Sorry, you need to enable JavaScript to visit this website.

റേഷനരി കട്ട് തിന്നാന്‍ ഒറ്റയാന്‍ വീട് തകര്‍ത്തു, നേരത്തെ രണ്ട് തവണ റേഷന്‍ കടയും, നാട്ടുകാര്‍ക്ക് രക്ഷയില്ല

ഇടുക്കി :  റേഷനരി കട്ട് തിന്നല്‍ ഹോബിയാക്കിയ ഒറ്റയാന്‍ കഴിഞ്ഞ ദിവസം ഇതിന് വേണ്ടി ഒരു വീട് തന്നെ തകര്‍ത്തു, അരി പ്രേമം മൂത്ത് ഇതിന് മുന്‍പ് രണ്ടു തവണ റേഷന്‍ കടയും തകര്‍ത്തിരുന്നു. ഇടുക്കി രാജകുമാരിയില്‍ നാട്ടുകാര്‍ അരികൊമ്പന്‍ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഒറ്റയാനാണ് റേഷനരി തിന്നാനായി ആനയിറങ്കല്‍ ശങ്കരപാണ്ഡ്യമെട്ടിലെ മുരുകനും ഭാര്യ പാണ്ഡിയമ്മയും താമസിച്ചിരുന്ന വീട് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. ഭൂമി പാട്ടത്തിനെടുത്ത് ഏലകൃഷി ചെയ്യുന്ന മുരുകനും കുടുംബവും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രി പത്തരയോടെ വീടിന് പുറത്ത് ശബ്ദം കേട്ട് മുരുകനും ഭാര്യയും ടോര്‍ച്ചടിച്ച് നേക്കിയപ്പോഴാണ് ഒറ്റയാന്‍ വീടിന് നേരെ പാഞ്ഞടുക്കുന്നത് കണ്ടത്. ഉടന്‍ ഇവര്‍ വീടിന് പിന്നിലെ വാതിലിലൂടെ പുറത്തേക്കോടി. നിമിഷ നേരം കൊണ്ട് വീട് തകര്‍ത്ത അരി കൊമ്പന്‍ വീടിനുള്ളില്‍ സൂക്ഷിച്ച 15 കിലോഗ്രാം റേഷനരി മുഴുവന്‍ തിന്നു തീര്‍ത്തു. തലനാരിഴക്കാണ് മുരുകനും കുടുംബവും രക്ഷപ്പെട്ടത്. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച വീടിന്റെ ചുമരും മേല്‍ക്കൂരയും തകര്‍ന്ന് വീണു.
മുരുകന്റെ വീടിന് സമീപം താമസിക്കുന്ന വനം വകുപ്പ് വാച്ചര്‍ വിജയകുമാറും നാട്ടുകാരും എത്തി പടക്കം പൊട്ടിച്ചാണ് ഒറ്റയാനെ തുരത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കലിലെ റേഷന്‍ കട രണ്ട് തവണ തകര്‍ത്ത് ഒറ്റയാന്‍ റേഷനരി അകത്താക്കിയിരുന്നു. കൊമ്പന്റെ അരി പ്രേമം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. അരി കട്ടു തിന്നാനായി ഇനി ഏത് വീടാണ് ലക്ഷ്യം വെക്കുന്നതെന്ന പേടിയിലാണ് ഇവര്‍.

Latest News