പെണ്‍കുട്ടിയും കാമുകനും അമ്മയെ ക്രൂരമായി കൊലപ്പെടുത്തി ഒളിച്ചോടി, പോലീസ് പിടികൂടി

താനെ :  മഹാരാഷ്ട്രയിലെ താനെയില്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് 17കാരിയായ പെണ്‍കുട്ടിയും  22കാരനായ കാമുകനും അമ്മയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഒളിച്ചോടിയ ഇരുവരെയും പോലീസ് പിടികൂടി. താനെ മുംബ്രയിലാണ് സംഭവം. 37 കാരിയായ സബ ഹാഷ്മിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം പെണ്‍കുട്ടിയും കാമുകനും ഒളിച്ചോടിയെങ്കിലും വ്യാഴാഴ്ച വൈകീട്ട് ഹാജി മലംഗില്‍ നിന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. സബ ഹാഷ്മി തന്റെ മൂന്ന് പെണ്‍മക്കളോടൊപ്പം മുംബ്രയിലെ അമൃത് നഗര്‍ പ്രദേശത്താണ് താമസിച്ചിരുന്നത്. മയക്കുമരുന്ന് കേസില്‍പ്പെട്ട ഭര്‍ത്താവ് രണ്ടുവര്‍ഷമായി ജയിലിലാണ്.
വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്താണ് ഉപജീവനത്തിനായി ഇവര്‍ പണം കണ്ടെത്തുന്നത്. ഇതിനിടെ  അയല്‍വാസിയായ യുവാവുമായി മകള്‍ സൗഹൃദത്തിലായി. എന്നാല്‍ ബന്ധത്തെ സബ ഹാഷ്മി എതിര്‍ത്തു. യുവാവ് ഇടയ്ക്കിടെ ഹാഷ്മിയുടെ വീട്ടില്‍ രാത്രി തങ്ങിയിരുന്നു. കൊലപാതകത്തിന്റെ തലേദിവസം രാത്രി കാമുകനും ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം ഫോണുകള്‍ ഓഫാക്കി ഇരുവരും കല്യാണിന് അടുത്തുള്ള ഹാജി മലംഗിന്റെ മുങ്ങി.
സബയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതോടെയാണ് ബന്ധുക്കള്‍ പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സബയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബന്ധുവിന്റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

 

Latest News