ഹാരിക്കും മേഗനും ഇന്ത്യയിൽനിന്നൊരു സവിശേഷ സമ്മാനം

മുംബൈ- ഹാരി രാജകുമാരനും ഹോളിവുഡ് നടി മേഗൻ മർക്കലിനും ഇന്ത്യയിലെ മൃഗാവകാശ സംഘടനയായ പെറ്റയുടെ വക വിവാഹ സമ്മാനം ഒരു കാള. ഹാരിയുടേയും മേഗന്റേയും പേരുകൾ ചേർത്തുകൊണ്ട് മെറിയെന്നു പേരിട്ട കാള ഇപ്പോൾ മഹാരാഷ്ട്രയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലാണ്. കഴുത്തിൽ ആഴമേറിയ മുറിവോടെ കണ്ടെത്തിയ ഈ കാളയെ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമിൽസ്(പെറ്റ) പ്രവർത്തകരാണ് രക്ഷപ്പെടുത്തിയത്. 
വിവാഹ സുദിനം ചാരിറ്റി പ്രവർത്തനങ്ങളും സംഭാവനകളുമായി ആഘോഷിക്കുന്ന ഹാരിക്കും മേഗനും ദുരിതത്തിൽനിന്ന് രക്ഷപ്പെടുത്തിയ മെറി മികച്ച സമ്മാനമാണെന്ന് പെറ്റ സ്ഥാപകൻ ഇൻഗ്രിഡ് ന്യുകിർക് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന ബോധവൽകരണമാണ് ഈ സമ്മാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് പെറ്റ ഇന്ത്യ വക്താവ് സെച്ചിൻ ബംഗേര പറഞ്ഞു. 
മഹാരാഷ്ട്രയിലുള്ള കാളയെ രാജകീയ വിവാഹവേദിയിൽ എത്തിക്കാനാകില്ല. അതുകൊണ്ട് മെറിയുടെ ഒരു ഛായാചിത്രത്തിൽ മെറിയുടെ കഥ കൂടി ഉൾപ്പെടുത്തി ഫ്രെയിം ചെയ്ത് രാജദമ്പതികൾക്ക് അയക്കുകയാണെന്ന് ബംഗേര പറഞ്ഞു. 

Latest News