മില്‍ഹാജിന്റെ മൃതദേഹം നാട്ടുകാര്‍  കണ്ടെത്തിയത് ബസ്സിനടിയില്‍

ഇടുക്കി- മലപ്പുറം വളാഞ്ചേരിയില്‍ നിന്നും പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു മലപ്പുറം സ്വദേശി മില്‍ഹാജാണ് മരിച്ചത്. ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി എത്തിയ വളാഞ്ചേരി റീജനല്‍ കോളജിലെ വിദ്യാര്‍ത്ഥി സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇടുക്കി കല്ലാര്‍കൂട്ടി മൈലാടും പാറ റൂട്ടില്‍ തിങ്കള്‍കാട്ടില്‍ നിയന്ത്രണം വിട്ട വാഹനം കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാല്‍പ്പത്തിനാല് പേരെയും നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ ആളുകളെ മുഴുവന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടും മില്‍ഹാജിനെ കാണാനില്ലായിരുന്നു പിന്നീട് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബസ്സിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍  മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട് .
സംഘം തിരികെ മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. കല്ലാര്‍കൂട്ടി മൈലാടും പാറ റൂട്ടില്‍ മുനിയറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി തിങ്കള്‍ക്കാടിന് സമീപം കുത്തിറക്കവും കൊടും വളവുമായ ഇവിടെ നിയന്ത്രണം വിട്ട് ബസ്സ് കൊക്കയിലേയ്ക്ക് പതിക്കുകയായിരുന്നു.  വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നത്തിയയത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി.  ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു.

Latest News