Sorry, you need to enable JavaScript to visit this website.

ബിഎസ്എഫിന്റെ പെണ്‍ നായ പ്രസവിച്ചു,  അന്വേഷണത്തിന് സൈനിക കോടതി ഉത്തരവ്

ഷില്ലോങ്- മേഘാലയയിലെ അതിര്‍ത്തി രക്ഷാ സേനയുടെ സ്നിഫര്‍ നായ്ക്കളില്‍ ഒന്ന് പ്രസവിച്ചു. ഡിസംബര്‍ 5 ന് ലാല്‍സി എന്ന പെണ്‍നായയാണ് മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതേ തുടര്‍ന്ന് നായ എങ്ങനെ ഗര്‍ഭിണിയായി എന്ന് കണ്ടെത്താന്‍ സൈനിക കോടതി ഉത്തരവിട്ടു. ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
നിയമം അനുസരിച്ച് ഒരു ബിഎസ്എഫ് നായ ഉയര്‍ന്ന സുരക്ഷാ മേഖലയില്‍ ഗര്‍ഭിണിയാകാന്‍ പാടില്ല. സേനയുടെ വെറ്ററിനറി വിഭാഗത്തിന്റെ ഉപദേശത്തിനും മേല്‍നോട്ടത്തിനും വിധേയമായി മാത്രമേ നായകള്‍ക്ക് പ്രജനനം നടത്താന്‍ അനുവാദമുള്ളൂവെന്നും നിയമത്തില്‍ പറയുന്നു. ഇവ നിലനില്‍ക്കെയാണ് ബിഎസ്എഫ് 43ാം ബറ്റാലിയനിലെ പെണ്‍ നായ ബോര്‍ഡര്‍ ഔട്ട്പോസ്റ്റിലെ ബാഗ്മാരയില്‍ മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ബിഎസ്എഫിന്റെ പ്രാദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ സൈനിക കോടതിയാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ചുമതല ബിഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അജിത് സിംഗിനാണ് നല്‍കിയിരിക്കുന്നത്.

Latest News