ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ സൗദി പ്രവാസിയുടെ മകന് ദാരുണാന്ത്യം

തൃശൂര്‍- നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ കാല്‍വഴുതി ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി വടൂക്കര എസ്.എന്‍.നഗറില്‍ താമസിക്കുന്ന തെക്കേക്കര ഷാജുവിന്റെ മകന്‍ സനു ടി ഷാജു(27)വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അപകടം.
എറണാകുളത്ത് ഷിപ്പിംഗ് കമ്പനിയില്‍ ജീവനക്കാരനായ സനു ജോലിക്കു പോകാനായി ട്രെയിനില്‍ കയറാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ചെങ്കിലും പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഒരു മാസം മുമ്പാണ്  എംബിഎ കഴിഞ്ഞ സനു എറണാകുളത്തെ കോസ്റ്റ് എന്ന കമ്പനിയില്‍ ചേര്‍ന്നത്. ദിവസവും തൃശൂരില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്തേക്ക് പോയിവരികയായിരുന്നു. സ്‌റ്റെല്ലയാണ് അമ്മ. മിന്നു സഹോദരിയും.
സംസ്‌കാരം പിതാവ് ഷാജു സൗദിഅറേബ്യയില്‍ നിന്ന് എത്തിയതിന് ശേഷം വടൂക്കര ലിറ്റില്‍ ഫഌര്‍ പള്ളിസെമിത്തേരിയില്‍ നടത്തും.

 

Latest News