Sorry, you need to enable JavaScript to visit this website.

അബ്ശിറിലെ പുതിയ ട്രാവല്‍ സേവനം; കൂടുതല്‍ വിവരങ്ങളുമായി സൗദി ജവാസാത്ത്

റിയാദ് - ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ ഒടുക്കാതെ ബാക്കിയുണ്ടാകുന്നത് സ്വദേശികളുടെ വിദേശ യാത്രക്ക് വിലക്കായി മാറില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച അബ്ശിര്‍ ട്രാവല്‍ സേവനം പ്രയോജനപ്പെടുത്തല്‍ നിര്‍ബന്ധമല്ല. കരാതിര്‍ത്തി പോസ്റ്റുകളില്‍ എത്തുന്നതിനു മുമ്പായി വാഹനങ്ങളിലെ യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കുകയാണ് അബ്ശിര്‍ ട്രാവല്‍ സേവനം ചെയ്യുന്നത്. ഇതിലൂടെ കരാതിര്‍ത്തി പോസ്റ്റുകളിലെ തിരക്ക് കുറക്കാനും യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ കാത്തിരിക്കേണ്ടിവരുന്ന സമയം കുറക്കാനും സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ ആദ്യ ഘട്ടത്തില്‍ അബ്ശിര്‍ ട്രാവല്‍ സേവനം ആരംഭിച്ചിട്ടുണ്ട്. ജവാസാത്ത് നല്‍കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യാ പരിഹാരങ്ങളുടെ തുടര്‍ച്ചയെന്നോണം വെള്ളിയാഴ്ചയാണ് കിംഗ് ഫഹദ് കോസ്‌വേയില്‍ സേവനം നിലവില്‍വന്നത്. യാത്രക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അബ്ശിര്‍ ട്രാവല്‍ സേവനം വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പാസ്‌പോര്‍ട്ട് കാലാവധി, യാത്രാനുമതി പത്രം എന്നിവയുമായും മറ്റും ബന്ധപ്പെട്ട് യാത്രക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുന്‍കൂട്ടി ഉറപ്പുവരുത്താന്‍ സാധിക്കും. കൂടാതെ യാത്രക്കാര്‍ എത്തുമെന്ന് കരുതുന്ന സമയത്ത് അതിര്‍ത്തി പോസ്റ്റില്‍ തിരക്ക് ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി അവരെ അറിയിക്കാനും സേവനം സഹായിക്കും.
യാത്രക്കാര്‍ അതിര്‍ത്തി പോസ്റ്റില്‍ എത്തുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ നഫാദ് പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ പരിശോധിക്കാനും ഇതിലൂടെ സാധിക്കും. ഇതുവഴി അതിര്‍ത്തി പോസ്റ്റുകളിലെ പ്രത്യേക ട്രാക്കുകള്‍ വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തുകടക്കാന്‍ കഴിയും. പടിപടിയായി മറ്റു കരാതിര്‍ത്തി പോസ്റ്റുകളിലേക്കും അബ്ശിര്‍ ട്രാവല്‍ സേവനം വ്യാപിപ്പിക്കും. അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും സേവനം പ്രയോജനപ്പെടുത്താന്‍ സാധിക്കും. അബ്ശിര്‍ ട്രാവല്‍ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ അബ്ശിര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News