ബംഗളൂരു- കര്‍ണാടകയില്‍ ബിജെപി തങ്ങളുമായി സഖ്യമുണ്ടാക്കുമെന്ന് ജെഡി(എസ്) കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും പാര്‍ട്ടി തനിച്ച് മത്സരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡി(എസ്)ക്ക് വോട്ട് ചെയ്യുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശസ്‌നേഹികളുടെ പാര്‍ട്ടിയായ ബി.ജെ.പിക്കൊപ്പമാണോ അതോ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'തുക്‌ഡെ തുക്‌ഡെ സംഘത്തിനൊപ്പമാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് അദ്ദേഹം ജഅഭ്യര്‍ത്ഥിച്ചു.
ത്രികോണ പോരാട്ടമാണ് നടക്കുകയെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇത്തവണ നേരിട്ടുള്ള പോരാട്ടമാണെന്ന് ഞാന്‍ പറയുന്നു. കാരണം ജെഡി (എസ്) ന് വോട്ട് ചെയ്യുക എന്നാല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുക എന്നാണ്. അപ്പോള്‍ നേരിട്ടുള്ള പോരാട്ടമാണോ അല്ലയോ?' അമിത് ഷാ ചോദിച്ചു.
ബിജെപി തങ്ങളുമായി കൂട്ടുകൂടുമെന്ന് അവകാശപ്പെട്ട് ജെഡി(എസ്) കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു പാര്‍ട്ടിയുമായും സഖ്യത്തിനു പോകില്ലെന്ന് കര്‍ണാടകയിലെ പ്രവര്‍ത്തകരോടും ജനങ്ങളോടും പറയാനാണ് വന്നത്. ഒറ്റയ്ക്ക് പോരാടി സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കും.
പാലസ് ഗ്രൗണ്ടില്‍ നടന്ന ബിജെപി ബൂത്ത് പ്രസിഡന്റുമാരുടെയും ബൂത്ത് തലത്തിലുള്ള ഏജന്റുമാരുടെയും കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഷാ.
ഗുജറാത്തില്‍ പാര്‍ട്ടി നേടിയ വന്‍വിജയം അദ്ദേഹം എടുത്തുപറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അത് അപൂര്‍ണമാകരുത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വേണം സര്‍ക്കാര്‍ രൂപീകരിക്കാന്‍- അദ്ദേഹം പറഞ്ഞു. 2023 ഏപ്രില്‍-മെയ് മാസത്തോടെയാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.






