കിണറില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങി; തിരികെ കയറാനാവാതെ യുവാവ്, ഫയര്‍ഫോഴ്‌സ് രക്ഷക്കെത്തി

ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം.

പയ്യന്നൂര്‍-കിണറില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ആളെയും ആടിനെയും രക്ഷിച്ച് പെരിങ്ങോം അഗ്‌നിശമനസേന. ശനിയാഴ്ച വൈകുന്നേരമാണ് അരവഞ്ചാല്‍ യു.പി.സ്‌കൂളിനു സമീപം പാട്ടില്ലത്ത് വീട്ടില്‍ പി.അബ്ദുറഹിമാന്റെ നാല് മാസം പ്രായമുള്ള ആട് ഇദ്ദേഹത്തിന്റെ തന്നെ വീട്ടുപറമ്പിലെ 30 അടി താഴ്ചയുള്ള കിണറില്‍ വീണത്. കിണറില്‍ അഞ്ച് അടിയോളം വെള്ളം ഉണ്ടായിരുന്നു. ആടിനെ രക്ഷിക്കാന്‍ അബ്ദുറഹ്മാന്റെ മകന്‍ കെ.സജീര്‍ കിണറിലിറങ്ങി. എന്നാല്‍ ആടിനെ രക്ഷിക്കാനോ, തിരികെ  കയറാനോ കഴിയാതെ കയറില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. പെരിങ്ങോം ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സജീറിനേയും ആടിനേയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ടി.കെ.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റെസ്‌ക ഓഫീസര്‍മാരായ പി.വി.ബിനോയ് , കെ.വി.വിപിന്‍ , എ.അനൂപ് , കെ.സജീവ് , ഹോംഗാര്‍ഡുമാരായ പി.സി.മാത്യു , പി.എം.മജീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

 

Latest News