വിവാഹത്തലേന്ന് നാട്ടുകാരും ബന്ധുക്കളും പണം നിക്ഷേപിച്ച പെട്ടിയുമായി കള്ളന്‍ മുങ്ങി

കോഴിക്കോട് : കൊയിലാണ്ടിയില്‍ വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ ഗാനമേളയ്ക്കിടയില്‍ പണപ്പെട്ടിയുമായി കള്ളന്‍ മുങ്ങി. കൊയിലാണ്ടി മുചുകുന്നിലെ കിള്ളവയല്‍ ജയേഷിന്റെ വിവാഹത്തിനിടെയാണ് മോഷണം നടന്നത്. വിവാഹത്തലേന്ന് നടന്ന ചായസത്കാരത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും നല്‍കിയ പണം നിക്ഷേപിച്ച പെട്ടിയാണ് മോഷ്ടിച്ചത്.
സത്കാരത്തില്‍ പങ്കെടുത്ത നൂറ് കണക്കിന് പേര്‍ പണം അടങ്ങിയ കവര്‍ വീട്ടുമുറ്റത്തെ പെട്ടിയില്‍ നിക്ഷേപിച്ചിരുന്നു. രാത്രി ഗാനമേളയ്ക്കിടെയാണ് കള്ളന്‍ പണപ്പെട്ടിയുമായി കടന്നു കളഞ്ഞതെന്നാണ് സംശയം. അര്‍ധരാത്രിയാണ് പണപ്പെട്ടി കാണാനില്ലെന്ന കാര്യം ജയേഷ് ശ്രദ്ധിച്ചത്. ഇതോടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിവരം അറിയിച്ചു.വീട് മുഴുവന്‍ പരിശോധിച്ചിട്ടും പെട്ടി കണ്ടെത്താനായില്ല. പിന്നീട് സമീപത്തെ ആള്‍താമസമില്ലാത്ത വീടിനടുത്തു നിന്ന് കുത്തിത്തുറന്ന നിലയില്‍ പെട്ടി ലഭിച്ചു. പെട്ടിയിലെ കവറുകളില്‍ നിന്ന് പണം എടുത്ത് കവറുകള്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കുറച്ചു പണം അടങ്ങിയ കവര്‍ പെട്ടിക്ക് സമീപം തന്നെ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ജയേഷിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് ഇന്‍സ്പക്ടര്‍ എം.എന്‍.അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News