സുപ്രീംകോടതി തടഞ്ഞത്  ഫാസിസത്തിന്റെ അശ്വമേധം

ഫാസിസം ജനാധിപത്യത്തെ ഇടിച്ചു തകർക്കുന്നത് ഇന്ത്യയിൽ എങ്ങനെയായിരിക്കുമെന്നതിന്റെ ചെറിയൊരു നേരനുഭവമാണ് കർണാടക സംഭവങ്ങളിലൂടെ രാജ്യം അനുഭവിച്ചത്. ജനാധിപത്യത്തിന്റെ തന്മോഹന രൂപത്തിൽ രാവണനെപ്പോലെ ആർ.എസ്.എസ് ബി.ജെ.പിയായി താണ്ഡവമാടിയപ്പോൾ. അതിനെതിരായ പ്രതിരോധമാണ് ചരിത്രപരമായ അടിയന്തര ഇടപെടലിലൂടെ സുപ്രീംകോടതി വെള്ളിയാഴ്ച നിർവഹിച്ചത്. ഭരണഘടനയുടെയും നീതിപീഠത്തിന്റെയും അന്തസ്സത്തയും ആത്മശക്തിയും പ്രയോഗിച്ച് തടയാൻ ശ്രമിച്ചത്. ശനിയാഴ്ച കർണാടക നിയമസഭാ സുപ്രീംകോടതി നിർദ്ദേശ പ്രകാരം വിളിച്ചു ചേർത്തിരിക്കുകയാണ്. പരസ്യമായി വിശ്വാസ വോട്ടിൽ മുഴുവൻ എം.എൽ.എമാരും ഭാഗഭാക്കാവുമ്പോൾ ആർക്കാണ് യഥാർത്ഥ ഭൂരിപക്ഷമെന്ന് നിയമസഭ തീരുമാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായുടെയും ഗവർണർ വാജുഭായ് വാലയുടെയും കേന്ദ്ര അധികാരത്തിന്റെയും കോടികണക്കായ കള്ളപ്പണത്തിന്റെയും പിൻബലത്തിൽ മുഖ്യമന്ത്രിയായ യെദിയൂരപ്പക്ക് ജനപ്രതിനിധികളുടെ പിൻബലമുണ്ടോ? അതോ ജനവിധിയെ തുടർന്ന് രൂപപ്പെട്ട കോൺഗ്രസ്- ജനതാദൾ എസ് സഖ്യത്തിന്റെ 117 എം.എൽ.എമാർക്കാണോ സഭയിൽ ഭൂരിപക്ഷം. കേന്ദ്ര ഗവൺമെന്റിന്റെ സർവ ഭരണാധികാര ശക്തികളും ബല്ലാരിയിലെ ഖനി മാഫിയകളുടേതടക്കം കോടികൾ വിലയിട്ട് കുതിരക്കച്ചവടത്തിന് ശ്രമിച്ച് ജനവിധിയെ തോല്പിക്കാൻ ഈ ദിവസങ്ങളിൽ നടത്തിയ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ജനാധിപത്യ അട്ടിമറി കർണാടകയിൽ വിജയിച്ചോ ഇല്ലയോ എന്ന് വിശ്വാസവോട്ടിന് ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതിനു മുമ്പ് ഒരു കാര്യം വ്യക്തമായിട്ടുണ്ട്.
 ഇന്ത്യൻ ജനാധിപത്യം ഒരു കൊലപാതക മുനമ്പിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. സുപ്രീംകോടതി തൽക്കാലം അതിനെ ഇടപെട്ട് രക്ഷിച്ചെന്നു മാത്രം. അത് വിജയിക്കുന്നില്ലെങ്കിൽ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ അടുത്ത പൊതുതിരഞ്ഞെടുപ്പോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ കഴുത്ത് ആ മുനമ്പിൽ വെച്ച് മുറിക്കുക തന്നെ ചെയ്യും. കർണാടകയിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ബി.ജെ.പി നേതാവ് യെദിയൂരപ്പയുടെ വാക്കുകളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിവോടും പങ്കാളിത്തത്തോടും കൂടി ബി.ജെ.പി രൂപപ്പെടുത്തിയ ജനവിധി അട്ടിമറിക്കാനുള്ള തിരക്കഥ വെളിപ്പെട്ടിരുന്നു. ജനവിധി ബാലറ്റു പെട്ടികൾക്കകത്ത് രേഖപ്പെട്ടു കിടക്കുമ്പോൾ തന്നെ മെയ് 17ന് താൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഹങ്കാരത്തിന്റെ വലിയ വായിൽ യെദിയൂരപ്പ പ്രഖ്യാപിക്കുകയുണ്ടായി. വോട്ടെണ്ണി കഴിഞ്ഞപ്പോൾ 222 അംഗ നിയമസഭയിൽ 104 അംഗങ്ങളുടെ പിന്തുണ മാത്രമേ ബി.ജെ.പിക്ക് ലഭിച്ചുള്ളൂ. കർണാടകയിലെ ഭരണം പിടിക്കൽ 'ഓപറേഷൻ' ആദ്യന്തം ആസൂത്രണം ചെയ്ത ബി.ജെ.പി അധ്യക്ഷൻ അമിത്ഷായെ ഞെട്ടിക്കുന്ന നീക്കം കോൺഗ്രസും ജനതാദളും നടത്തി. തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ അവർ യോജിച്ച് 117 അംഗങ്ങളുടെ രാഷ്ട്രീയ സംഖ്യ രൂപപ്പെടുത്തി.
പിന്നീട് രാജ്ഭവൻ കുതിരക്കച്ചവടത്തിന്റെയും ജനാധിപത്യ അട്ടിമറിയുടെയും കേന്ദ്രമാകുകയായിരുന്നു. തിരഞ്ഞെടുപ്പിൽ വിജയിച്ച എം.എൽ.എമാരുടെ പേരുകൾ തിരഞ്ഞെടുപ്പ്  കമ്മീഷൻ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യുന്നതിന് മുമ്പ് നിയമസഭയിൽ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് യെദിയൂരപ്പ ഗവർണറെ നേരിൽ കണ്ട് അവകാശവാദം ഉന്നയിച്ചു. കോൺഗ്രസും ജനതാദളും 117 അംഗങ്ങളുടെ അംഗീകാരം തങ്ങൾക്കാണെന്ന് അവകാശപ്പെട്ടിട്ടും ഗവർണർ അത് നിരാകരിച്ചു. 
104 അംഗങ്ങളേക്കാൾ വലിയ സംഖ്യയാണ് 117 എന്ന് ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിലിരുന്ന് ഗവർണർ വിധി പ്രസ്താവിച്ചു. ഗവർണറുടെ തീരുമാനം വരുന്നതിന് മുമ്പു തന്നെ ബി.ജെ.പിയുടെ സംസ്ഥാന കേന്ദ്ര ഓഫീസുകളിൽ നിന്ന് പിറ്റേന്നത്തെ സത്യപ്രതിജ്ഞാ സമയം പോലും സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു കഴിഞ്ഞിരുന്നു.ഗോവ, മണിപ്പൂർ, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായവരെ ചാടിക്കടന്നാണ് ബി.ജെ.പി സർക്കാറുകൾ പടച്ചുണ്ടാക്കിയത്. അതു തന്നെ കർണാടകയിലും നടപ്പിൽ വരുത്താനാണ് ഗുജറാത്ത് മന്ത്രിസഭയിൽ മോദിക്കൊപ്പം മന്ത്രിയായിരുന്ന ആർ.എസ്.എസിന്റെ വിശ്വസ്തനായ വാജുഭായ് വാലയെ മുൻകൂട്ടി കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗവർണറായി നിയോഗിച്ചത്. സുപ്രീംകോടതിയുടെ അസാധാരണ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ മോദി-അമിത്ഷാ- യെദിയൂരപ്പ തിരക്കഥ 
'ജനാധിപത്യപരമായി കർണാടകയിൽ' നടപ്പാകുമായിരുന്നു. മുകളിൽ പറഞ്ഞതു പോലെ ഗോവ തൊട്ടുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് കാണിക്കാതെ പോയ ജാഗ്രതയും എന്തും ചെയ്യാൻ മടിക്കാത്ത ഫാസിസ്റ്റ് ശക്തിയോടാണ് ഇടപെടുന്നതെന്ന തിരിച്ചറിവും കർണാടകയിൽ കോൺഗ്രസ് ഉണർന്ന് കാണിച്ചിരുന്നില്ലെങ്കിൽ.
സോണിയാഗാന്ധിയുടെ അടിയന്തര ഇടപെടലിലൂടെയാണ് തിരഞ്ഞെടുപ്പിൽ ശത്രുക്കളായി ഏറ്റുമുട്ടിയ കുമരസ്വാമിയുടെ ജെ.ഡി.എസും കോൺഗ്രസും തമ്മിൽ ഐക്യമുന്നണി ഉണ്ടായത്. ജെ.ഡി.എസ് നേതാവ് കുമരസ്വാമിയെ മുഖ്യമന്ത്രിയാക്കാൻ ചടുല നീക്കം നടത്തിയത്. കോൺഗ്രസ് നേതാക്കളെ ആദ്യം കാണാൻ വിസമ്മതിക്കുകയും അവരുടെയും ജെ.ഡി.എസിന്റെയും അവകാശവാദം കേൾക്കാനും ബി.ജെ.പിയുടെ വാദവുമായി വസ്തുതാപരമായി അത് താരതമ്യം ചെയ്യാനും ഗവർണർ വിസമ്മതിച്ചു. മോദിയോടും ആർ.എസ്.എസിനോടും മാത്രം ബാധ്യതയുള്ള ഗവർണർ വാജുഭായ് വാല ഭരണഘടനയോടും ഭരണഘടനാസ്ഥാപനത്തോടുമുള്ള തന്റെ ഉത്തരവാദിത്വം നിർവഹിച്ചില്ല. 
ഈ ഘട്ടത്തിലാണ് കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ രണ്ടാമത്തെ ഇടപെടലുണ്ടായത്. സത്യപ്രതിജ്ഞ ചെയ്യിക്കാനുള്ള ഗവർണറുടെ തീരുമാനം റദ്ദാക്കണമെന്നും ഭൂരിപക്ഷമുള്ള തങ്ങളുടെ സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാൻ ഗവർണറോട് നിർദ്ദേശിക്കണമെന്നും നിയമയുദ്ധത്തിന് തുടക്കമിട്ട് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. 
രണ്ടു ദിവസം കഴിഞ്ഞ് വേനൽക്കാല അവധിക്ക് കോടതി അടയ്ക്കുമെന്നിരിക്കെ അർധരാത്രിയിൽ മൂന്നംഗ ബെഞ്ച് രൂപീകരിച്ചതും പുലർച്ച വരെ വാദം കേട്ടതും യെദിയൂരപ്പ നൽകിയ അവകാശ വാദങ്ങളുടെ കത്തുകൾ കോടതിക്കു മുമ്പിൽ എത്തിക്കാൻ ഉത്തരവിട്ടതും സുപ്രീംകോടതിയുടെ അടിയന്തര ഇടപെടലായി. കോടതി അവധിക്കായി പിരിയുന്ന ദിവസം തന്നെ 10.30ന് കേസുകൾ കേൾക്കാൻ തീരുമാനിച്ചതും.
ഒരൊറ്റ ദിവസം കൊണ്ട് മറ്റൊരു ഭരണഘടനാ സ്ഥാപനമായ ഗവർണറുടെ തീരുമാനം റദ്ദാക്കാൻ തീരുമാനിക്കാതെ തെറ്റും ശരിയും നീണ്ടൊരു പരിശോധനക്ക് മാറ്റിവെക്കുകയാണ്  സുപ്രീംകോടതി ചെയ്തത്. അതേ സമയം കർണാടകയിലെ ജനാധിപത്യ കശാപ്പ് തടയുന്നതിന് പരമാവധി വേഗതയിലുള്ള നീതിന്യായ ഇടപെടൽ നടത്തുകയും ചെയ്തു.. അതിന്റെ ഫലം കേന്ദ്ര അധികാരവും പണാധിപത്യവും ഒന്നിച്ചു ചേർന്ന് കർണാടകയിൽ ജനവിധി അപഹരിക്കാൻ ശ്രമിച്ചതിനെ എത്ര കണ്ട് പരാജയപ്പെടുത്തി എന്നത് കോടതിയുടെ പരിധിയിലും വരുതിയിലും വരുന്ന വിഷയമല്ല.
ജനാധിപത്യം അപകടത്തിലാണെന്ന മുന്നറിയിപ്പോടെ സുപ്രീംകോടതിയിലെ മുതിർന്ന നാല് ജഡ്ജിമാർ ഉയർത്തിയ മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഉയർത്തിയ ചൂണ്ടുവിരലും ഉന്നത നീതിപീഠത്തെ സംബന്ധിച്ചവിശ്വാസ്യതയെ ബാധിച്ചിരുന്നു. മുതിർന്ന ജഡ്ജിമാരെ മാറ്റി നിർത്തി മറ്റുള്ളവരെ ഉൾപ്പെടുത്തി ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചുകൾ രൂപീകരിച്ചതും. ഈ സന്ദർഭത്തിലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ നിലനില്പ് തകർക്കുന്ന കർണാടക അട്ടിമറി കേസ് രൂപത്തിൽ സുപ്രീംകോടതിയിലെത്തിയത്.
അതിനോട് അർധരാത്രിയിൽ തന്നെ ചീഫ് ജസ്റ്റിസ് പ്രതികരിച്ചതും. കേസ് കേൾക്കാൻ ജസ്റ്റിസുമാരായ എ.കെ. സിക്രി, എസ്.എ ബോപ്‌ടെ, അശോക് ഭൂഷൺ എന്നിവരുടെബഞ്ച് വ്യാഴാഴ്ച പുലർച്ചെയും വെള്ളിയാഴ്ച രാവിലെയുമായി കേസ് കേൾക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു. ഇത് രാജ്യത്തെ മുഴുവൻ ജനാധിപത്യ- മതനിരപേക്ഷ വിശ്വാസികളുടെ ആത്മധൈര്യവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുന്നതാണ്. ജനാധിപത്യത്തിന്റെ യഥാർത്ഥ ഉടമകളായ ജനങ്ങളുടെ തീരുമാനത്തെ ചവിട്ടിയരക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ വേഷപ്രച്ഛന്നമായ നീക്കങ്ങളെ ജനങ്ങളെയാകെ ബോധ്യപ്പെടുത്താൻ ഉന്നത നീതിപീഠത്തിന്റെ ചരിത്രപരമായ ഇടപെടലിന് സഹായകമായി.
പക്ഷേ ഇത് തുടക്കം മാത്രം. ഒടുക്കം എങ്ങനെയാകുമെന്ന് നിയമസഭയിലേ വ്യക്തമാകൂ..... എങ്കിലും രണ്ടു ദിവസം മുഖ്യമന്ത്രിക്കസേരയിലിരുന്ന യെദിയൂരപ്പക്കും മുഖ്യമന്ത്രിയാക്കിയ ഗവർണർ വാലക്കും അതുകൊണ്ട് രക്ഷപ്പെടാനാകില്ല. കൃത്രിമമായും വഞ്ചനയിലൂടെയും ജനവിധിയെ തോൽപിച്ച് ഒരു സർക്കാറിനെ അധികാരത്തിലെത്താൻ ശ്രമിച്ചതിന്റെ കുറ്റവിചാരണ യെദിയൂരപ്പക്കെതിരെ നേരിട്ടും ഗവർണർക്കെതിരെ പരോക്ഷമായും സുപ്രീംകോടതി തുടരും.

Latest News