രധാനമായും നടക്കേണ്ടത്. തെറ്റു തിരുത്തൽ രേഖകൾ പാർട്ടി സമ്മേളനങ്ങളിലും യോഗങ്ങളിലുമൊന്നും ആവർത്തിച്ച് പാസാക്കിയെടുത്തതുകൊണ്ട് കാര്യമില്ല, മറിച്ച് അത് കാലോചിതമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്യേണ്ടത്. 
പാർട്ടി കോൺഗ്രസിൽ തെറ്റു തിരുത്തൽ രേഖ അവതരിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാണ് മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഭരിച്ച ബംഗാളിൽ ജനങ്ങൾ സി.പി.എം ഭരണകൂടത്തെ തൂത്തെറിഞ്ഞത്. ഒരു കാലത്ത് വൻ സ്വാധീനമുണ്ടായിരുന്ന അവിടെ ഇപ്പോൾ പാർട്ടി നിലനിൽപിന് വേണ്ടി പോരാടുകയാണ്. പാർട്ടി നേതാക്കളും പ്രവർത്തകരും ജനങ്ങളിൽ നിന്ന് അകന്നതും പണാധിപത്യവും അധികാര ത്വരയും ബാധിച്ചതുമാണ് ബംഗാളിലെ തകർച്ചക്ക് കാരണമെന്ന് സി.പി.എം ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. അതിനർത്ഥം തെറ്റു തിരുത്തൽ നടപടികളൊന്നും തന്നെ പ്രാവർത്തികമാകുന്നില്ലെന്നാണ്. ത്രിപുരയിലും സംഭവിച്ചത് മറ്റൊന്നല്ല.
തിരുത്തി മുന്നോട്ട് പോകുകയെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ നിലനിൽപിന്റെ അടിസ്ഥാനം. അതിനനുസരിച്ച രീതിയിൽ പാർട്ടി സംവിധാനത്തെ മാറ്റിയെടുക്കേണ്ടത് നേതൃത്വത്തിന്റെ ചുമതലയാണ്. എന്നാൽ നേതൃത്വത്തിലിരിക്കുന്നവർ തന്നെ തിരുത്തലുകൾക്ക് തയാറാകാതിരുന്നാൽ താഴെ തട്ടിൽ പാർട്ടി സംവിധാനം ആകെ താറുമാറായിപ്പോകും. ബംഗാളിന്റെ ഗതി കേരളത്തിലെ സി.പി.എമ്മിന് വരാതിരിക്കണമെങ്കിൽ പാർട്ടി അംഗങ്ങളുടെ തെറ്റുകളെ തിരുത്തുകയും പുഴുക്കുത്തുകളെ പിഴുതെറിയുകയും ചെയ്‌തേ പറ്റൂ.

Latest News