Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാന്‍ഡ് ബാഗ് വീക്ക്‌നെസ്; റോസ്മ മലേഷ്യയുടെ ഇമെല്‍ഡ

ക്വലാലംപൂര്‍- മലേഷ്യയില്‍ പുതിയ ഉപഭോഗ നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങിയപ്പോഴായിരുന്നു സംഭവം. 2015 ല്‍ ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധം ശക്തമാകാന്‍ മറ്റൊരു കാരണം കൂടിയുണ്ടായി. മലേഷ്യന്‍ പ്രഥമ വനിതയുടെ പ്രസ്താവനയായിരുന്നു അത്. പുതിയ നികുതി തന്റെ കേശാലങ്കാരാത്തെ ബാധിക്കുമെന്നായിരുന്നു അവരുടെ പരാതി.
നികുതി നടപ്പിലാക്കിയാല്‍ തനിക്ക് ഒരു പ്രാവശ്യം മുടിക്ക് ചായമിടാന്‍ 1200 റിംഗിറ്റ് (300 ഡോളര്‍) ചെലവു വരുമെന്നാണ് പൊതു പ്രസംഗത്തില്‍ റോസ്മ മന്‍സൂര്‍ പറഞ്ഞത്. മലേഷ്യയില്‍ കുറഞ്ഞ മാസ വേതനം 900 റിംഗിറ്റായിരിക്കെ അവര്‍ നടത്തിയ പ്രസംഗം പരക്കെ അപലപിക്കപ്പെട്ടു. 
അഴിമതി ആരോപണങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട് പുറത്തായ നജീബ് റസാഖിന്റെ ഭാര്യ റോസ്മ മന്‍സൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ മാസം ഒമ്പതിനു നടന്ന തെരഞ്ഞെടുപ്പിലാണ് നജീബ് റസാഖ് പുറത്താക്കപ്പെട്ടത്. ആഡംബര ജീവിതം നയിച്ച റോസ്മയുടെ വീക്കനെസുകള്‍ കണ്ടെത്തുകയാണ് മാധ്യമങ്ങള്‍.

റോസ്മയുടെ വാക്കുകള്‍ മലേഷ്യക്കാരെ കുറച്ചൊന്നുമല്ല ക്ഷുഭിതരാക്കിയിരുന്നത്. കാരണം ഭര്‍ത്താവ് നജീബ് റസാഖിനോടൊപ്പം പൊതുവേദിയിലെത്തുമ്പോള്‍ റോസ്മ ധരിക്കാറുള്ള ആഡംബര വാച്ചുകളും ബാഗുകളും അവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മാധ്യമങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണമുണ്ടായിരുന്നതിനാല്‍ പ്രഥമവനിതയുടെ ആഡംബര ജീവിത ശൈലി വളരെ കുറഞ്ഞ തോതില്‍ മാത്രമേ വിമര്‍ശിക്കപ്പെട്ടുള്ളൂ. 

കഴിഞ്ഞ വെള്ളിയാഴ്ച നജീബും കുടുംബവും താമസിച്ച വീടുകളില്‍നിന്ന് വിലകൂടിയ ബാഗുകളും ആഭരണങ്ങളും പിടിച്ചതോടെ ഒരിക്കല്‍ കൂടി പൊതുജന ശ്രദ്ധ റോസ്മയിലേക്ക് തിരിയുകയാണ്. സര്‍ക്കാര്‍ പണമാണ് റോസ്മ ധൂര്‍ത്തടിച്ചതെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. ഇമെല്‍ഡ മാര്‍ക്കോസിനോടാണ് പലരും റോസ്മയെ താരതമ്യം ചെയ്യുന്നത്. ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് 1986 ല്‍ പുറത്താക്കപ്പെട്ടപ്പോഴാണ് 1200 ജോഡി ചെരിപ്പുകളുമായി ഇമെല്‍ഡ മാധ്യമങ്ങളില്‍ നിറഞ്ഞത്.

സ്വന്തം പണം ഉപയോഗിച്ച് വസ്ത്രങ്ങളും ബാഗുകളും വാങ്ങുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിച്ചുകൊണ്ടാണ് റോസ്മ മന്‍സൂര്‍ വിമര്‍ശനത്തെ നേരിടുന്നത്. 2013 ല്‍ പ്രസിദ്ധീകരിച്ച ജീവചരിത്രത്തിലും 66 കാരിയായ റോസ്മ ഇതേ ചോദ്യം ഉന്നയിക്കുന്നുണ്ട്. വനിതയെന്ന നിലയിലും നേതാവിന്റെ ഭാര്യയെന്ന നിലയിലും വൃത്തിയോടെയും വെടിപ്പോടെയും താന്‍ നടക്കേണ്ടതല്ലേയെന്നും റോസ്മ ചോദിക്കുന്നു. മലേഷ്യന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ മറ്റുരാജ്യക്കാര്‍ പരിഹസിച്ചാല്‍ അതിന്റെ കുറവ് മലേഷ്യക്കാര്‍ക്കാണെന്നും അവര്‍ പറഞ്ഞിരുന്നു. 
മാധ്യമ വിചാരണ തടയാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് റോസ്മ മന്‍സൂര്‍ ഇപ്പോള്‍. തന്റെ വസതിയില്‍നിന്ന് കിട്ടിയ സാധനങ്ങളുടെ പട്ടിക ചോര്‍ന്നതോടെ അന്വേഷണം തന്നെ പ്രഹസനമായിരിക്കയാണെന്ന് റോസ്മക്ക് വേണ്ടി അഭിഭാഷകര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

തന്റെ മുന്‍ നേതാവ് മഹാതീര്‍ മുഹമ്മദിനോട് തോറ്റ നജീബ് റസാഖ് പണം വെളുപ്പിക്കില്‍ കേസില്‍ അന്വേഷണം നേരിടുകയാണ്. നജീബും ഭാര്യ റോസ്മയും നാടുവിടുന്നത് വിലക്കിയിട്ടുമുണ്ട്. നജീബ് സ്ഥാപിച്ച 1 മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാഡില്‍ (1 എംബിഡി) നടത്തിയ തട്ടിപ്പിലും വെട്ടിപ്പിലുമാണ് നജീബ് അന്വേഷണം നേരിടുന്നത്. മലേഷ്യന്‍ നിക്ഷേപ ഫണ്ടില്‍നിന്ന് വഴിതിരിച്ച 700 ദശലക്ഷം ഡോളര്‍ നജീബ് സ്വീകരിച്ചുവെന്നാണ് യു.എസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നജീബ് ശക്തിയായി നിഷേധിക്കുന്നു.

ഏതാണ്ട് 300 പെട്ടി ഡിസൈനര്‍ ബാഗുകളും പണവും ആഭരണങ്ങളും നിറച്ച ഡസന്‍കണക്കിനു ബാഗുകളുമാണ് നജീബിന്റെ വീടുകളില്‍നിന്ന് പോലീസ് കണ്ടുടുത്തത്. 


 

Latest News