ത്രിപുരയില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗസും സി.പി.എമ്മും കൈകോര്‍ക്കും

ന്യൂദല്‍ഹി- ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുഖ്യ ശത്രുപക്ഷത്തു നിര്‍ത്തി എതിരിടാന്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും കൈ കോര്‍ക്കും. അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്‍പായി സഖ്യ ധാരണ ഉണ്ടാകുമെന്നാണ് വിവരം. 2021ല്‍ പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്റെ മാതൃകയിലായിരിക്കും ത്രിപുരയിലും സഖ്യമുണ്ടാക്കുന്നത്.
    സിപിഎം ഉള്‍പ്പടെ ത്രിപുരയിലെ അഞ്ച് ഇടത് പാര്‍ട്ടികളാണ് കോണ്‍ഗ്രസിനൊപ്പംനിന്ന് ബിജെപിയെ എതിര്‍ക്കാനൊരുങ്ങുന്നത്. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരേ ജാതിയും മതവും രാഷ്ട്രീയ ഭിന്നതകളും മറന്ന് ഒരുമിച്ചു മുന്നോട്ട് വരണമെന്ന് ആറു കക്ഷികളും സംയുക്തമായി കഴിഞ്ഞ ദിവസം ത്രിപുരയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
    ഇടതു കക്ഷികളുമായി സഖ്യമുണ്ടാക്കുമെന്നു തന്നെയാണ് ത്രിപുരയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് അജോയ് കുമാറും പറഞ്ഞത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ഒന്നിക്കുകയാണ് ലക്ഷ്യം. ത്രിപുരയിലെ ജനങ്ങളും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഒരുമിച്ചു പൊരുതും. ബിജെപിയുടെയും സഖ്യകക്ഷികളുടെയും ദുര്‍ഭരണത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ വശംകെട്ടു. അവര്‍ ഒരു മാറ്റത്തിന് വേണ്ടിയുള്ള പ്രതീക്ഷയിലാണെന്നും അജോയ് കുമാര്‍ പറഞ്ഞു.
    ബിജെപി ഭരണത്തില്‍ വന്നതിന് ശേഷം ത്രിപുരയില്‍ ക്രമസമാധാന നില പാടേ തര്‍ന്നിരിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞത്. തെരഞ്ഞെടുപ്പിന് മുന്‍പായി ബിജെപിയെ നേരിടാന്‍ അനുയോജ്യമായ ഒരു അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ടെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.
    കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ സമാപിച്ച സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും ത്രിപുരയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന്് ബിജെപിയെ നേരിടുന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു. ജനുവരിയില്‍ ത്രിപുരയില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കുമെന്നാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.
    എന്നാല്‍, തങ്ങള്‍ക്കെതിരേ രൂപീകരിച്ചു വരുന്ന പ്രതിപക്ഷ ഐക്യത്തെ ബിജെപി നിസാരമട്ടില്‍ തള്ളിക്കളയുന്ന തരത്തിലാണ് പ്രതികരിച്ചത്. പശ്ചിമ ബംഗാളിലെ പോലെ തന്നെ ത്രിപുരയിലെ ജനങ്ങളും ഈ സഖ്യത്തെ തള്ളിക്കളയുമെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞത്. ത്രിപുരയിലെ ട്രൈബല്‍ സ്വയംഭരണ സമിതിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും വളരെ മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇതു തന്നെ നിയമസഭ തെരഞ്ഞെടുപ്പിലും സംഭവിക്കുമെന്നും മണിക് സാഹ പറഞ്ഞു.

 

Latest News