തിരുവനന്തപുരം പി. ജയരാജനെതിരായ സാമ്പത്തികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ നിര്‍ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച ആരോപണത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കും.
അനാരോഗ്യത്തിന്റെ പേരില്‍ രണ്ടുമാസമായി വിട്ടുനില്‍ക്കുന്ന ഇ.പി.യും യോഗത്തില്‍ പങ്കെടുക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാര്‍ട്ടിക്കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചേക്കും.
മുമ്പ് കണ്ണൂര്‍ ജില്ലാസെക്രട്ടേറിയറ്റ് തള്ളിയ ആരോപണം പി. ജയരാജന്‍ സംസ്ഥാനസമിതിയില്‍ ആവര്‍ത്തിച്ചെന്നാണ് വിവാദമുയര്‍ന്നപ്പോള്‍ ഇ.പി. അനുകൂലികള്‍ ഉന്നയിച്ചവാദം. ഇപ്പോഴത്തെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അവര്‍ കരുതുന്നു. ഗൂഢാലോചന ഉന്നയിച്ച് സെക്രട്ടേറിയറ്റില്‍ ഇ.പി. തുറന്നടിച്ചാല്‍ പാര്‍ട്ടിയില്‍ മറ്റൊരു പോരിനു വഴിവെക്കും. പ്രശ്നം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതിനാല്‍ പൊട്ടിത്തെറി ഒഴിവാക്കാനാവും സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം.
ആരോപണമുന്നയിച്ച പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിക്ക് പരാതി എഴുതിനല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രേഖാമൂലം പരാതിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് കാര്യമായി നടപടിയുമെടുക്കാനാവില്ല.